|

ആ സൂപ്പർസ്റ്റാർ എമ്പുരാന്റെ ഭാഗമല്ല, അദ്ദേഹം ഈ ഫ്രാഞ്ചൈസിയിൽ ഇല്ല; കാസ്റ്റിങ്ങിനെ കുറിച്ച് പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ് 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തുടര്‍ഭാഗമാണ് എമ്പുരാന്‍. മൂന്ന് ഭാഗങ്ങളിലായി പുറത്തിറങ്ങുമെന്ന് അറിയിച്ച ചിത്രത്തിന്റെ ആദ്യഭാഗം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു.

എമ്പുരാന്റെ ആദ്യ ഗ്ലിംപ്സ് ഈയിടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മുരളി ഗോപി തിരക്കഥയെഴുതി ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന എമ്പുരാന്‍ എന്ന ചിത്രത്തില്‍ ഖുറേഷി അബ്രാം എന്ന അധോലോക നായകനായാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രഖ്യാപനം മുതൽ തന്നെ സിനിമയുടെ കാസ്റ്റിങ്ങും വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു.

മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായ ഒരുങ്ങുന്ന സിനിമയെന്ന നിലയിൽ അന്യഭാഷയിലെ സൂപ്പർസ്റ്റാറുകളടക്കം സിനിമയിൽ ഉണ്ടായേക്കാമെന്നെല്ലാം ചിലർ പ്രതീക്ഷിച്ചിരുന്നു. സിനിമയുടെ ടീസർ ലോഞ്ചിനായി മമ്മൂട്ടി കൂടി എത്തിയതോടെ മോഹൻലാലിനൊപ്പം മമ്മൂട്ടിയും എമ്പുരാനിൽ ഭാഗമാകുമെന്ന് ചില റ്യുമേഴ്സും പുറത്തുവന്നിരുന്നു. തമാശയ്ക്കാണെങ്കിൽ പോലും പല ഫാൻ പേജുകളിലും ഇതിനെ പറ്റി ചർച്ച നടക്കുന്നുണ്ട്.

എന്നാൽ സിനിമയിൽ മമ്മൂട്ടി ഉണ്ടാവില്ലെന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്. ഗലാട്ട ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പൃഥ്വി സിനിമയിൽ മമ്മൂട്ടി ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയത്. ‘മമ്മൂട്ടി സാർ ഈ സിനിമയുടെ ഭാഗമല്ല. അദ്ദേഹം ഈ ഫ്രാഞ്ചൈസിയിൽ ഉണ്ടാവില്ല, എന്നായിരുന്നു പൃഥ്വി മറുപടി നൽകിയത്.

എന്നാൽ ചെറിയ സിനിമയെന്ന് പറഞ്ഞ് ലൂസിഫർ പോലൊരു സൂപ്പർ ഹിറ്റ് സിനിമ നൽകിയ പൃഥ്വിയുടെ വാക്കുകൾ വിശ്വസിക്കാൻ ആരാധകർ തയ്യാറല്ല. എമ്പുരാനിൽ എന്തൊക്കെ സർപ്രൈസാണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നതെന്ന് അറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

എമ്പുരാന്‍ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമകളിൽ ഒന്നാണെന്ന് മോഹൻലാൽ ഒരു അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു. പുറംരാജ്യത്ത് നടക്കുന്ന കഥയായതിനാൽ അന്യഭാഷാ താരങ്ങളും വിദേശിയരുമെല്ലാം അഭിനയിച്ച വലിയ സിനിമയാണ് എമ്പുരാൻ എന്നായിരുന്നു മോഹൻലാൽ സിനിമയെ കുറിച്ച് പറഞ്ഞത്.

Content Highlight: Prithviraj About Casting of Empuran Movie