|

എന്റെ ആ കഥാപാത്രം മമ്മൂക്ക ചെയ്തിരുന്നുവെങ്കിൽ കൂടുതൽ നന്നായേനെ: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു സൂപ്പർസ്റ്റാറിന്റെയും അയാളുടെ ആരാധകന്റെയും കഥ പറഞ്ഞ സിനിമയാണ് ഡ്രൈവിങ് ലൈസൻസ്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിൽ എത്തിയ സിനിമ സച്ചിയുടെ തിരക്കഥയിൽ ലാൽ ജൂനിയറായിരുന്നു സംവിധാനം ചെയ്തത്. സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിച്ച ഹരീന്ദ്രൻ എന്ന കഥാപാത്രത്തിലേക്ക് ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെയായിരുന്നുവെന്ന് പറയുകയാണ് പൃഥ്വിരാജ്.

ആ കഥാപാത്രം എഴുതപ്പെട്ടത് മമ്മൂട്ടിക്ക് വേണ്ടിയാണെന്നും എന്നാൽ എന്തുകൊണ്ടാണ് അദ്ദേഹം അഭിനയിക്കാതിരുന്നതെന്ന് തനിക്ക് അറിയില്ലെന്നും പൃഥ്വി പറയുന്നു. റിയൽ ലൈഫിലെ മമ്മൂട്ടിയുമായി സിനിമയിലെ കഥാപാത്രത്തിന് സാമ്യതയുണ്ടെന്നും ഒരുപക്ഷെ അതായിരിക്കാം അദ്ദേഹം നോ പറഞ്ഞതെന്നും പൃഥ്വി പറയുന്നു. താൻ അവതരിപ്പിച്ചതിനേക്കാൾ നന്നായി മമ്മൂട്ടിക്ക് ആ കഥാപാത്രം ചെയ്യാൻ സാധിക്കുമെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

‘സത്യത്തിൽ ആ കഥാപാത്രം എഴുതപ്പെട്ടത് മമ്മൂക്കയ്ക്ക് വേണ്ടിയാണ്. പിന്നെ എന്തുകൊണ്ട് മമ്മൂക്ക അത് ചെയ്തില്ല എന്നതിനെ കുറിച്ച് എനിക്ക് വ്യക്തമായ ധാരണയില്ല. പക്ഷെ എനിക്ക് തോന്നുന്നത് പുറമെ നിന്ന് കാണുന്നവർക്ക് മമ്മൂക്കയുടെ റിയൽ ലൈഫ് ക്യാരക്ടറുമായി ഈ കഥാപാത്രത്തിന് സാമ്യത തോന്നിയേക്കാം.

കാരണം മമ്മൂക്കയ്ക്ക് വണ്ടികളോട് വലിയ ഇഷ്ടമുണ്ട്, കഴിയുമെങ്കിൽ എപ്പോഴും സ്വന്തമായി വണ്ടി ഓടിക്കാൻ ഇഷ്ടപെടുന്ന ഒരാളാണ് അദ്ദേഹം. പുറത്തുനിന്ന് കാണുന്നവർക്ക് മമ്മൂക്കയൊരു ദേഷ്യക്കാരൻ എന്നൊരു ധാരണയുണ്ട്.

മമ്മൂക്കയ്ക്ക് വേണ്ടി എഴുതിയ ഒരു കഥാപാത്രത്തിലേക്ക് ഞാൻ കാസ്റ്റ് ചെയ്യപ്പെടുമ്പോഴും വലിയ മാറ്റങ്ങൾ വരുത്തേണ്ടി വന്നിട്ടില്ല. പക്ഷെ ഈ കഥാപാത്രം മമ്മൂക്ക ചെയ്തിരുന്നുവെങ്കിൽ ഞാൻ ചെയ്യുന്നതിനേക്കാൾ നന്നായേനെ എന്നെനിക്ക് ഉറപ്പാണ്,’പൃഥ്വിരാജ് പറയുന്നു.

അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായ എമ്പുരാന്റെ ടീസർ നാളെ പുറത്തിറങ്ങും. 2019 ൽ പുറത്തിറങ്ങിയ ലൂസിഫർ എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാംഭാഗമാണ് എമ്പുരാൻ. കഴിഞ്ഞ ദിവസമിറങ്ങിയ മമ്മൂട്ടി ചിത്രം ഡൊമിനിക്ക് ആൻഡ് ലേഡീസ് പേഴ്‌സ് എന്ന സിനിമ മികച്ച അഭിപ്രായമാണ് തിയേറ്ററിൽ നേടുന്നത്.

Content Highlight: Prithviraj About Driving License Movie And Mammootty