മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ സിനിമയായിരുന്നു പൃഥ്വിരാജ് – മോഹന്‍ലാല്‍ – മുരളി ഗോപി കൂട്ടുകെട്ടിലൊരുങ്ങിയ ‘ലൂസിഫര്‍’.
200 കോടി ക്ലബ്ബിലെത്തിയ ആദ്യ മലയാളം സിനിമയായാണ് ലൂസിഫര്‍ അറിയപ്പെടുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗം ‘എമ്പുരാന്‍’ പൃഥ്വിരാജ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ഇതുവരെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിട്ടില്ല. ചിത്രത്തിന്റെ സ്‌ക്രിപ്റ്റിങ് ജോലികള്‍ പുരോഗമിക്കുകയാണെന്ന് മുരളി ഗോപി നേരത്തെ അറിയിച്ചിരുന്നു.
ഇപ്പോള്‍ എമ്പുരാനുമായി ബന്ധപ്പെട്ടുള്ള ചില കാര്യങ്ങള്‍ പറയുകയാണ് പൃഥ്വിരാജ്. എമ്പുരാനു വേണ്ടി ഇപ്പോള്‍ ചെയ്യാവുന്ന എല്ലാ ജോലികളും തങ്ങള്‍ ചെയ്യുന്നുണ്ടെന്നും എന്നാല്‍ ഈ ഘട്ടത്തില്‍ ഷൂട്ടിങ് അത്രയെളുപ്പത്തില്‍ ആരംഭിക്കാന്‍ കഴിയില്ലെന്നുമാണ് പൃഥ്വി പറയുന്നത്.
കൊവിഡ് സാഹചര്യം പൂര്‍ണമായി മാറിക്കിട്ടുന്ന അവസ്ഥയില്‍ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാവൂ എന്നാണ് താരം പറയുന്നത്.
എമ്പുരാന് വേണ്ടിയുള്ള ലൊക്കേഷന്‍ കാണാന്‍ പോലും ഈ അവസ്ഥയില്‍ പോകാന്‍ സാധിക്കില്ലെന്നും അടുത്ത വര്‍ഷം പകുതി ആകുമ്പോഴേക്കും ബാക്കി ജോലികള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും പൃഥ്വി പറയുന്നു.
സീക്വല്‍ ആണെന്നു കരുതി ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ച്ച മാത്രമല്ല ചിത്രത്തില്‍ ഉണ്ടാവുകയെന്നും പല കഥാപാത്രങ്ങളുടെയും മുന്‍കാലവും പറയുന്ന ചിത്രമായിരിക്കും വരികയെന്നും പൃഥ്വിരാജും മുരളി ഗോപിയും നേരത്തെ വ്യക്തമാക്കിയിരുന്നു.
ലൂസിഫര്‍ അത്ര വലിയ വിജയമായതിനാലാണ് രണ്ടാംഭാഗം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു.
‘ലൂസിഫര്‍ ആലോചിക്കുമ്പോള്‍ മലയാളത്തില്‍ 30 കോടി ബജറ്റുള്ള ഒരു ചിത്രം എന്നത് ചിന്തിക്കുക ബുദ്ധിമുട്ടായിരുന്നു. പക്ഷേ ലൂസിഫര്‍ നേടിയ വിജയത്തിന്റെ വലിപ്പം മലയാളസിനിമയുടെ വിപണി തന്നെയാണ് വലുതാക്കിയിരിക്കുന്നത്. കുറച്ചുകൂടി വലിയ കാന്‍വാസ് വേണ്ട സിനിമയാണ് എമ്പുരാന്‍. ഇത് സാധ്യമാവുന്നത് ലൂസിഫര്‍ വലിയ വിജയം നേടിയതുകൊണ്ടാണെന്നും പൃഥ്വി പറഞ്ഞു.