പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം തിയേറ്ററിലേക്കെത്തുകയാണ്. പൃഥ്വിരാജിന്റെ കരിയര്‍ ബെസ്റ്റ് കഥാപാത്രമായി നജീബ് മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 11 വര്‍ഷത്തിന് ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ആടുജീവിതം.
ബ്ലെസിയെന്ന സംവിധായകനെ കുറിച്ചും സിനിമയോടുള്ള അദ്ദേഹത്തിന്റെ പാഷനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് പൃഥ്വിരാജ്. തനിക്ക് ഏറ്റവും സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ സാധിക്കുന്ന വ്യക്തിയാണ് ബ്ലെസിയെന്നും അദ്ദേഹത്തോട് തനിക്ക് അളവില്ലാത്ത ആരാധനയാണെന്നുമാണ് പൃഥ്വി പറയുന്നത്.
‘സംവിധായകന്‍- നടന്‍ എന്ന് പറയുന്ന ഇക്വേഷനൊക്കെ പണ്ടേപ്പോഴോ പോയി. ഈ യാത്ര തുടങ്ങി രണ്ട് മൂന്ന് വര്‍ഷം കഴിയുമ്പോള്‍ തന്നെ ബ്ലെസി ചേട്ടന്‍ ഒരു ഡയറക്ടര്‍ ഞാന്‍ ഒരു ആക്ടര്‍ എന്ന പരിപാടിയൊക്കെ മാറിയിട്ടുണ്ട്.
ആടുജീവിതത്തിനിടെയുള്ള എന്റെ മേക്കിങ് വീഡിയോ എത്ര എടുത്തിട്ടുണ്ടോയെന്ന് അറിയില്ല. പക്ഷേ ഷൂട്ട് നടക്കുമ്പോഴുള്ള ബ്ലെസി ചേട്ടനേയും എന്നേയും കണ്ടാല്‍ നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ മനസിലാകും. എനിക്ക് ഏറ്റവും സ്വാതന്ത്ര്യവുമുള്ള ഡയറക്ടറാണ് ബ്ലെസി ചേട്ടന്‍. അത്ര തന്നെ സ്വാതന്ത്ര്യം എന്റെ അടുത്തുമുണ്ട്.
ഞാന്‍ അദ്ദേഹവുമായി ഒരുപാട് വഴക്കുണ്ടാക്കിയിട്ടുണ്ട്. ഉടക്കിയിട്ടുണ്ട്. പക്ഷേ എനിക്ക് അളവില്ലാത്ത ആരാധനയാണ് അയാളോട്. ഇങ്ങനെയൊരു മനുഷ്യന്‍ എന്ന് പറയുന്നത് ശരിക്കും അണ്‍ ബിലീവബിള്‍ ആണ്. ഞാന്‍ കളിയാക്കി പറയും, കുടുംബത്തില്‍ നല്ല കാശുണ്ട് അതുകൊണ്ടിപ്പോ ഇത്ര വര്‍ഷത്തിനിടെ ഒരു സിനിമ എന്ന നിലയില്‍ എടുത്താലും പേടിക്കാനില്ല എന്ന്.
ശരിയാണ് കുടുംബത്തില്‍ നല്ല കാശുണ്ട്. പക്ഷേ അതവിടെ നില്‍ക്കട്ടെ, ഒരു ഫിലിം മേക്കറെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഏറ്റവും വലിയ ത്വര എന്നത് സിനിമകള്‍ ചെയ്യുക എന്നുള്ളത് തന്നെയാണ്. അതിന് എല്ലാ സാഹചര്യങ്ങളുമുണ്ടായിട്ടും എത്രയോ നിര്‍മാതാക്കളും നടീനടന്മാരും ഈ യാത്രക്കിടയില്‍ തന്നെ അദ്ദേഹത്തെ സമീപിച്ചിട്ടും,
ഒരു വര്‍ഷം ഗ്യാപ്പിനിടെ ഒരു സിനിമ ചെയ്താലോ എന്ന് ചോദിച്ചുവരുമ്പോഴും ഇല്ല ഞാന്‍ ഈ വഴിയിലാണ്. അപ്പുറമെത്തിയിട്ടേ ഇനി മറ്റെന്തിനെ കുറിച്ചും ആലോചിക്കൂ എന്ന് പറയാനുള്ള ധൈര്യത്തോട് എനിക്ക് ആരാധനയാണ്.
പിന്നെ അദ്ദേഹം എനിക്ക് തന്നെ സ്‌പേസ്, അത് അഭിനയിക്കുന്നതില്‍ മാത്രമല്ല, സ്‌ക്രിപ്റ്റില്‍, മേക്കിങ്ങില്‍ എല്ലാം ബ്ലെസി ചേട്ടന്‍ എന്നോട് അഭിപ്രായം ചോദിക്കുകയും എന്റെ ആശങ്കകളെ പരിഗണിക്കുകയും ചെയ്തിട്ടുണ്ട്.
ബ്ലെസി ചേട്ടാ ഈ ഷോട്ട് എനിക്കൊരു ക്ലോസ് എടുത്തു തരുമോ എന്ന് ഞാന്‍ ചോദിക്കും. എന്തിനാ രാജൂ എന്നൊരു ചോദ്യം തിരിച്ചു ചോദിക്കും. ആ രംഗം ഈ റേഞ്ചില്‍ എനിക്ക് കണ്‍വേ ചെയ്യാന്‍ പറ്റുന്നില്ല എന്ന് ബ്ലെസി ചേട്ടനോട് പറയാം. അദ്ദേഹം ആ ക്ലോസ് എടുത്തു തരും. അത്രയും കംഫര്‍ട്ടുള്ള മേക്കറാണ്. പിന്നെ ബ്ലെസി ചേട്ടന്റെ സിനിമയില്‍ ഒരു ആക്ടര്‍ മോശമാകാന്‍ വലിയ പാടാണ്,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj about blessy and aadujeevitham and his passion of movies