|

ആ മോഹൻലാൽ ചിത്രം തെലുങ്കിൽ സംവിധാനം ചെയ്യുമോയെന്ന് അദ്ദേഹം, നടക്കാതെ പോയത് ആടുജീവിതം കാരണം: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2024ലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവും കൂടുതലാളുകള്‍ വായിച്ച നോവലിന് ബ്ലെസി ചലച്ചിത്രഭാഷ്യമൊരുക്കിയപ്പോള്‍ നായകനായ നജീബിനെ അവതരിപ്പിച്ചത് പൃഥ്വിരാജായിരുന്നു. മികച്ച നടനടക്കം ഏഴ് സംസ്ഥാന അവാര്‍ഡുകളാണ് ഈ സിനിമ നേടിയത്.

ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് ആടുജീവിതം കാഴ്ചവെച്ചത്. 150 കോടിയിലധികം ചിത്രം കളക്ട് ചെയ്തു. ആടുജീവിതത്തിനായി കരിയറിലെ ഒരു വലിയ സമയം പൃഥ്വിരാജിന് മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്. ആടുജീവിതം കമ്മിറ്റ് ചെയ്തതിനിടയിൽ തെലുങ്ക് നടൻ ചിരഞ്ജീവിയെ കണ്ട അനുഭവം പങ്കുവെക്കുകയാണ് പൃഥ്വിരാജ്. ചിരഞ്ജീവിയോടൊപ്പം അഭിനയിക്കാനുള്ള അവസരം നഷ്ടമായതിനെ കുറിച്ചും പറയുകയാണ് അദ്ദേഹം പങ്കുവെച്ചു. ചിരഞ്ജീവിയുടെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടും ആടുജീവിതം കാരണം നടന്നില്ലെന്നും, പിന്നീട് ലൂസിഫര്‍ തെലുങ്കിലേക്ക് സംവിധാനം ചെയ്യാന്‍ ചിരഞ്ജീവി ക്ഷണിച്ചപ്പോഴും ആടുജീവിതത്തിന്റെ തിരക്കിലായിരുന്നെന്നും താരം പറഞ്ഞു.

prithviraj, ajith

‘2015-2016 സമയത്ത് ചിരഞ്ജീവി പുള്ളിയുടെ പുതിയ പടമായ സൈറാ നരസിംഹ റെഡ്ഡിയിലേക്ക് എന്നെ ഒരു പ്രധാന കഥാപാത്രമായി വിളിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു, സോറി സാര്‍, ഇപ്പോള്‍ ഒരു സിനിമ കമ്മിറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരുപാട് വലിയ പ്രൊസസ്സാണ് അത്. താടി വളര്‍ത്തുകയും വെയിറ്റ് കുറക്കുകയുമൊക്കെ വേണം. അപ്പോള്‍ രണ്ട് സിനിമയും ഒരേ സമയം ചെയ്തു തീര്‍ക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. അദ്ദേഹം ഓക്കെ പറഞ്ഞു.

പിന്നീട് മൂന്ന് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിനൊടുവില്‍ സൈറ റിലീസിന് തയാറായി. അതിന്റെ പ്രൊമോഷന്റെ ഭാഗമായി അവര്‍ കൊച്ചിയില്‍ വന്നപ്പോള്‍ ഞാനായിരുന്നു ആ പരിപാടിയുടെ ഗസ്റ്റ്. അന്ന് ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ ലൂസിഫര്‍ ഹിറ്റായിരിക്കുന്ന സമയമായിരുന്നു. ആ ചടങ്ങില്‍ വെച്ച് ചിരജ്ഞീവി സാര്‍, ലൂസിഫര്‍ തെലുങ്കില്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. എന്നോട് അത് സംവിധാനം ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചു.

അപ്പോഴും ഞാന്‍ പറഞ്ഞത്, സാര്‍, ഞാന്‍ ഇതുപോലെ വലിയൊരു സിനിമ കമ്മിറ്റ് ചെയ്തിരിക്കുകയാണ്. വളരെ വലിയൊരു പ്രൊസസ്സാണത് എപ്പോള്‍ തീരുമെന്ന് പറയാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. ‘ഇത് അന്നു പറഞ്ഞ അതേ സിനിമയല്ലേ? ഇത്രയും കാലമായിട്ടും ഇത് തീര്‍ന്നില്ലേ എന്ന് തമാശരൂപത്തില്‍ അദ്ദേഹം ചോദിച്ചു,’ പൃഥ്വിരാജ് പറഞ്ഞു.

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാന്‍ മാർച്ചിൽ പ്രേക്ഷകർക്ക് മുന്നിലെത്തും. ആശീർവാദ് സിനിമാസ് നിർമിക്കുന്ന സിനിമ മലയാളത്തിലെ ബിഗ് ബഡ്ജറ്റ് ചിത്രമായാണ് ഒരുങ്ങുന്നത്. ആശീർവാദ് സിനിമാസ് സിൽവർ ജൂബിലി ആഘോഷിക്കുന്ന ജനുവരി 25 ന് ചിത്രത്തിന്റെ ഒരു ടീസർ പുറത്തിറങ്ങുമെന്നാണ് ഏറ്റവും പുതിയ വിവരം.

Content Highlight: Prithviraj About Chiranjeevi And Lucifer Movie

Video Stories