| Saturday, 23rd March 2024, 8:07 pm

സിനിമക്ക് വേണ്ടി യഥാര്‍ത്ഥ നഖം വളര്‍ത്താന്‍ ആലോചിച്ചതാണ്, പക്ഷേ ആ തീരുമാനം മാറ്റാന്‍ കാരണം അതാണ്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിച്ച നോവലുകളിലൊന്ന് സിനിമാരൂപത്തില്‍ വരുമ്പോള്‍ അതിന് പിന്നില്‍ ബ്ലെസി എന്ന സംവിധായകന്റെയും പൃഥ്വിരാജ് എന്ന നടന്റെയും സമര്‍പ്പണമുണ്ട്. 16 വര്‍ഷത്തോളം ഈയൊരൊറ്റ സിനിമക്കായി ബ്ലെസി മാറ്റിവെച്ചു. 30 കിലോയോളം കുറച്ചാണ് പൃഥ്വി ഈ ചിത്രത്തില്‍ അഭിനയിച്ചത്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ നജീബ് എന്ന കഥാപാത്രത്തിനായി നഖം വളര്‍ത്താന്‍ ആലോചിച്ചിരുന്നെന്നും എന്നാല്‍ ആ തീരുമാനം പിന്നീട് മാറ്റുകയായിരുന്നുവെന്നും പൃഥ്വി പറഞ്ഞു. ട്രെയ്‌ലറില്‍ കാണിച്ച നഖം ഒറിജിനലാണോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

‘അത് ഒറിജിനല്‍ അല്ല. ഒറിജിനല്‍ വളര്‍ത്താമെന്ന് ഞാന്‍ പറഞ്ഞതായിരുന്നു. അങ്ങനെ വളര്‍ത്തിയാലുള്ള ഇഷ്യൂ എന്താണെന്ന് വെച്ചാല്‍, നമ്മള്‍ ഒരു സീനെടുത്തു. അടുത്ത സീനിന്റെ ഇടയില്‍ ഇതെങ്ങാനും പൊട്ടിപ്പോയാല്‍ കണ്ടിന്യൂവിറ്റി പോവും.

അതുകൊണ്ട് കൃത്യം കണ്ടിന്യൂവിറ്റിയില്‍ ഷൂട്ട് ചെയ്യാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്. പ്ലാസ്റ്റിക്ക് ആണെന്ന് തോന്നിക്കുന്ന ഒരു മെറ്റീരിയലായിരുന്നു അതുണ്ടാക്കിയത്. അത് ഒരു പ്രത്യേക പശ വെച്ചിട്ട് നഖത്തിന്റെ താഴെ സ്‌കിന്നിനോട് ചേര്‍ന്നിട്ടുള്ള ഭാഗത്ത് ഒട്ടിക്കും. ഭയങ്കര വേദനയാണ് അത് പറിച്ചെടുക്കുമ്പോള്‍.

നഖത്തില്‍ ഒട്ടിച്ചാല്‍ ക്ലോസപ്പ് ഷോട്ടിലൊക്കെ അത് ഒട്ടിച്ചുവെച്ചതാണെന്ന് അറിയും. അതുകൊണ്ടാണ് സ്‌കിന്നിനോട് ചേര്‍ത്ത് ഒട്ടിക്കുന്നത്. അത് ഒട്ടിച്ചതിന് ശേഷം അതിന്റെ മുകളില്‍ കൂടെ രഞ്ജിത് സ്‌കിന്നിന്റെ ഒരു ലെയര്‍ മേക്കപ്പ് ചെയ്ത് വെക്കും.

രാവിലെ ഒന്നര മണിക്കൂര്‍ ഇരുന്നാണ് മേക്കപ്പ് കംപ്ലീറ്റാക്കുന്നത്. വൈകുന്നേരം അത് അഴിക്കാന്‍ വേറെ രണ്ട് മണിക്കൂര്‍ എടുക്കാറുണ്ട്. മേക്കപ്പ് ഇടുന്നതിന്റെയും അഴിക്കുന്നതിന്റെയും വീഡിയോസ് എടുത്തുിട്ടുണ്ട്. വരുമോ എന്ന് എനിക്കറിയില്ല,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj about his make up in Aadujeevitham

We use cookies to give you the best possible experience. Learn more