നന്ദനം എന്ന ചിത്രത്തിലൂടെ രഞ്ജിത് മലയാളസിനിമക്ക് പരിചയപ്പെടുത്തിയ നടനാണ് പൃഥ്വിരാജ് സുകുമാരന്‍. കരിയറിന്റെ തുടക്കത്തില്‍ തന്റെ നിലപാടുകള്‍ പറഞ്ഞതിന്റെ പേരില്‍ വിമര്‍ശനം നേരിട്ട പൃഥ്വിരാജ് ഇന്ന് മലയാളസിനിമയുടെ മുന്‍നിര നടന്മാരില്‍ ഒരാളാണ്.
അഭിനയത്തിന് പുറമെ സംവിധായകന്‍, ഗായകന്‍, നിര്‍മാതാവ് എന്നീ മേഖലകളിലും പൃഥ്വി തന്റെ കഴിവ് തെളിയിച്ചു. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ആടുജീവിതത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും പൃഥ്വി സ്വന്തമാക്കി.
ഒരു സമയത്ത് ഹ്യൂമർ ചെയ്യുന്നതിൽ വിമർശനം നേരിടേണ്ടി വന്നിട്ടുള്ള നടനാണ് പൃഥ്വിരാജ്. ഓര്‍ഗാനിക്ക് ആയിട്ട് സ്‌ക്രിപ്റ്റിലുള്ള ഹ്യൂമര്‍ മാത്രമേ തനിക്ക് അഭിനയിച്ചു ഫലിപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് പൃഥ്വിരാജ് പറയുന്നത്. ജഗതി ശ്രീകുമാറിനെപോലെ കോമഡി ചെയ്യാനൊന്നും തനിക്കാവില്ലെന്നും എല്ലാ അഭിനേതാക്കളും സംവിധായകരുടെ പരിധിക്കപ്പുറം പോവില്ലെന്നും പൃഥ്വി പറയുന്നു.
‘കോമഡിയുടെ കാര്യത്തില്‍ സ്‌ക്രിപ്റ്റും പിന്നെ ഡയറക്ടറുടെ ക്ലാരിറ്റിയും തന്നെയാണ് പ്രധാനം. എനിക്ക് തോന്നുന്നത് ഓര്‍ഗാനിക്ക് ആയിട്ട് സ്‌ക്രിപ്റ്റിലുള്ള ഹ്യൂമര്‍ മാത്രമേ എനിക്ക് അഭിനയിച്ചു ഫലിപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ്.
അല്ലാതെ മലയാളത്തില്‍ തന്നെ ലെജന്ററി ആയിട്ടുള്ള ആക്ടേഴ്‌സ് ഉണ്ടല്ലോ, ജഗതി ശ്രീകുമാറിനെപ്പോലുള്ളവര്‍. എന്റെ തന്നെ സിനിമകളില്‍ ഒരു നോര്‍മല്‍ സീന്‍ കൊടുത്തിട്ട് അമ്പിളേച്ചേട്ടാ എന്തെങ്കിലും ഒരു സാധനം ഇട്ടോ കേട്ടോ, അവിടെ ഒരു ചിരിവന്നാല്‍ നല്ലതാണെന്ന് പറയുമ്പോള്‍ പുള്ളിക്കാരന്‍ ഒരു സാധനം ചെയ്ത് ചിരിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
എനിക്കത് പറ്റില്ല. എനിക്ക് അതിനുള്ള കഴിവില്ല. സ്‌ക്രിപ്റ്റില്‍ ഓര്‍ഗാനിക്ക് ആയിട്ടുള്ള ഹ്യൂമര്‍ ഉണ്ടാവുക, അതിനേക്കാള്‍ പ്രധാനം അത് എങ്ങനെ കണ്‍സീവ് ചെയ്യണമെന്ന ക്ലാരിറ്റിയുള്ള ഡയറക്ടര്‍ ഉണ്ടാവുക എന്നതാണ്. ഞാന്‍ എല്ലായ്‌പ്പോഴും വിശ്വസിക്കുന്നത് എല്ലാ നടന്മാരും ഡയറക്ടേഴ്‌സ് വെക്കുന്ന ഒരു ലിമിറ്റിനുള്ളില്‍ വര്‍ക്ക് ചെയ്യുന്നവരാണ് എന്നാണ്. ആ ചട്ടക്കൂടിന് പുറത്തേക്ക് പോകാന്‍ ഒരു നടന് സാധിക്കില്ല പോകാന്‍ പാടില്ല,’പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj About Jagathy Sreekumar