യഥാർത്ഥ കഥയെ ആസ്പദമാക്കി ചിത്രീകരിക്കുന്ന ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയാണ് ആടുജീവിതം. ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കിയ സിനിമയെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്. 2018ൽ തുടങ്ങിയ ചിത്രം 2022 വരെ ഷൂട്ട് ചെയ്തിരുന്നു. ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് ഒരുപാട് കഷ്ടപെട്ടിരുന്നു.
തങ്ങൾ ജോർദാനിൽ പെട്ട് പോയപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് പൃഥ്വിരാജ്. താനും ബ്ലെസിയും മാത്രമുള്ള സമയങ്ങളിൽ മാത്രമാണ് തങ്ങളുടെ പേടികൾ പരസപരം കൈമാറുകയെന്ന് പൃഥ്വിരാജ് പറഞ്ഞു. ടീമിന്റെ മുന്നിൽ വരുമ്പോൾ എല്ലാം ഓക്കെ ആണെന്നാണ് പറയുകയെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ബ്ലെസി ചേട്ടനും ഞാനും മാത്രമുള്ള സമയങ്ങളിൽ മാത്രമാണ് നമ്മുടെ പേടികൾ പരസ്പരം കൈമാറുന്നത്. അല്ലാതെ ടീമിന് മുന്നിൽ വരുമ്പോൾ എല്ലാം ഓക്കെയാണ് എന്നാണ് പറയുക. എനിക്കൊരു കാര്യം മനസിലായത് അവിടെ നമ്മൾ പെട്ടുപോയ സമയത്ത് എല്ലാവരും ഏറ്റവും കൂടുതൽ കൺസേൺ ആയത് എന്നെക്കുറിച്ച് ആയിരുന്നു.
ഞാനീ ഭക്ഷണം കഴിക്കാതിരിക്കുന്നു. അത്രയും ശരീര ഭാരം കുറച്ചിട്ടുള്ള അവസ്ഥയിലാണ്. രണ്ടുദിവസം കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി എല്ലാവരും എന്നെ സമാധാനിപ്പിക്കുകയാണ് എന്ന്. പ്രൊഡക്ഷൻ ബോയ് വരെ വന്നിട്ട് ചേട്ടാ കുഴപ്പമില്ല ഒക്കെ ശരിയാക്കാം എന്ന് പറഞ്ഞ് എന്നെ സമാധാനിപ്പിക്കുകയാണ്.
അപ്പോൾ ഞാൻ ഡൗൺ ആയാൽ തീർന്നു. നമ്മുടെത് അത്രയും അമേസിങ് ക്രൂ ആയിരുന്നു. ബ്ലെസി ചേട്ടനും ഞാനും ഈ സിനിമയെ സ്നേഹിച്ചത് പോലെ തന്നെ ഈ സിനിമയെ സ്നേഹിച്ച ഒരു വലിയ ക്രൂ ഉണ്ട്. അവർക്കും ഒരേ പോലെ അവകാശപ്പെട്ടതാണ് ഈ സിനിമ,’ പൃഥ്വിരാജ് പറഞ്ഞു.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ റിലീസിന് തയാറെടുക്കുകയാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിച്ച നോവലുകളിലൊന്നായ ആടുജീവിതം സിനിമാരൂപത്തില്‍ എത്തുമ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത് പൃഥ്വി എന്ന നടന്റെയും ബ്ലെസി എന്ന സംവിധായകന്റെയും സമര്‍പ്പണമാണ്. 10 വര്‍ഷത്തോളമെടുത്ത് സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കുകയും ഏഴ് വര്‍ഷത്തോളമെടുത്ത് ഷൂട്ട് ചെയ്യുകയും ചെയ്ത സിനിമയാണ് ആടുജീവിതം. ചിത്രം മാർച്ച് 28നാണ് തിയേറ്ററിൽ എത്തുന്നത്.
Content Highlight: Prithviraj about conversation with blesy