| Wednesday, 28th September 2022, 10:26 pm

അന്ന് കാരവാനില്ല, ക്യാമറമാന്റെ അടുത്തുള്ള കസേരയിലിരിക്കും; ആദ്യ നാളുകളെ കുറിച്ച് പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിലെത്തിയ ആദ്യ നാളുകള്‍ തൊട്ട് ഇന്നുവരെ എങ്ങനെയാണ് താന്‍ സിനിമയെ മനസിലാക്കിയതെന്ന് പറയുകയാണ് പൃഥ്വിരാജ്. വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയിലെത്തിയതുകൊണ്ട് സിനിമക്കൊപ്പമായിരുന്നു താന്‍ വളര്‍ന്നതെന്ന് പൃഥ്വിരാജ് പറയുന്നു.

സിനിമയെ കുറിച്ച് സാങ്കേതികമായി വളരെയധികം അറിവുള്ളയാളാണല്ലോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. സൂര്യ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സിനിമയോടൊപ്പമുള്ള തന്റെ ജീവിതയാത്രയെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നത്.

‘സിനിമയുടെ എല്ലാ വശങ്ങളെ കുറിച്ചും എനിക്ക് കൃത്യമായ ധാരണയൊന്നുമില്ല. സിനിമയുടെ ടെക്‌നിക്കല്‍ വശം എന്നതുകൊണ്ട് ഒരു പുതിയ ക്യാമറയെ കുറിച്ചാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍, അതേ കുറിച്ച് എല്ലാം പഠിച്ചുവെച്ചാലും രണ്ടാഴ്ച കഴിഞ്ഞാല്‍ പുതിയ ക്യാമറ വരും.

അതുകൊണ്ട് ഇത് നിരന്തരമായി മാറിക്കൊണ്ടിരിക്കുകയും വളരുകയും ചെയ്യുന്ന ഒരു പ്രോസസാണ്. സിനിമയുടെ ടെക്‌നിക്കല്‍ വശത്തെ കുറിച്ച് അറിവ് നേടുക എന്നത് ഒരു ഹോബിയായി മാത്രമേ കാണാവു. ഒരു നല്ല നടനോ സംവിധായകനോ ആകാനുള്ള ആവശ്യ ഘടകമോ മാനദണ്ഡമോ അല്ല അത്.

ഒരു ക്യാമറയില്‍ എന്ത് ലെന്‍സിട്ടാല്‍ എങ്ങനെ കാണുമെന്ന് നൂറ് ശതമാനവും അറിഞ്ഞിരിക്കേണ്ട കാര്യം ഒരു സംവിധായകനില്ല. ഒരു നല്ല സംവിധായകന് അയാള്‍ പറയാന്‍ ഉദ്ദേശിക്കുന്ന കഥ എങ്ങനെ പറയണമെന്ന ധാരണയുണ്ടായാല്‍ മതി.

ഞാന്‍ ചെറിയ പ്രായത്തില്‍ സിനിമയില്‍ വന്നയാളാണ്. ഒന്നിനു പുറകെ ഒന്നായി സിനിമകള്‍ ചെയ്തുകൊണ്ടുമിരുന്നു. ഇന്നത്തെ കാലത്തേ പോലെയല്ല, ഇന്നൊരു സിനിമ തീര്‍ന്നാല്‍ നാളെ അടുത്ത സിനിമയുടെ സെറ്റില്‍ ജോയിന്‍ ചെയ്യുന്നു എന്ന നിലയിലായിരുന്നു. അങ്ങനെ ജീവിതം മുഴുവന്‍ സിനിമക്കൊപ്പമായിരുന്നു.

ഞാന്‍ സിനിമയിലേക്ക് വന്ന സമയത്ത് കാരവാനൊന്നുമില്ല. ഒരു ഷോട്ട് കഴിഞ്ഞാല്‍ അടുത്ത ഷോട്ടിന് വേണ്ടി ക്യാമറ ട്രൈപോഡില്‍ സെറ്റ് ചെയ്യുന്നതിനടുത്ത് ഒരു കസേരയോ സ്റ്റൂളോ കാണും. അതിലാണ് ഇരിക്കുന്നത്. അങ്ങനെ ഇടക്കുള്ള ബ്രേക്ക് ടൈമുകള്‍ ചെലവഴിക്കുന്നത് മുഴുവന്‍ അവിടെയാണ്.

ഒപ്പമുള്ള അഭിനേതാക്കളും ക്യാമറമാനുമായുമെല്ലാം സംസാരിക്കുന്നത് സിനിമയെ കുറിച്ചായിരുന്നു. അതേ കുറിച്ച് മാത്രമേ സംസാരമുണ്ടായിരുന്നുള്ളു.

അങ്ങനെ ഒരു 17,18 വയസ് മുതല്‍ ഞാന്‍ അറിഞ്ഞതും കേട്ടതും കണ്ടതുമെല്ലാം സിനിമയെ കുറിച്ചാണ്. കുറിച്ച് കഴിഞ്ഞപ്പോള്‍ എനിക്ക് സിനിമയെ കുറിച്ച് കൂടുതല്‍ അറിയണമെന്ന് ആഗ്രഹം തോന്നി.

ഞാന്‍ വളരെ ഭാഗ്യം ചെയ്ത ഒരു യുവനടനായിരുന്നു. കാരണം, വളരെ പ്രതിഭാധനരും പ്രശസ്തരുമായി നിരവധി ടെക്‌നീഷ്യന്‍സിനൊപ്പം വര്‍ക്ക് ചെയ്യാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. എസ്. കുമാര്‍ സാറാണ് ക്യാമറയുടെ ഐ പീസിലൂടെ ഷോട്ട് നോക്കാന്‍ എനിക്ക് ആദ്യം അവസരം തരുന്നത്.

അന്ന് ഫിലിം ക്യാമറയായിരുന്നു. റണ്‍ ചെയ്യുമ്പോള്‍ കണ്ണിന്റെ മുമ്പില്‍ ഒരു ഷട്ടര്‍ അടിച്ചുകൊണ്ടിരിക്കുമെന്ന് അന്നാണ് ഞാന്‍ ആദ്യമായി അറിയുന്നത്. അങ്ങനെ നിരവധി പേരില്‍ നിന്ന് ഞാന്‍ പലതും പഠിച്ചിട്ടുണ്ട്. ഇന്നും പഠിക്കുകയാണ്,’ പൃഥ്വിരാജ് പറയുന്നു.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം, അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡ്, ഷാജി കൈലാസിന്റെ കാപ്പ എന്നിവയാണ് പൃഥ്വിരാജ് നായകാനായി തിയേറ്ററിലെത്താനുള്ള ചിത്രങ്ങള്‍.

Content Highlight: Prithviraj about his starting days in movies and his technical knowledge in films

We use cookies to give you the best possible experience. Learn more