|

ഒരു പത്ത് മുപ്പത് ദിവസം അവിടെ നില്‍ക്കാന്‍ പറ്റിയിരുന്നെങ്കില്‍ പൊളിച്ചേനെ; ബറോസില്‍ നിന്ന് പിന്മാറിയതില്‍ വിഷമമുണ്ട്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രഖ്യാപന സമയം മുതല്‍ മലയാള സിനിമാസ്വാദകരുടെ ഇടയിലെ ചര്‍ച്ചയാണ് ബറോസ്. മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നത് തന്നെയായിരുന്നു അതിന് കാരണം.

അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ നിന്നും പിന്മാറേണ്ടി വന്നതിനെ കുറിച്ചും അത് തനിക്കുണ്ടാക്കിയ നഷ്ടത്തെ കുറിച്ചുമൊക്കെ പറയുന്ന നടന്‍ പൃഥ്വിരാജിന്റെ വാക്കുകളാണ് വൈറലാകുന്നത്.

ബറോസില്‍ നിന്നും പിന്മാറേണ്ടി വന്നതില്‍ വിഷമമുണ്ടെന്നാണ് പൃഥ്വിരാജ് പറയുന്നത്. ബറോസ് അന്ന് ഷൂട്ടിങ് നടക്കാതെ പോവുകയും രണ്ടാമത് ഷൂട്ടിങ് തുടങ്ങിയ സമയത്ത് തനിക്ക് ആടുജീവിതത്തിന്റെ ഷൂട്ടിന് പോകേണ്ടി വന്നതുകൊണ്ടുമാണ് ചിത്രത്തിന്റ ഭാഗമാകാന്‍ കഴിയാതെ പോയതെന്നും അല്ലെങ്കില്‍ തീര്‍ച്ചയായും താന്‍ ഉണ്ടാകുമായിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു. ക്ലബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുള്ള ഒരു അവസരമായിരുന്നു ആ സിനിമ. ഞാന്‍ ഒരാഴ്ച അവിടെ നിന്ന സമയത്ത് എന്റെ ഒഴിവ് സമയം മുഴുവന്‍ ഞാന്‍ ചിലവഴിച്ചത് എനിക്ക് സ്വന്തമായി ഒരു ത്രീഡി സിനിമ സംവിധാനം ചെയ്യണമെങ്കില്‍ എന്തൊക്കെ കാര്യങ്ങള്‍ പഠിക്കണം എന്നതിലായിരുന്നു(ചിരി).

ഞാന്‍ ഫുള്‍ ടൈം ആ ത്രിഡി സ്റ്റേഷനിലായിരുന്നു. ഇന്ന് ലോകത്തില്‍ തന്നെ ലഭ്യമായ ഏറ്റവും മികച്ച ത്രിഡി ഫെസിലിറ്റി തന്നെയാണ് അവര്‍ ഉപയോഗിച്ചത്. അല്ലാതെ മലയാളം സിനിമ ആയതുകൊണ്ട് ഒരു വിലകുറഞ്ഞ സാധനമൊന്നുമല്ല.

ഇന്ന് ലോകത്ത് ലഭ്യമായിട്ടുള്ള ഏറ്റവും നല്ല ടെക്‌നോളജി തന്നെയാണ് ഉപയോഗിക്കുന്നത്. ആ കാര്യങ്ങളൊക്കെ പഠിക്കാന്‍ എനിക്ക് ഭയങ്കര ആവേശമായിരുന്നു. ഒരു പത്ത് മുപ്പത് ദിവസം അവിടെ നില്‍ക്കാന്‍ പറ്റിയിരുന്നെങ്കില്‍ പൊളിച്ചേനെ എന്ന് തോന്നിയിരുന്നു.

പിന്നെ സന്തോഷേട്ടന്‍ ഷൂട്ട് ചെയ്യുന്നു, ജിജോ സാര്‍, ലാലേട്ടന്‍ ഡയരക്ട് ചെയ്യുന്നു, ഒരു ഫിലിം സ്റ്റുഡന്റിനെ സംബന്ധിച്ച് ഭയങ്കര അവസരമായിരുന്നു. എനിക്ക് ആ സിനിമയില്‍ തിരിച്ച് ജോയിന്‍ ചെയ്യാന്‍ പറ്റാത്തതതില്‍ ഏറ്റവും വലിയ നഷ്ടബോധം അതാണ്, പൃഥ്വി പറഞ്ഞു.

ഒരു ത്രിഡി സിനിമ എന്നത് തന്റെ സ്വപ്‌നമാണെന്നും ലാലേട്ടനോട് അത് ലൂസിഫറിന്റെ സമയത്ത് തന്നെ താന്‍ പറഞ്ഞിട്ടുണ്ടെന്നും പൃഥ്വി അഭിമുഖത്തില്‍ വ്യക്തമാക്കി.

Content Highlight: Prithviraj about Barroz Movie and Mohanlal