മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ച നടനാണ് പൃഥ്വിരാജ് സുകുമാരന്‍. 22 വര്‍ഷത്തെ കരിയറില്‍ 100ലധികം ചിത്രങ്ങളില്‍ പൃഥ്വി ഭാഗമായിട്ടുണ്ട്. അഭിനയത്തിന് പുറമെ സംവിധാനം, നിര്‍മാണം, ഗായകന്‍ എന്നീ മേഖലകളില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ പൃഥ്വിക്ക് സാധിച്ചിട്ടുണ്ട്.
ഒരു ഓപ്പറേറ്റിങ് ക്യാമറമാന്‍ എന്ന നിലയില്‍ ഒരു ഷോട്ടെടുക്കാന്‍ ആദ്യമായി അവസരം നൽകിയത് സന്തോഷ് ശിവനാണെന്ന് പറയുകയാണ് പൃഥ്വിരാജ്. ഉറുമി സിനിമയുടെ ലൊക്കേഷനിൽ വെച്ചായിരുന്നു അതെന്നും ക്യാമറ റണ്‍ ചെയ്യുമ്പോള്‍ കണ്ണിന്റെ മുമ്പില്‍ ഷട്ടര്‍ അടിച്ചുകൊണ്ടിരിക്കുമെന്ന് അന്നാണ് മനസിലായതെന്നും പൃഥ്വിരാജ് പറഞ്ഞു. ജിമ്മിജിബ് എന്ന ഉപകരണത്തെ ക്രീയേറ്റീവായി എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കുന്നത് അമൽ നീരദിനൊപ്പം അൻവർ എന്ന സിനിമ ചെയ്യുമ്പോഴാണെന്നും പൃഥ്വിരാജ് പറഞ്ഞു.
‘ക്യാമറ റണ്‍ ചെയ്യുന്ന സമയത്ത് ഐ പീസിലൂടെ നോക്കാന്‍ എന്നെ ആദ്യം സമ്മതിക്കുന്നത് എസ്. കുമാര്‍ സാറാണ്. അന്ന് ഫിലിം ക്യാമറയായിരുന്നു ഉണ്ടായിരുന്നത്. ആ ക്യാമറ റണ്‍ ചെയ്യുമ്പോള്‍ കണ്ണിന്റെ മുമ്പില്‍ ഷട്ടര്‍ അടിച്ചുകൊണ്ടിരിക്കുമെന്ന് ഞാന്‍ മനസിലാക്കുന്നത് അന്നാണ്. ഷോട്ടിന്റെ സമയത്ത് ക്യാമറ ഓണ്‍ ചെയ്ത ശേഷം കുമാരേട്ടന്‍ ‘ഞാന്‍ ലൈവായി കണ്ടോളാം, രാജു ഐ പീസിലൂടെ നോക്കിക്കോളൂ’ എന്ന് പറയുകയായിരുന്നു.
എന്നാല്‍ ഒരു ഓപ്പറേറ്റിങ് ക്യാമറമാന്‍ എന്ന നിലയില്‍ ഒരു ഷോട്ടെടുക്കാന്‍ അവസരം നല്‍കുന്നത് സന്തോഷേട്ടനാണ് (സന്തോഷ് ശിവന്‍). ‘ഉറുമി’ക്ക് വേണ്ടി ക്യാമറ ഓപ്പറേറ്റ് ചെയ്തോളാന്‍ അദ്ദേഹം എന്നോട് പറയുകയായിരുന്നു. അതുപോലെ, അമലിന്റെ കൂടെ ‘അന്‍വര്‍’ സിനിമ ചെയ്തപ്പോള്‍ എനിക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായിരുന്നു. ജിമ്മിജിബ് എന്ന ഉപകരണത്തെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ കഴിഞ്ഞതും അവിടെ വെച്ചാണ്.
അതുവരെ എന്റെ സിനിമകളില്‍ പാട്ടിന് വേണ്ടിയുള്ള സീനുകളിലും ഫൈറ്റിനുമൊക്കെ ജിമ്മിജിബ് കൊണ്ടുവരുന്ന ഉപകരണമെന്നേ എനിക്ക് ജിമ്മിജിബിനെ കുറിച്ച് അറിയുമായിരുന്നുള്ളു. എന്നാല്‍ ആ ഉപകരണത്തെ ക്രിയേറ്റീവായി ഉപയോഗിച്ച് ഒരു സീനെങ്ങനെ സ്റ്റേജ് ചെയ്യാമെന്ന് പഠിക്കാന്‍ കഴിഞ്ഞത് അമലിനൊപ്പം വര്‍ക്ക് ചെയ്തപ്പോഴാണ്.
അഞ്ജലിക്കൊപ്പവും ലിജോയ്‌ക്കൊപ്പവും സിനിമ ചെയ്തപ്പോഴും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞിരുന്നു. എനിക്ക് അറിയാനും പഠിക്കാനും താത്പര്യമുണ്ടെന്ന് പറഞ്ഞ് അവര്‍ എനിക്ക് അവസരങ്ങള്‍ നല്‍കുകയായിരുന്നു. അങ്ങനെ ഒപ്പം വര്‍ക്ക് ചെയ്തവരില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ എനിക്ക് പഠിക്കാനായി,’ പൃഥ്വിരാജ് പറയുന്നു.