മലയാള സിനിമക്ക് വേറിട്ടൊരു രൂപം നല്‍കാന്‍ ശ്രമിക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അന്താരാഷ്ട്ര തലത്തില്‍ വരെ ലിജോയുടെ സിനിമകള്‍ ചര്‍ച്ചയായിട്ടുണ്ട്.
അദ്ദേഹത്തിന്റെ സിനിമകള്‍ നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ തിളങ്ങിയിട്ടുമുണ്ട്. കുറഞ്ഞ സിനിമകളിലൂടെത്തന്നെ ലിജോ ജോസ് പെല്ലിശ്ശേരി സിനിമ എന്ന ബ്രാന്‍ഡ് ആയി മാറാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കണ്ടു മടുത്ത ശൈലിയില്‍ നിന്നും മാറിയുള്ള ചിത്രങ്ങളാണ് ലിജോ ജോസ് പെല്ലിശ്ശേരി ചെയ്യാറുള്ളത്.
മോഹൻലാലിനെ നായകനായ മലൈക്കോട്ടൈ വാലിബൻ ആയിരുന്നു അവസാനമിറങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരി സിനിമ. എന്നാൽ വലിയ ഹൈപ്പിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ പാരാജയപ്പെടുകയായിരുന്നു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആര്യ തുടങ്ങി വമ്പൻ താരനിരയെ അണിനിരത്തി ലിജോ ഒരുക്കിയ വ്യത്യസ്ത സിനിമയായിരുന്നു ഡബിൾ ബാരൽ. ഡബിൾ ബാരലും ബോക്സ് ഓഫീസിൽ പരാജയമറിഞ്ഞ സിനിമയായിരുന്നു.
എന്നാൽ സിനിമയുടെ കഥ പറയുമ്പോൾ തന്നെ ഡബിൾ ബാരൽ പരാജയപ്പെടുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും അതുകൊണ്ടാണ് മറ്റൊരാളുടെ തലയിലും അടിച്ചേൽപ്പിക്കാതെ ആ സിനിമ താൻ തന്നെ നിർമിച്ചതെന്നും പൃഥ്വിരാജ് പറയുന്നു. ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനോടൊപ്പം അങ്ങനെയൊരു സിനിമ ചെയ്യാൻ കൂട്ടുനിന്നു എന്ന കാര്യത്തിൽ തനിക്ക് അഭിമാനമേയുള്ളൂവെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
‘ലിജോ വന്ന് ഇങ്ങനെ ഒരു ചിന്ത പറഞ്ഞപ്പോൾ തന്നെ, അതൊരു വലിയ പരീക്ഷണം ആയിരിക്കുമെന്ന ബോധ്യം ഞങ്ങൾക്കുണ്ടായിരുന്നു. ഇത്തരം പരീക്ഷണങ്ങളോട് ചെറിയ വീക്നെസ്സ് ഉള്ള ഒരു നടനാണ് ഞാൻ. ലിജോ കഥ പറഞ്ഞപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു കൊമേഴ്ഷ്യലി സിനിമ വിജയിക്കാൻ സാധ്യത കുറവാണെന്ന്. അതുകൊണ്ടാണ് മറ്റൊരാളുടെ തലയിലും അടിച്ചേൽപ്പിക്കാതെ സിനിമ ഞാൻ തന്നെ നിർമിച്ചതും. എനിക്കതിൽ യാതൊരു വിഷമവുമില്ല.
ഡബിൾ ബാരൽ ചെയ്തപ്പോൾ, എന്റെ മനസിൽ ആരും ചെയ്യാത്ത ഒരു സബ്ജെക്ട് ആണെന്നും, ആരും ട്രൈ ചെയ്യാത്ത ഒരു കഥയാണെന്നും അറിയാമായിരുന്നു. ആളുകൾ അത് അംഗീകരിച്ചില്ല. ഞാൻ അതിനെ ന്യായികരിക്കുകയല്ല കാരണം അതൊരു പരാജയപ്പെട്ട പരീക്ഷണം തന്നെയാണ്. എന്നാൽ ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനോടൊപ്പം അങ്ങനെയൊരു സിനിമ ചെയ്യാൻ കൂട്ടുനിന്നു എന്ന കാര്യത്തിൽ എനിക്ക് അഭിമാനമേയുള്ളൂ,’പൃഥ്വിരാജ് പറയുന്നു.
അതേസമയം സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍. പൃഥ്വിരാജ് ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ് 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തുടര്‍ഭാഗമാണ് എമ്പുരാന്‍. മൂന്ന് ഭാഗങ്ങളിലായി പുറത്തിറങ്ങുമെന്ന് അറിയിച്ച ചിത്രത്തിന്റെ ആദ്യഭാഗം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു. മാർച്ച് 27 ന് പ്രേക്ഷർക്ക് മുന്നിലെത്തുന്ന സിനിമയിൽ വിദേശീയരടക്കമുള്ള വമ്പൻ താരനിര ഒന്നിക്കുന്നുണ്ട്.
Content Highlight: Prithviraj About Double Barral Movie