ഡ്രൈവിങ് ലൈസന്‍സിന് ശേഷം പൃഥ്വിരാജ്- സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടിലൊരുങ്ങുന്ന ഡിജോ ജോസ് ആന്റണി ചിത്രം ജന ഗണ മന വലിയ പ്രതീക്ഷയാണ് ട്രെയ്‌ലറിലൂടെ നല്‍കുന്നത്. ജന ഗണ മനയിലെ തന്റെ കഥാപാത്രം നല്‍കുന്ന പ്രതീക്ഷയെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പരിപാടിക്കിടെ പൃഥ്വിരാജ്.
സാധാരണ ഒരു 100, 110 സിനിമയൊക്കെ അഭിനയിച്ച് കഴിഞ്ഞാല്‍ പിന്നെ, ഇതിന് മുമ്പ് ചെയ്തിട്ടില്ലാത്ത കഥാപാത്രം, എന്നൊക്കെ പറയുന്നത് പലപ്പോഴും വെറും ഭംഗിവാക്കായിരിക്കുമെന്നും എന്നാല്‍ ജന ഗണ മനയിലേത് ഇതിന് മുമ്പ് ചെയ്തിട്ടില്ലാത്ത കഥാപാത്രമാണെന്ന് 100 ശതമാനം കോണ്‍ഫിഡന്‍സോടെ പറയാന്‍ സാധിക്കുമെന്നുമാണ് താരം പറയുന്നത്.
”2020 ഒക്ടോബര്‍ മാസം ഷൂട്ടിങ് തുടങ്ങിയ സിനിമ, ഒരുപാട് തടസങ്ങള്‍ നേരിട്ട്, 2022 ജനുവരിയിലാണ് ഷൂട്ടിങ് തീരുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറില്‍ ഞങ്ങള്‍ ഇതുവരെ ചെയ്തിട്ടുള്ളതില്‍ ഏറ്റവും വലിയ സിനിമയാണ് ജന ഗണ മന.
വലുത് എന്ന് പറയുന്നത് സിനിമയുടെ ബഡ്ജറ്റോ, ക്യാന്‍വാസോ കൊണ്ട് മാത്രമല്ല. ഈ സിനിമ സംസാരിക്കുന്ന വിഷയം വളരെ വലുതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ജന ഗണ മന ഒരു കൊമേഷ്യല്‍ എന്റര്‍ടെയിനാറാണ്. പക്ഷെ അതിനോടൊപ്പം നിങ്ങളെ ചിന്തിപ്പിക്കുന്ന കുറച്ചധികം ചോദ്യങ്ങള്‍ ചോദിക്കുന്ന സിനിമ കൂടിയാണ്.
ഒരു നിര്‍മാതാവെന്ന നിലയില്‍ എനിക്ക് അങ്ങേയറ്റം അഭിമാനമുണ്ട് ഈ സിനിമയുടെ പിന്നില്‍ നില്‍ക്കാന്‍ സാധിച്ചതില്‍. അതിനേക്കാള്‍ സന്തോഷമുണ്ട് ഒരു നടനെന്ന രീതിയില്‍ ഭാഗമായതില്‍.
ഒരു 100, 110 സിനിമയൊക്കെ അഭിനയിച്ച് കഴിയുമ്പോള്‍, ഇതിന് മുമ്പ് ചെയ്തിട്ടില്ലാത്ത കഥാപാത്രം, എന്നൊക്കെ പറയുന്നത് പലപ്പോഴും വെറും ഭംഗിവാക്കായിരിക്കും.
പക്ഷെ, ഈ സിനിമയില്‍ എനിക്ക് 100 ശതമാനം കോണ്‍ഫിഡന്‍സോടെ പറയാന്‍ പറ്റും ഞാന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലാത്ത കഥാപാത്രമാണ് ഷാരിസും ഡിജോയും കൂടെ എനിക്ക് തന്നത്. ഞാന്‍ ഈ സിനിമയില്‍ പൂര്‍ണ സംതൃപ്തനാണ്. ഇതിന്റെ ഫൈനല്‍ പ്രൊഡക്ടില്‍ പൂര്‍ണ സംതൃപ്തനാണ്,” താരം പറഞ്ഞു.
ക്വീന്‍ എന്ന സിനിമയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജന ഗണ മന.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നത്. സിനിമയുടെ സെക്കന്റ് പാര്‍ട്ടിലെ സീനുകള്‍ വെച്ചാണ് ഈ ഭാഗത്തിന്റെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം പൃഥ്വിരാജ് പറഞ്ഞിരുന്നു.
ടീസര്‍ പുറത്ത് വന്നപ്പോഴുള്ളത് പോലെ തന്നെ വ്യക്തമായ രാഷ്ട്രീയമാണ് ട്രെയിലറിലും പറയുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‌സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷാരിസ് മുഹമ്മദ് തിരക്കഥ രചിച്ചിരിക്കുന്ന സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തത് സുദീപ് ഇളമണ്‍ ആണ്. സംഗീതം ജേക്‌സ് ബിജോയ്.
Content Highlight: Prithviraj about his character in Jana Gana Mana