പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ ജൂലൈ ഏഴിനാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ പൃഥി മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യാനിരിക്കുന്ന എമ്പുരാനെ കുറിച്ച് പറഞ്ഞിരിക്കുകയാണ്.
വിക്രമില്‍ തുടങ്ങിവെച്ച ലോകേഷ് സിനിമാറ്റിക്ക് യൂണിവേഴ്സ് പോലെ പൃഥ്വിരാജ് യൂണിവേഴ്‌സ് പ്രതീക്ഷിക്കാമോ എന്നായിരുന്നു ഒരു മധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്.
‘സിനിമാറ്റിക്ക് യൂണിവേഴ്‌സ് തുടങ്ങാന്‍ എനിക്ക് പ്ലാനില്ല. പക്ഷെ ലുസിഫര്‍ ഒരു മൂന്ന് ഭാഗമുള്ള ചിത്രമാണെന്ന് ആദ്യമേ പറഞ്ഞിരുന്നല്ലോ. ലുസിഫറിന്റെ ലോകം രണ്ടാം ഭാഗത്തില്‍ കൂടുതല്‍ വികസിക്കും. നിങ്ങള്‍ ഒന്നാം ഭഗത്തില്‍ കണ്ട പല കാര്യങ്ങള്‍ക്കും പിന്നില്‍ വലിയ കാരണങ്ങള്‍ ഉണ്ടെന്ന് എമ്പുരാന്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും.
അതിന് ഒരു മൂന്നാം ഭാഗവും ഉണ്ടാകും’ പൃഥി പറയുന്നു. ഇതിനെ നിങ്ങള്‍ക്ക് വേണമെങ്കില്‍ പൃഥ്വിരാജ് സിനിമാറ്റിക്ക് യൂണിവേഴ്സ് (പി.സി.യു) എന്ന് വിളിക്കാമെന്നും പൃഥി കൂട്ടിചേര്‍ക്കുന്നുണ്ട്. വലിയ രീതിയിലുള്ള പ്രൊമോഷനാണ് കടുവക്കായി നടക്കുന്നത്. വിദേശ രാജ്യങ്ങളിലേതുള്‍പ്പെടെയുള്ള നഗരങ്ങളില്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ നടന്നിരുന്നു.
മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് വില്ലന്‍ വേഷത്തില്‍ എത്തുന്ന മലയാള ചിത്രം കൂടിയാണ് കടുവ. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക.
ജൂണ്‍ 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രം പിന്നീട് ജൂലൈ ഏഴിലേക്ക് മാറ്റിവെക്കുകയായിരുന്നു. ‘ചില അപ്രതീക്ഷിത കാരണങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടുന്നതെന്നും സിനിമ ഇനി ജൂലൈ ഏഴിന് റിലീസ് ചെയ്യുമെന്നും’ പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.
ആദം ജോണിന്റെ സംവിധായകനും ‘ലണ്ടന്‍ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്‌സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജേക്ക്‌സ് ബിജോയ് യാണ് കടുവയുടെ സംഗീത സംവിധാനം.
Content Highlight : Prithviraj about His next directional movie Empuran starring Mohanalal