| Tuesday, 26th November 2024, 10:51 pm

ക്ലാസിക് ഹൊറർ ചിത്രമാണെങ്കിലും ആ സിനിമയിലെ പല കാര്യങ്ങളും ക്ലീഷേയാണ്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ്, പ്രിയ ആനന്ദ്, ടൊവിനോ തോമസ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ഹൊറർ ഴോണർ ചിത്രമായിരുന്നു എസ്രാ. ജയ്.കെ സംവിധാനം ചെയ്ത ചിത്രം വലിയ ഹൈപ്പിൽ എത്തിയ ഒരു മലയാള സിനിമയായിരുന്നു. ചിത്രത്തെ പറ്റി സംസാരിക്കുകയാണ് പൃഥ്വിരാജ്.

എസ്ര ക്ലാസിക് ഹൊറര്‍ സിനിമയുടെ ഏറ്റവും മികച്ച ഉദാഹരണമാണെന്നും എന്നാല്‍ അതിലെ പല ഘടകങ്ങളും ക്ലീഷേ ആയിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. സിനിമയുടെ ഫ്‌ളാഷ് ബാക്കാണ് വ്യത്യസ്തമായതെന്നും അതില്‍ തനിക്ക് താത്പര്യം തോന്നിയെന്നും ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ക്ലാസിക് ഹൊറര്‍ സിനിമയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് എസ്ര. നവ ദമ്പതികള്‍ കൊച്ചിയിലേക്ക് വരുന്നു. കൊച്ചിയില്‍ അത്രയും വീടുണ്ടായിരുന്നിട്ടും ഫോര്‍ട്ട് കൊച്ചിയിലെ പഴയ ബംഗ്ലാവില്‍ വന്ന് അവര്‍ താമസിക്കുന്നു. 20000 സ്‌ക്വയര്‍ ഫീറ്റ് വരുന്ന ബംഗ്ലാവില്‍ അവര്‍ രണ്ട് പേരും മാത്രമേയുള്ളൂ. അതാണെങ്കില്‍ ഒരു സിനഗോഗിനടുത്താണ്.

നായിക ഷോപ്പിങ്ങിന് പോകുമ്പോള്‍ സാധാരണ കടയിലൊന്നും പോകാതെ ഒരു ആന്റിക് ഷോപ്പില്‍ പോകുന്നു. അതില്‍ തന്നെ വിചിത്രമായ ഫര്‍ണീച്ചറുകള്‍ വാങ്ങുന്നു. ക്ലീഷേയായ ആ ക്ലാസിക് ഹൊറര്‍ സിനിമയില്‍ ശരിക്കും വര്‍ക്കായത് ഫ്‌ളാഷ് ബാക്ക് സ്റ്റോറിയാണ്. ഫ്‌ളാഷ് ബാക്കിലെ ലവ് സ്‌റ്റോറിയും ജൂത പശ്ചാത്തലവും വളരെ പുതുമയുള്ളതായിരുന്നു. ഈ സിനിമ തീര്‍ച്ചയായും ചെയ്യണമെന്ന് എനിക്ക് തോന്നി.

സംവിധായകന്‍ ജയകൃഷ്ണനാണ് അതിന്റെ ഫുള്‍മാര്‍ക്ക്. പിന്നെ ആ സിനിമക്ക് ഒരു പുതിയ ഭാഷ നല്‍കിയ സിനിമാറ്റോഗ്രാഫര്‍ സുജിത്തിനും. ഈ സിനിമ വര്‍ക്കാവുമെന്ന് ഞാന്‍ പറഞ്ഞു. നിര്‍മാതാക്കളായ ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ് അത് വിശ്വസിച്ചു,’ പൃഥ്വിരാജ് പറഞ്ഞു.

അതേസമയം മലയാളത്തിലെ ഏറ്റവും വലിയ സിനിമയായി ഒരുങ്ങുന്ന എമ്പുരാന്റെ അണിയറ പ്രവർത്തനത്തിലാണ് പൃഥ്വിരാജിപ്പോൾ. 2019 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ലൂസിഫറിന്റെ രണ്ടാംഭാഗമാണ് എമ്പുരാൻ. അടുത്ത വർഷം മാർച്ചിൽ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.

Content Highlight: Prithviraj About Ezra Movie

We use cookies to give you the best possible experience. Learn more