അന്ന് 30 കോടിക്ക് ലൂസിഫര്‍ ഭയങ്കര വലിയ സിനിമയാണ്, അയ്യോ ചിന്തിക്കാന്‍ പറ്റുന്നില്ലെന്ന് ഇന്ന് ആരും പറയില്ല: പൃഥ്വിരാജ്
Entertainment news
അന്ന് 30 കോടിക്ക് ലൂസിഫര്‍ ഭയങ്കര വലിയ സിനിമയാണ്, അയ്യോ ചിന്തിക്കാന്‍ പറ്റുന്നില്ലെന്ന് ഇന്ന് ആരും പറയില്ല: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th February 2023, 10:23 am

കയ്യില്‍ പണമുണ്ടെന്ന് കരുതി ഒരാള്‍ക്കും നല്ല പ്രൊഡ്യൂസറാകാന്‍ കഴിയില്ലെന്ന് പൃഥ്വിരാജ്. പ്രൊഡ്യൂസര്‍ എന്നത് സ്‌കില്‍ സെറ്റാണെന്നും സിനിമക്ക് വേണ്ടി പണം എങ്ങനെ ഉണ്ടാക്കണമെന്ന് തനിക്കും സുപ്രിയക്കും ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ലൂസിഫര്‍ സിനിമ സംവിധാനം ചെയ്യുമ്പോള്‍ 30 കോടിയുടെ സിനിമ എന്ന് പറഞ്ഞാല്‍ അന്ന് വലിയ സിനിമയാണെന്നും ഇന്ന് വലിയ സ്റ്റാറിനെ വെച്ച് 30 കോടി ബജറ്റില്‍ സിനിമ ചെയ്യുന്നത് ആളുകള്‍ക്ക് വലിയ കാര്യമായി തോന്നില്ലെന്നും പൃഥ്വി പറഞ്ഞു. തീര്‍പ്പ് സിനിമ ഇറങ്ങിയ സമയത്ത് 24 ന്യൂസിനോടാണ് പൃഥ്വിരാജ് ഈ കാര്യം പറഞ്ഞത്.

”പണമുണ്ടെങ്കില്‍ മാത്രമല്ല ഒരാള്‍ ഒരു നല്ല പ്രൊഡ്യൂസര്‍ ആവുക. എന്റെ അക്കൗണ്ടില്‍ ഒരു നൂറ് കോടി രൂപയുണ്ടായാല്‍ ഞാന്‍ ഒരു നല്ല പ്രൊഡ്യൂസറാവില്ല. പ്രൊഡ്യൂസര്‍ എന്ന് പറയുന്നത് ഒരു സ്‌കില്‍ സെറ്റ് കൂടിയാണ്.

എന്തുകൊണ്ടാണ് ഫിലിം യൂണിവേഴ്‌സിറ്റീസില്‍ ഫിലിം പ്രൊഡ്യൂസിങ് കോഴ്‌സ് ഉള്ളത്. കാരണം പ്രൊഡ്യൂസറാകാന്‍ പണം മാത്രം പോര. ആ സ്‌കില്‍ സെറ്റ് എനിക്ക് പൂര്‍ണമായി ഉണ്ടെന്നല്ല ഞാന്‍ പറയുന്നത്. ബിഗ് ബജറ്റ് സിനിമക്ക് പണം ഉണ്ടാക്കുക എന്നത് ഇന്ന് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.

സിനിമക്ക് വേണ്ടി ഫണ്ട് എങ്ങനെയുണ്ടാക്കമെന്ന ധാരണ എനിക്കും സുപ്രിയക്കും ഉണ്ട്. ഒരു സ്‌ക്രിപ്റ്റ് ചെയ്യണമെങ്കില്‍ ഇത്ര കോടി രൂപ വേണമെന്ന് ആദ്യമെ നമുക്ക് ബോധ്യം വേണം.

 

ഞാന്‍ ലൂസിഫര്‍ ചെയ്യുമ്പോള്‍ 30 കോടിയുടെ സിനിമ എന്ന് പറഞ്ഞാല്‍ അന്ന് ഭയങ്കര വലിയ സിനിമയാണ്. ഇത്ര ബഡ്ജറ്റിലും ഈ സിനിമ ചെയ്താല്‍ വിജയിക്കുമെന്ന് ഒരു പ്രൊഡ്യൂസര്‍ സ്വയം വിശ്വസിക്കണം.

സിനിമ നിര്‍മിക്കുമ്പോള്‍ ഫിനാന്‍ഷ്യലി എനിക്ക് ലാഭം ഉണ്ടാകുമെന്ന് ഒരു പ്രൊഡ്യൂസര്‍ വിജയിക്കുമ്പോഴാണ് അത് സംഭവിക്കുന്നത്. ഇന്ന് 30 കോടിക്ക് ബിഗ് സ്റ്റാറിനെ വെച്ച് സിനിമ ചെയ്യുക എന്ന് പറയുന്നത് അയ്യോ ചിന്തിക്കാന്‍ പറ്റുന്നില്ലെന്ന് ആരും പറയില്ല,” പൃഥ്വിരാജ്‌

content highlight: prithviraj about big budjet movies