നടന്‍, സംവിധായകന്‍, നിര്‍മാതാവ്, വിതരണക്കാരന്‍ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പൃഥ്വിരാജ് ഇന്നൊരു ബ്രാന്‍ഡാണ്. പൃഥ്വിരാജ് എന്ന നടനും സംവിധായകനും വേണ്ടി അണിനിരക്കാന്‍ നിര്‍മാതാക്കളെല്ലാം തയ്യാറാണ് എന്നതുപോലെ, പൃഥ്വിരാജ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ അഭിനേതാക്കളും കാത്തിരിക്കുകയാണ്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ തന്റെ പേരല്ല ബ്രാന്‍ഡാകുന്നതെന്നും താന്‍ ഇത്ര നാളും ചെയ്ത വര്‍ക്കുകള്‍ക്കാണ് അംഗീകാരം ലഭിക്കുന്നതെന്നും പറയുകയാണ് പൃഥ്വിരാജ്. സൂര്യടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ബ്രാന്‍ഡിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പൃഥ്വി പങ്കുവെക്കുന്നത്.
പൃഥ്വിരാജ് എന്ന പേര് ഒരു ബ്രാന്‍ഡാകുന്ന സ്വപ്‌നം ഏത് പ്രായത്തിലാണ് മനസില്‍ വരുന്നതെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.
‘പേരല്ല ബ്രാന്‍ഡാകുന്നത്. അതൊരു തെറ്റിദ്ധാരണയാണ്. ചെയ്ത വര്‍ക്കുകളാണ് ബ്രാന്‍ഡാകുന്നത്. ഞാന്‍ മാത്രമല്ല ആ സ്ഥാനത്തുള്ളത്. ഇന്‍ഡസ്ട്രിയില്‍ അങ്ങനെയുള്ള കുറച്ച് ആക്ടേഴ്‌സ് കൂടിയുണ്ട്.
ആ സ്ഥാനത്തേക്ക് കൂടുതല്‍ പേര് വരണം. പത്തോ പന്ത്രണ്ടോ പേരെങ്കിലും കൂടി ഇനി വരണം. അവര്‍ ഇഷ്ടപ്പെട്ട് ഒരു സ്‌ക്രിപ്റ്റിന് യെസ് പറഞ്ഞാല്‍ ആ പ്രോജക്ട് നടക്കുമെന്ന നിലയുണ്ടാകണം. അത്തരത്തില്‍ മെയിന്‍ സ്ട്രീം ഹീറോസ് ഒന്നിച്ച് വളരുമ്പോഴാണ് ഒരു ഇന്‍ഡസ്ട്രിയില്‍ വലിയ സിനിമകളുണ്ടാകുന്നത്.
പിന്നെ, എന്റെ കാര്യത്തില്‍ ഇപ്പറയുന്ന സ്ഥാനത്തേക്ക് എപ്പോഴെത്തി, എങ്ങനെയെത്തി എന്നൊക്കെ ചോദിച്ചാല്‍ കൃത്യമായ മറുപടി പറയാനാകില്ല. ഒറ്റ രാത്രി കൊണ്ട് സംഭവക്കുന്നതല്ലല്ലോ ഇതൊന്നും.
നമ്മള്‍ ചെയ്യുന്ന സിനിമകള്‍, അത് ചെലുത്തുന്ന സ്വാധീനം, അതിന് ലഭിക്കുന്ന സ്വീകാര്യത ഇതെല്ലാം ചേര്‍ത്തുചേര്‍ത്ത് വെച്ചാണല്ലോ ഓരോ നടനും സംവിധായകനും ആ ഒരു പൊസിഷനിലേക്ക് എത്തുന്നത്. ഒരുപാട് വര്‍ഷക്കാലത്തെ പ്രയത്‌നവും ഭാഗ്യവുമെല്ലാം ചേര്‍ന്നാണ് അവിടെ എത്തിപ്പെടുന്നത്.
ഇനിയാണ് ശരിക്കും ഹാര്‍ഡ് വര്‍ക്ക് തുടങ്ങുന്നത്. എത്തിയ ഈ സ്ഥാനത്ത് നിന്നും ഒരിക്കലും മാറാതിരിക്കാനുള്ള ശ്രമമാണത്. ഞാന്‍ എപ്പോഴും പറയാറുള്ളത് പോലെ, ഒരു ലക്ഷ്യത്തിലേക്ക് എത്തിച്ചേരലല്ല, ഒരു നല്ല യാത്ര നടത്താനാകുക എന്നതാണ് സിനിമ,’ പൃഥ്വിരാജ് പറയുന്നു.
പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തിയ ജന ഗണ മന, കടുവ എന്നീ ചിത്രങ്ങള്‍ തിയേറ്ററില്‍ വലിയ വിജയം നേടിയിരുന്നു. ഡിജോ ജോസ് ആന്റണിയും ഷാജി കൈലാസുമായിരുന്നു ഈ ചിത്രങ്ങള്‍ സംവിധാനം ചെയ്തത്.
ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം, അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡ്, ഷാജി കൈലാസിന്റെ കാപ്പ എന്നിവയാണ് പൃഥ്വിരാജ് നായകാനായി തിയേറ്ററിലെത്താനുള്ള ചിത്രങ്ങള്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയും പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.
Content Highlight: Prithviraj about his name being a brand and his position in the industry