| Friday, 22nd March 2024, 1:08 pm

ഇന്നത്തെ സിനിമയുടെ മാർക്കറ്റിങ്ങിനെകുറിച്ചോ ഡിസ്ട്രിബ്യൂഷനെകുറിച്ചോ ബ്ലെസി ചേട്ടന് യാതൊരു പരിചയവുമില്ല: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബ്ലെസി എന്ന സംവിധായകന്റെ കഴിവിനെക്കുറിച്ച് സംസാരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്. ബ്ലെസിക്ക് സിനിമ ഡിജിറ്റൽ ആയതിന് ശേഷം ഒരു പടവും ചെയ്തിട്ടില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു. ഇന്നത്തെ മാർക്കറ്റിങ്ങിനെ കുറിച്ച് ബ്ലെസിക്ക് യാതൊരു പരിചയവുമില്ലെന്നും എങ്ങനെയാണ് ഡിസ്ട്രിബ്യൂഷൻ എന്നതിനെക്കുറിച്ച് യാതൊരു അറിവുമില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

എന്നാൽ ബ്ലെസിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും കഴിഞ്ഞ പത്ത് പതിനഞ്ച് വർഷമായിട്ട് അതിനെക്കുറിച്ച് അദ്ദേഹം ചിന്തിക്കില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ആടുജീവിതത്തിന്റെ വിശേഷങ്ങൾ റെഡ് എഫ്.എമ്മിനോട് പങ്കുവെക്കുകയായിരുന്നു താരം.

‘ബ്ലെസി ചേട്ടൻ സിനിമ കംപ്ലീറ്റ്‌ലി ഡിജിറ്റൽ ആയതിനുശേഷം ഒരു സിനിമയും ചെയ്തിട്ടില്ല. ബ്ലെസി ചേട്ടൻ ലാസ്റ്റ് സിനിമ ചെയ്യുമ്പോൾ അതിന്റെ ഒരു തുടക്ക സ്റ്റേജ് മാത്രമേ ആയിട്ടുള്ളൂ. ഇന്നത്തെ സിനിമയുടെ മാർക്കറ്റിങ്ങിനെ കുറിച്ച് ചേട്ടന് യാതൊരു പരിചയവുമില്ല. ഇന്ന് എങ്ങനെയാണ് ഡിസ്ട്രിബ്യൂഷൻ എന്നതിനെക്കുറിച്ച് യാതൊരു പരിചയവുമില്ല.

കാരണമെന്താണെന്ന് അറിയോ, കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ബ്ലെസി ചേട്ടൻ പത്ത് പതിനഞ്ച് വർഷമായിട്ട് അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. അത് മാറ്റിവെച്ചാൽ അദ്ദേഹം ഇനി 25 വർഷം കഴിഞ്ഞ് സിനിമ ചെയ്താലും അപ്ഡേറ്റ് ആയിരിക്കും. അത്രയും ഗിഫ്റ്റ് ആയിട്ടുള്ള ഒരു ഫിലിം മേക്കറാണ്,’ പൃഥ്വിരാജ് പറഞ്ഞു.

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ആടുജീവിതം.

10 വര്‍ഷത്തോളമെടുത്താണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്. ഷൂട്ട് തീര്‍ക്കാന്‍ ഏഴ് വര്‍ഷത്തോളമെടുത്തു. ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് നടത്തിയ മേക്ക് ഓവര്‍ ചര്‍ച്ചാവിഷയമായിരുന്നു. 30 കിലോയോളമാണ് നജീബ് എന്ന കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് കുറച്ചത്.

ഓസ്‌കര്‍ ജേതാവ് എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം. പൃഥ്വിരാജിനെക്കൂടാതെ അമല പോള്‍, ജിമ്മി ജീന്‍ ലൂയിസ് എന്നിവരാണ് മറ്റ് താരങ്ങള്‍. വിഷ്വല്‍ റൊമാന്‍സ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങും. മാര്‍ച്ച് 28ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Prithviraj about blessy’s dedication on aadujeevitham

We use cookies to give you the best possible experience. Learn more