നായകന്‍ ആയി മാത്രമേ അഭിനയിക്കൂ എന്ന് ഒരു കാലത്തും താന്‍ വാശിപിടിച്ചിട്ടില്ലെന്നും മറ്റ് താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമകളില്‍ അഭിനയിക്കാന്‍ ഒരു കാലത്തും മടിയുണ്ടായിരുന്നില്ലെന്നും പറയുകയാണ് നടന്‍ പൃഥ്വിരാജ്.
ഒരു താരമെന്ന നിലയില്‍ അത്തരത്തില്‍ ചെറിയ കഥാപാത്രങ്ങള്‍ ചെയ്യുന്നത് തിരിച്ചടിയാകുമെന്ന് തന്നോട് ചിലര്‍ പറഞ്ഞിരുന്നെന്നും എന്നാല്‍ ആ രീതിയില്‍ ചിന്തിക്കാന്‍ തനിക്കാവുമായിരുന്നില്ലെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. ഗലാട്ട ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വി.
‘ മലയാള സിനിമയിലെ മഹാരഥന്മാര്‍ വെട്ടിയ വഴിയിലൂടെ മുന്നോട്ടു നടന്ന ഒരു വ്യക്തിമാത്രമാണ് ഞാന്‍. സത്യന്‍മാഷ്-പ്രേം നസീര്‍ തുടങ്ങി മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങി മലയാളത്തിലെ അഭിനയചക്രവര്‍ത്തിമാര്‍ സിനിമയ്ക്ക് വേണ്ടി നടത്തിയ സമര്‍പ്പണമുണ്ട്. ഇന്നും അവര്‍ അത് ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള എത്രയോ വലിയ നടന്മാര്‍ വെട്ടിയ വഴി പിന്തുടരാന്‍ ശ്രമിക്കുന്ന ഒരാള്‍ മാത്രമാണ് ഞാന്‍.
സ്റ്റാര്‍ എന്നാല്‍ ഇന്ന ഇന്ന കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യാവൂ എന്ന സോ കോള്‍ഡ് ചിന്തയില്‍ കുടങ്ങിക്കിടക്കുന്ന ഓഡിയന്‍സല്ല ഭാഗ്യവശാല്‍ മലയാളത്തിലുള്ളത്.
എനിക്കോര്‍മ്മയുണ്ട് എന്റെ കരിയറിന്റെ തുടക്കം മുതല്‍ തലപ്പാവ്, അച്ഛനുറങ്ങാത്ത വീട് പോലുള്ള സിനിമകള്‍ ഞാന്‍ ചെയ്തിരുന്നു. ഞാനായിരുന്നില്ല ആ സിനിമകളിലെ മെയിന്‍ ലീഡ്. ഞാന്‍ ഒരു കഥാപാത്രം മാത്രമായിരുന്നു.
ആ സമയത്തും ചിലര്‍ എന്നോട് പറഞ്ഞിട്ടുണ്ട് നിങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്ന്. കരിയറിലെ ഇത്തരമൊരു സമയത്ത് ഇങ്ങനെ ചെറിയ വേഷങ്ങള്‍ ചെയ്താല്‍ അത് നിങ്ങളുടെ കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞു. എന്നാല്‍ ഞാന്‍ ആ രീതിയില്‍ ചിന്തിച്ചിട്ടില്ല. എന്നെ സംബന്ധിച്ച് ആ സിനിമയ്ക്കാണ് പ്രധാന്യം. അതില്‍ നിങ്ങള്‍ എന്തുചെയ്യുന്നു എന്നത് സെക്കന്ററിയാണ്.
കുരുതി എന്നൊരു സിനിമ ഞാന്‍ കൊവിഡ് സമയത്ത് ചെയ്തിരുന്നു. എന്നോട് ആ സിനിമയിലെ ലീഡ് റോള്‍ ചെയ്യാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ലീഡ് റോള്‍ ചെയ്യുന്നില്ലെന്നും വില്ലന്‍ റോള്‍ ചെയ്യാമെന്നും അവരെ കണ്‍വിന്‍സ് ചെയ്യാന്‍ എനിക്ക് ഒരു മാസം വേണ്ടി വന്നു. അങ്ങനെ റോഷന്‍ മാത്യുവിനെ ആ സിനിമയില്‍ നായകനാക്കി.
മലയാളം സിനിമയില്‍ അത്തരമൊരു ട്രെന്റ് നേരത്തെ തന്നെയുണ്ട്. കമല്‍ഹാസന്‍ സാര്‍ ഡെയ്‌സി പോലുള്ള സിനിമ ചെയ്തത് മലയാളത്തിലാണ്.
ഒരു സക്‌സസ് ഫുള്‍ സിനിമയുടെ ഭാഗമാകുക എന്നതായിരിക്കും ഒരു സിനിമയില്‍ നമ്മള്‍ ലീഡ് കഥാപാത്രം ചെയ്യുന്നതിനേക്കാള്‍ ഗുണം ചെയ്യുക. ഒരു നല്ല സിനിമ എക്കാലവും ഓര്‍മ്മിക്കപ്പെടും. പക്ഷേ ഒരു വലിയ കഥാപാത്രം അത്തരത്തില്‍ ഓര്‍മിക്കപ്പെടണമെന്നില്ല,’ പൃഥ്വി പറഞ്ഞു.
Content Highlight: Prithviraj about his career starting time and the characters he choose