മലയാളത്തിൽ മികച്ച ത്രില്ലർ ചിത്രങ്ങളുടെ ഭാഗമാവാൻ സാധിച്ചിട്ടുള്ള നടനാണ് പൃഥ്വിരാജ്. അവയിൽ തന്നെ വലിയ രീതിയിൽ ശ്രദ്ധ നേടിയ ചിത്രമായിരുന്നു റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത മുംബൈ പൊലീസ്.
2013ൽ ഇറങ്ങിയ ചിത്രത്തിന്റെ രചന നിർവഹിച്ചത് ബോബി – സഞ്ജയ് ആയിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് ആയിരുന്നു മറ്റ് സിനിമകളിൽ നിന്ന് മുംബൈ പൊലീസിനെ വേറിട്ട് നിർത്തിയത്.
എന്നാൽ അങ്ങനെയൊരു ക്ലൈമാക്സ് ഇന്നാണെങ്കിൽ വർക്ക് ആവില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. കഥ കേട്ട സമയത്ത് ട്വിസ്റ്റ് കേട്ട് താൻ കയ്യടിക്കുകയാണ് ചെയ്‌തതെന്നും ഒട്ടും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് ആയിരുന്നു അതെന്നും പൃഥ്വിരാജ് പറയുന്നു. അന്ന് ട്വിസിറ്റിന് ഒരു ഷോക്ക് വാല്യൂ ഉണ്ടായിരുന്നുവെന്നും ഇന്ന് അങ്ങനെയല്ലെന്നും താരം ഗലാട്ട പ്ലസിനോട് പറഞ്ഞു.
‘മുംബൈ പൊലീസിന്റെ സ്ക്രിപ്റ്റ് എഴുതുമ്പോൾ ബോബി – സഞ്ജയും റോഷനും ചിത്രത്തിന്റെ ക്ലൈമാക്സിനെ കുറിച്ചുള്ള കൺഫ്യൂഷനിൽ ആയിരുന്നു. കാരണം ഏത് ഡയറക്ഷനിലേക്ക് കഥയെ എത്തിക്കുമെന്നായിരുന്നു അവരുടെ മുന്നിലെ വെല്ലുവിളി. ക്ലൈമാക്സിലെ ആ ഒരു ട്വിസ്റ്റിനു വേണ്ടി ഒരുപാട് ചിന്തിച്ചു. സത്യം പറഞ്ഞാൽ ആ ഒരു പോയിന്റിൽ മാത്രം ഞങ്ങൾ സ്റ്റക്കായി ഇരുന്നത് കുറച്ച് മാസങ്ങളായിരുന്നു.
ഒരു ദിവസം അർദ്ധരാത്രി എനിക്ക് റോഷന്റെ കാൾ വന്നു. റോഷൻ എന്നോട് ചോദിച്ചത്, സിനിമ നന്നാവാൻ വേണ്ടി ഏത് വേഷമാണെങ്കിലും ചെയ്യുമെന്ന് ഒരിക്കൽ പറഞ്ഞത് ഓർമ്മയുണ്ടോയെന്നായിരുന്നു. ഞാൻ യെസ് പറഞ്ഞപ്പോൾ ഇപ്പോഴും ആ വാക്കിൽ ഉറച്ചുനിൽക്കുന്നുണ്ടോയെന്ന് റോഷൻ ചോദിച്ചു. ഞാൻ അതെയെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ നിന്നെ കാണാൻ വരുന്നു എന്ന് റോഷൻ പറഞ്ഞു.
സഞ്ജയ്‌യും റോഷനും എന്നെ കാണാൻ വന്നു. അവരെന്നോട് വളരെ സൂക്ഷ്മമായി കഥയുടെ അവസാന ട്വിസ്റ്റ് വെളിപ്പെടുത്തി. ഇതാണ് സംഭവിക്കുന്നത് എന്ന് പറഞ്ഞു. അത് കേട്ടപ്പോൾ ഞാൻ കൈയടിക്കുകയാണ് ചെയ്തത്. ഇത് ഗംഭീരമായിരിക്കുന്നുവെന്ന് ഞാൻ പറഞ്ഞു. കാരണം അതൊരിക്കലും സിനിമയുടെ താരങ്ങളോ അതിന്റെ നിർമാണ ചിലവോ ഒന്നും നോക്കിയിട്ടല്ല. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ആയിരുന്നു അത്.
അതേ ട്വിസ്റ്റ് ഇന്നാണെങ്കിൽ ഒരിക്കലും വർക്ക് ആവില്ല. ഇത് ആദ്യമായി പറയുന്നത് ഞാനാണ്. കാരണം അന്ന് ആ ട്വിസ്റ്റിന് ഒരു ഷോക്ക് വാല്യൂ ഉണ്ടായിരുന്നു. ഇന്നതില്ല. കാരണം സിനിമയിലെ നായകൻ ഒരു ഗേ ആണെന്ന് അറിയുമ്പോൾ ഇപ്പോൾ കാണുമ്പോൾ ഒരു അത്ഭുതവും തോന്നില്ല,’ പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj About Climax Of Mumbai Police