| Tuesday, 9th April 2024, 2:09 pm

ഫഹദ് ഇന്ത്യയിലെ തന്നെ മികച്ച നടന്‍; ആവേശത്തിനായി കാത്തിരിക്കുന്നു: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫഹദ് ഫാസിലിനെ നായകനാക്കി ജീത്തു മാധവ് സംവിധാനം ചെയ്യുന്ന ആവേശം പതിനൊന്നാം തിയതി തിയേറ്ററുകളിലെത്തുകയാണ്. ഫഹദിന്റെ മറ്റൊരു മികച്ച കഥാപാത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ആവേശത്തിനായി കാത്തിരിക്കുകയാണ് താനെന്നാണ് നടന്‍ പൃഥ്വിരാജ് പറയുന്നത്. ഫഹദിന് എല്ലാ ആശംസകളും അറിയിക്കുകയാണെന്നും പൃഥ്വി പറഞ്ഞു. ഗലാട്ട ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വി.

ആടുജീവിത്തിന് ആശംസകളറിയിച്ചുകൊണ്ടുള്ള ഫഹദിന്റെ വീഡിയോയ്ക്ക് മറുപടി പറയുകവേയായിരുന്നു ഫഹദുമൊത്തുള്ള തന്റെ സൗഹൃദത്തെ കുറിച്ചും ആദ്യ കൂടിക്കാഴ്ചയെ കുറിച്ചുമൊക്കെ പൃഥ്വിരാജ് സംസാരിച്ചത്. താനും ഫഹദും ദുല്‍ഖറുമൊക്കെ നെപ്പോ കിഡ്ഡ്‌സ് ആണല്ലോ എന്ന് ചിരിയോടെ പറഞ്ഞുകൊണ്ടായിരുന്നു പൃഥ്വി സംസാരിച്ചു തുടങ്ങിയത്.

‘ ഞങ്ങളൊക്കെ നെപ്പോ കിഡ്ഡ്‌സ് ആണല്ലോ (ചിരി). ഞാന്‍ ഒരു നടന്റെ മകനാണ്. ദുല്‍ഖറും അങ്ങനെ തന്നെ. ഷാനുവാകട്ടെ മലയാളത്തിലെ ഐക്കോണിക്കായ ഒരു സംവിധായകന്റെ മകനാണ്. അതിലൊക്കെയുപരി ഷാനു ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളായി മാറിക്കഴിഞ്ഞു. ബ്രില്യന്റ് ആയിട്ടുള്ള നടനാണ് അദ്ദേഹം.

പിന്നെ ഫഹദിന്റെ ആദ്യ സിനിമയില്‍ എന്നെ സ്‌ക്രീന്‍ ടെസ്റ്റ് ചെയ്തിരുന്നു. പാച്ചിക്ക ഏതാണ്ട് 20 വര്‍ഷം ചെന്നൈയില്‍ ഞങ്ങളുടെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചത്. ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് താമസം മാറിയപ്പോഴാണ് അദ്ദേഹത്തിന് ഞങ്ങളുടെ ആ വീട് നല്‍കുന്നത്. അത്തരത്തില്‍ ഞങ്ങള്‍ ഫാമിലി സുഹൃത്തുക്കളാണ്.

ഒരു ദിവസം തിരുവനന്തപുരത്ത് വെച്ചാണ് ആദ്യമായി ഞാന് പാച്ചിക്കയെ കാണുന്നത്. കണ്ടപ്പോള്‍ തന്നെ നീ ഇത്രയും വളര്‍ന്നോ എന്ന് ചോദിച്ചു. ഒരു സ്‌ക്രീന്‍ ടെസ്റ്റ് ചെയ്യണമെന്നും പറഞ്ഞു. എന്തിനാണ് സ്‌ക്രീന്‍ ടെസ്‌റ്റെന്ന് ചോദിച്ചപ്പോള്‍ ഒരു സിനിമ ചെയ്യുന്നുണ്ടെന്നായിരുന്നു പറഞ്ഞത്.

അങ്ങനെ സ്‌ക്രീന്‍ ടെസ്റ്റിനായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. അവിടെ ക്യാമറയൊക്കെ സെറ്റ് ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു. ഒരു പാട്ടും വെച്ചു. ആ സ്‌ക്രീന്‍ ടെസ്റ്റില്‍ എനിക്കൊപ്പം അഭിനയിക്കാന്‍ അദ്ദേഹം ഒരു പെണ്‍കുട്ടിയെ വിളിച്ചു. അസിന്‍ ആയിരുന്നു അത്. അസിന്‍ അന്ന് 9ാം ക്ലാസിലോ മറ്റോ ആണ്. ഞങ്ങള്‍ ആദ്യമായി കാണുകയാണ്. ഇന്നും ആ സംഭവം എനിക്കോര്‍മ്മയുണ്ട്.

വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്തപ്പോള്‍ പാച്ചിക്കയെ അതില്‍ അഭിനയിപ്പിച്ചു. ഫാസില്‍ സാറും എന്റെ അച്ഛനും അടുത്ത സുഹൃത്തുക്കളായിരുന്നു.

ഞാന്‍ സ്‌ക്രീന്‍ ടെസ്റ്റ് ചെയ്ത ആ സിനിമ പക്ഷേ ഷാനുവിന്റെ ആദ്യ സിനിമയായി മാറി. അതിന് ശേഷം യു.എസിലേക്ക് പോയ ഷാനു തിരിച്ചെത്തി. അഭിനയമാണ് അദ്ദേഹത്തിന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞോണം.

മികച്ച കലാകാരനാണ് അദ്ദേഹം. മികച്ച നിര്‍മാതാവാണ്. ദുല്‍ഖറിനും ഷാനുവിനും സിനിമയെ കുറിച്ച് വലിയ കാഴ്ചപ്പാടുണ്ട്. ഫഹദിന്റെ ആവേശത്തിനായി ഞാനും കാത്തിരിക്കുകയാണ്. അവനും ദുല്‍ഖറുമൊക്കെ എന്റെ സമകാലികരായി ഉണ്ടെന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj about Fahad Faasil and Aavesham Movie

We use cookies to give you the best possible experience. Learn more