2017ല്‍ ജയകൃഷ്ണന്റെ സംവിധാനത്തില്‍ പുറത്ത് വന്ന ഹൊറര്‍ ചിത്രമാണ് എസ്ര. പൃഥ്വിരാജ്, പ്രിയ ആനന്ദ്, ടൊവിനോ തോമസ്, സുദേവ് നായര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം അതുവരെ മലയാളത്തില്‍ വന്ന ഹൊറര്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായിരുന്നു.
ചിത്രത്തെ പറ്റി സംസാരിക്കുകയാണ് പൃഥ്വിരാജ്. എസ്ര ക്ലാസിക് ഹൊറര്‍ സിനിമയുടെ ഏറ്റവും മികച്ച ഉദാഹരണമാണെന്നും എന്നാല്‍ അതിലെ പല ഘടകങ്ങളും ക്ലീഷേ ആയിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. സിനിമയുടെ ഫ്‌ളാഷ് ബാക്കാണ് വ്യത്യസ്തമായതെന്നും അതില്‍ തനിക്ക് താത്പര്യം തോന്നിയെന്നും ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ക്ലാസിക് ഹൊറര്‍ സിനിമയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് എസ്ര. നവ ദമ്പതികള്‍ കൊച്ചിയിലേക്ക് വരുന്നു. കൊച്ചിയില്‍ അത്രയും വീടുണ്ടായിരുന്നിട്ടും ഫോര്‍ട്ട് കൊച്ചിയിലെ പഴയ ബംഗ്ലാവില്‍ വന്ന് അവര്‍ താമസിക്കുന്നു. 20000 സ്‌ക്വയര്‍ ഫീറ്റ് വരുന്ന ബംഗ്ലാവില്‍ അവര്‍ രണ്ട് പേരും മാത്രമേയുള്ളൂ. അതാണെങ്കില്‍ ഒരു സിനഗോഗിനടുത്താണ്.
നായിക ഷോപ്പിങ്ങിന് പോകുമ്പോള്‍ സാധാരണ കടയിലൊന്നും പോകാതെ ഒരു ആന്റിക് ഷോപ്പില്‍ പോകുന്നു. അതില്‍ തന്നെ വിചിത്രമായ ഫര്‍ണീച്ചറുകള്‍ വാങ്ങുന്നു. ക്ലീഷേയായ ആ ക്ലാസിക് ഹൊറര്‍ സിനിമയില്‍ ശരിക്കും വര്‍ക്കായത് ഫ്‌ളാഷ് ബാക്ക് സ്റ്റോറിയാണ്. ഫ്‌ളാഷ് ബാക്കിലെ ലവ് സ്‌റ്റോറിയും ജൂത പശ്ചാത്തലവും വളരെ പുതുമയുള്ളതായിരുന്നു. ഈ സിനിമ തീര്‍ച്ചയായും ചെയ്യണമെന്ന് എനിക്ക് തോന്നി.
സംവിധായകന്‍ ജയകൃഷ്ണനാണ് അതിന്റെ ഫുള്‍മാര്‍ക്ക്. പിന്നെ ആ സിനിമക്ക് ഒരു പുതിയ ഭാഷ നല്‍കിയ സിനിമാറ്റോഗ്രാഫര്‍ സുജിത്തിനും. ഈ സിനിമ വര്‍ക്കാവുമെന്ന് ഞാന്‍ പറഞ്ഞു. നിര്‍മാതാക്കളായ ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ് അത് വിശ്വസിച്ചു,’ പൃഥ്വിരാജ് പറഞ്ഞു.
സലാറാണ് ഒടുവില്‍ പുറത്ത് വന്ന പൃഥ്വിരാജിന്റെ ചിത്രം. പ്രഭാസ് നായകനായ ചിത്രം പ്രശാന്ത് നീലാണ് സംവിധാനം ചെയ്തത്.
Content Highlight: Prithviraj about ezra movie