പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയെന്ന നിലയിൽ തുടക്കം മുതൽ ഹൈപ്പിൽ കയറിയ ചിത്രമായിരുന്നു ലൂസിഫർ. ഒടിയൻ എന്ന പരാജയ ചിത്രത്തിന് ശേഷം മോഹൻലാലിന്റെ ഗംഭീര തിരിച്ചുവരവായിരുന്നു ലൂസിഫറിലൂടെ പ്രേക്ഷകർ കണ്ടത്. ബോക്സ് ഓഫീസ് കളക്ഷനൊപ്പം നിരൂപക പ്രശംസ നേടാനും ലൂസിഫറിന് സാധിച്ചു. ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം രണ്ടാംഭാഗമായ എമ്പുരാനും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഇതിനിടയിൽ പൃഥ്വിരാജിന്റെ സംവിധാനത്തിൽ ബ്രോ ഡാഡിയെന്ന പേരിൽ ഒരു ഫീൽ ഗുഡ് സിനിമയും ഇറങ്ങിയിരുന്നു. മോഹൻലാൽ തന്നെ നായകനായ ചിത്രം ഒ.ടി.ടി. റിലീസിലൂടെ വലിയ ശ്രദ്ധ നേടിയിരുന്നു.
ഒരു സംവിധായകനെന്ന നിലയിൽ ബ്രോ ഡാഡിയാണ് തനിക്കിഷ്ടമെന്ന് പൃഥ്വിരാജ് പറയുന്നു. ലൂസിഫര്‍ വളരെ സ്‌പെഷ്യലായ സിനിമയാണെന്നും എന്നാല്‍ സംവിധായകന്‍ എന്ന നിലയില്‍ തന്റെ കംഫര്‍ട്ട് സോണ്‍ വിട്ട് പുറത്ത് വന്ന് ചെയ്ത ചിത്രമാണ് ബ്രോ ഡാഡിയെന്നും പൃഥ്വിരാജ് പറഞ്ഞു. ബോളിവുഡ് ഹങ്കാമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലൂസിഫര്‍ ഒരു സ്‌പെഷ്യല്‍ സിനിമയാണ്. എനിക്ക് ആ സിനിമ ഇഷ്ടമാണ്. എന്നാല്‍ സംവിധായകന്‍ എന്ന നിലയില്‍ ലൂസിഫറിനെക്കാള്‍ ഇഷ്ടം ബ്രോ ഡാഡിയാണ്. കാരണം എന്റെ കംഫര്‍ട്ട് സോണില്‍ നിന്നും ഒരുപാട് മാറിനില്‍ക്കുന്നതാണ് ആ ചിത്രം.
ആ സിനിമ ഷൂട്ട് ചെയ്തിരിക്കുന്ന രീതി വെച്ചും, കോമഡി കൈകാര്യം ചെയ്തിരിക്കുന്നതും വെച്ച് നോക്കുമ്പോള്‍ സംവിധായകന്‍ എന്ന നിലയില്‍ അതെന്റെ കംഫര്‍ട്ട് സോണല്ല. രണ്ട് ചിത്രങ്ങളിലൊന്ന് എടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ ബ്രോ ഡാഡി തെരഞ്ഞെടുക്കും. കാരണം ഞാനൊരിക്കലും ചെയ്യില്ലെന്ന് വിചാരിച്ച സിനിമ ആണത്,’ പൃഥ്വിരാജ് പറഞ്ഞു.
അതേസമയം മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന നിലയില്‍ ഒരുങ്ങുകയാണ് ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാന്‍. ഖുറേഷി അബ്രാം എന്ന അധോലോകനായകന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ചിത്രമാകും എമ്പുരാന്‍. യു.കെ, യു.എസ്, ദുബായ് തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത വർഷം മാർച്ച് 27 ന് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തും.
Content Highlight: Prithviraj About Bro dady Movie