ആടുജീവിതം എന്ന നോവല്‍ സിനിമാരൂപത്തില്‍ കാണാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ ട്രാന്‍സ്‌ഫോര്‍മേഷന്‍ വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. 30 കിലോയോളമാണ് സിനിമക്ക് വേണ്ടി പൃഥ്വി കുറച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാകാന്‍ എഴ് വര്‍ഷത്തോളമെടുത്തു . ബ്ലെസിയാണ് ചിത്രത്തിന്റെ സംവിധായകന്‍.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം പുറത്തിറങ്ങും ഓരോ ഭാഷയിലും വിതരണത്തിനെത്തിക്കുന്നത് വമ്പന്‍ പ്രൊഡക്ഷന്‍ കമ്പനികളാണ്. ആടുജീവിതത്തിന്റെ റിലീസ് അടുത്തുകൊണ്ടിരിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പൃഥ്വിയുടെ പവയ ഇന്റര്‍വ്യൂവിന്റെ ഭാഗം വൈറലായിക്കൊണ്ടിരിക്കുകയാണ്.
20 വര്‍ഷത്തിന് ശേഷം മിനിമം മൂന്ന് ഭാഷയിലെങ്കിലും അറിയപ്പെടുന്ന നടന്‍ ആയിരിക്കണമെന്നും, നല്ല സിനിമകള്‍ പ്രേക്ഷകരിലേക്കെത്തിക്കുന്ന ഒരു പ്രൊഡക്ഷന്‍ ഹൗസ് ആരംഭിക്കണമെന്നും, തനിക്ക് നല്ലതെന്ന് തോന്നുന്ന സബ്ജക്ടുകള്‍ സംവിധാനം ചെയ്യുന്ന സംവിധായകനാകണമെന്നുമാണ് പൃഥ്വി അന്ന് പറഞ്ഞത്. ഇപ്പോള്‍ ആ കാര്യങ്ങളെല്ലാം സാധിച്ചിരിക്കുകയാണ്.
ആടുജീവിതത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ നടത്തിയ പ്രസ് മീറ്റില്‍ ഇനി അടുത്ത 20 വര്‍ഷം കൊണ്ട് എന്തൊക്കയാണ് പൃഥ്വി എന്ന നടന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘ഇപ്പോഴുള്ള പോലെ തന്നെ ഇനിയും മുന്നോട്ട് പോകണം. ഇനിയൊരു 20 വര്‍ഷം കഴിഞ്ഞാലും അന്ന് പറഞ്ഞതുപോലയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കഴിയണം എന്ന് തന്നെയാണ് ആഗ്രഹം. ഇപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ട സിനിമകള്‍ ഇഷ്ടപ്പെട്ട രീതിയില്‍ അഭിനയിക്കാനും, വേണമെങ്കില്‍ നിര്‍മിക്കാനും, സംവിധാനം ചെയ്യാനും വിതരണം ചെയ്യാനും കഴിയുന്നുണ്ടല്ലോ. അതുപോലെ തന്നെ അങ്ങോട്ട് തുടര്‍ന്നു പോവുക എന്ന് മാത്രമേയുള്ളൂ. വേറെ ആഗ്രഹങ്ങള്‍ ഒന്നുമില്ല,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj about his old interview and his dream after 20 years