| Monday, 11th March 2024, 9:16 pm

യഥാർത്ഥ നജീബിനെ ഞാൻ കാണുന്നത് അപ്പോഴാണ്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആടുജീവിതം സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞതിന് ശേഷമാണ് താൻ യഥാർത്ഥ നജീബിനെ കണ്ടതെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ. തങ്ങൾ പരസ്പരം സംസാരിക്കുന്നത് ഷൂട്ട് ചെയ്തിട്ടുണ്ടെന്നും അത് ഉടനെ റിലീസ് ചെയ്യുമെന്നും പൃഥ്വിരാജ് പറയുന്നുണ്ട്. തങ്ങൾ ഒരുപാട് കാര്യങ്ങൾ സംസാരിച്ചെന്നും പൃഥ്വിരാജ് പറിഞ്ഞു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ആട്ജീവിതത്തിന്റെ ഏറ്റവും ലാസ്റ്റ് ഷോട്ട് എടുത്ത്, ഫിലിം പാക്കപ്പ് എന്ന് പറഞ്ഞതിനുശേഷമാണ് റിയൽ നജീബും റീൽ നജീബും ആദ്യമായി സംസാരിക്കുന്നത്. ആ സംസാരം ഞങ്ങൾ ഷൂട്ട് ചെയ്തിട്ടുണ്ട്. അത് ഉടനെ റിലീസ് ചെയ്യുന്നുണ്ട്. എനിക്ക് ഏറ്റവും സന്തോഷം തോന്നിയ കാര്യങ്ങൾ നിങ്ങൾ കാണാത്ത കാര്യങ്ങൾ ഞങ്ങൾ പേഴ്സണൽ സംസാരിക്കുമല്ലോ അതിലെ ഒരു കാര്യമാണ്.

ഞാൻ നജീബിക്കയെ കണ്ടപ്പോൾ ചോദിച്ച ഒന്ന് രണ്ട് ചോദ്യങ്ങളുണ്ട്. ആ സമയത്ത് ഞാൻ ഇങ്ങനെ ആയിരുന്നു ചെയ്തത് ശരിക്കും അതായിരുന്നോ എന്ന് ചോദിച്ചു. അങ്ങനെയാണ് അത് കറക്റ്റ് എന്നാണ് എന്നോട് പറഞ്ഞത്. എനിക്ക് നല്ല സന്തോഷം തോന്നിയ കാര്യമാണ്. അത് എന്റെ ക്രെഡിറ്റ് അല്ല. ബ്ലെസി ചേട്ടൻ ഇമാജിൻ ചെയ്തതും നജീബും എന്ന വ്യക്തി ആ സമയത്ത് അനുഭവിച്ച യാതനകളും സിമിലർ ആയത് ഫിലിം മേക്കറുടെ ക്രെഡിറ്റാണ്,’ പൃഥ്വിരാജ് പറഞ്ഞു.

മലയാള സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. മലയാളത്തില്‍ വലിയ സ്വീകാര്യത നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഭൂരിഭാഗം മലയാളികളും വായിച്ചുതീര്‍ത്ത നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരത്തിനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.

ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ഓസ്‌കാര്‍ ജേസാവ് എ.ആര്‍. റഹ്‌മാനാണ്. യോദ്ധക്ക് ശേഷം റഹ്‌മാന്‍ കമ്മിറ്റ് ചെയ്ത ചിത്രം കൂടിയാണ് ആടുജീവിതം. പൃഥ്വിരാജിനെക്കൂടാതെ അമല പോള്‍, ജിമ്മി ജീന്‍ ലൂയിസ് എന്നിവരാണ് മറ്റ് താരങ്ങള്‍. വിഷ്വല്‍ റൊമാന്‍സ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങും. മാര്‍ച്ച് 28ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Prithviraj about his first meeting with najeeb

We use cookies to give you the best possible experience. Learn more