നടന്‍, ഗായകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ച നടനാണ് പൃഥ്വിരാജ് സുകുമാരന്‍. രഞ്ജിത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ സിനിമാജീവിതം തുടങ്ങിയ പൃഥ്വിരാജ് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. ആടുജീവിതത്തിലെ അഭിനയത്തിന് കരിയറിലെ മൂന്നാമത്തെ സംസ്ഥാന അവാര്‍ഡും പൃഥ്വി സ്വന്തമാക്കി.
താൻ അഭിനയിച്ച എസ്ര എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. എസ്ര ക്ലാസിക് ഹൊറര്‍ സിനിമയുടെ ഏറ്റവും മികച്ച ഉദാഹരണമാണെന്നും എന്നാല്‍ അതിലെ പല ഘടകങ്ങളും ക്ലീഷേ ആയിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. സിനിമയുടെ ഫ്‌ളാഷ് ബാക്കാണ് വ്യത്യസ്തമായതെന്നും അതില്‍ തനിക്ക് താത്പര്യം തോന്നിയെന്നും ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ക്ലാസിക് ഹൊറര്‍ സിനിമയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് എസ്ര. നവ ദമ്പതികള്‍ കൊച്ചിയിലേക്ക് വരുന്നു. കൊച്ചിയില്‍ അത്രയും വീടുണ്ടായിരുന്നിട്ടും ഫോര്‍ട്ട് കൊച്ചിയിലെ പഴയ ബംഗ്ലാവില്‍ വന്ന് അവര്‍ താമസിക്കുന്നു. 20000 സ്‌ക്വയര്‍ ഫീറ്റ് വരുന്ന ബംഗ്ലാവില്‍ അവര്‍ രണ്ട് പേരും മാത്രമേയുള്ളൂ. അതാണെങ്കില്‍ ഒരു സിനഗോഗിനടുത്താണ്.
നായിക ഷോപ്പിങ്ങിന് പോകുമ്പോള്‍ സാധാരണ കടയിലൊന്നും പോകാതെ ഒരു ആന്റിക് ഷോപ്പില്‍ പോകുന്നു. അതില്‍ തന്നെ വിചിത്രമായ ഫര്‍ണീച്ചറുകള്‍ വാങ്ങുന്നു. ക്ലീഷേയായ ആ ക്ലാസിക് ഹൊറര്‍ സിനിമയില്‍ ശരിക്കും വര്‍ക്കായത് ഫ്ലാഷ് ബാക്ക് സ്റ്റോറിയാണ്. ഫ്‌ളാഷ് ബാക്കിലെ ലവ് സ്‌റ്റോറിയും ജൂത പശ്ചാത്തലവും വളരെ പുതുമയുള്ളതായിരുന്നു. ഈ സിനിമ തീര്‍ച്ചയായും ചെയ്യണമെന്ന് എനിക്ക് തോന്നി.
സംവിധായകന്‍ ജയകൃഷ്ണനാണ് അതിന്റെ ഫുള്‍മാര്‍ക്ക്. പിന്നെ ആ സിനിമക്ക് ഒരു പുതിയ ഭാഷ നല്‍കിയ സിനിമാറ്റോഗ്രാഫര്‍ സുജിത്തിനും. ഈ സിനിമ വര്‍ക്കാവുമെന്ന് ഞാന്‍ പറഞ്ഞു. നിര്‍മാതാക്കളായ ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ് അത് വിശ്വസിച്ചു,’ പൃഥ്വിരാജ് പറഞ്ഞു.
അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായ എമ്പുരാന്റെ ടീസർ ഇന്ന് (ഞായർ) വൈകിട്ട് പുറത്തിറങ്ങും. 2019 ൽ പുറത്തിറങ്ങിയ ലൂസിഫർ എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാംഭാഗമാണ് എമ്പുരാൻ.
Content Highlight: Prithviraj About Flash Back Scene In Ezra Movie