എനിക്കൊപ്പം അന്ന് സ്‌ക്രീന്‍ ടെസ്റ്റിനെത്തിയത് അസിനായിരുന്നു; പക്ഷേ സിനിമ വന്നപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഇല്ല: പൃഥ്വിരാജ്
Movie Day
എനിക്കൊപ്പം അന്ന് സ്‌ക്രീന്‍ ടെസ്റ്റിനെത്തിയത് അസിനായിരുന്നു; പക്ഷേ സിനിമ വന്നപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഇല്ല: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th April 2024, 3:48 pm

ഫഹദ് ഫാസിലുമൊത്തുള്ള സൗഹൃദത്തെ കുറിച്ചും ഫഹദിലെ നടനെ കുറിച്ചും സിനിമയോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ പൃഥ്വിരാജ്.

ഫഹദ് ആദ്യമായി സിനിമയിലെത്തുന്നത് താന്‍ സ്‌ക്രീന്‍ ടെസ്റ്റ് ചെയ്ത കഥാപാത്രത്തിലൂടെയാണെന്നാണ് പൃഥ്വി പറയുന്നത്. കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലേക്ക് ഫാസില്‍ തന്നെ സ്‌ക്രീന്‍ ടെസ്റ്റിനായി ക്ഷണിച്ചതിനെ കുറിച്ചും അന്ന് തനിക്കൊപ്പം അഭിനയിച്ച നടിയെ കുറിച്ചുമൊക്കെയാണ് പൃഥ്വി ഗലാട്ട ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നത്.

സ്‌ക്രീന്‍ ടെസ്റ്റിന് വേണ്ടി തനിക്കൊപ്പം എത്തിയ ആ നടി അസിന്‍ ആയിരുന്നെന്നാണ് പൃഥ്വി പറയുന്നത്.

‘പാച്ചിക്ക ഏതാണ്ട് 20 വര്‍ഷം ചെന്നൈയില്‍ ഞങ്ങളുടെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചത്. ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് താമസം മാറിയപ്പോഴാണ് അദ്ദേഹത്തിന് ഞങ്ങളുടെ ആ വീട് നല്‍കുന്നത്. ഫാസില്‍ സാറും എന്റെ അച്ഛനും അടുത്ത സുഹൃത്തുക്കളായിരുന്നു. അത്തരത്തില്‍ ഞങ്ങള്‍ ഫാമിലി സുഹൃത്തുക്കളാണ്.

ഫഹദിന്റെ ആദ്യ സിനിമയില്‍ എന്നെ സ്‌ക്രീന്‍ ടെസ്റ്റ് ചെയ്തിരുന്നു. ഒരു ദിവസം തിരുവനന്തപുരത്ത് വെച്ചാണ് ആദ്യമായി ഞാന് പാച്ചിക്കയെ കാണുന്നത്. കണ്ടപ്പോള്‍ തന്നെ നീ ഇത്രയും വളര്‍ന്നോ എന്ന് ചോദിച്ചു. ഒരു സ്‌ക്രീന്‍ ടെസ്റ്റ് ചെയ്യണമെന്നും പറഞ്ഞു. എന്തിനാണ് സ്‌ക്രീന്‍ ടെസ്‌റ്റെന്ന് ചോദിച്ചപ്പോള്‍ ഒരു സിനിമ ചെയ്യുന്നുണ്ടെന്നായിരുന്നു പറഞ്ഞത്.

അങ്ങനെ സ്‌ക്രീന്‍ ടെസ്റ്റിനായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. അവിടെ ക്യാമറയൊക്കെ സെറ്റ് ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു. ഒരു പാട്ടും വെച്ചു. ആ സ്‌ക്രീന്‍ ടെസ്റ്റില്‍ എനിക്കൊപ്പം അഭിനയിക്കാന്‍ അദ്ദേഹം ഒരു പെണ്‍കുട്ടിയെ വിളിച്ചു. അസിന്‍ ആയിരുന്നു അത്. അസിന്‍ അന്ന് 9ാം ക്ലാസിലോ മറ്റോ ആണ്. ഞങ്ങള്‍ ആദ്യമായി കാണുകയാണ്.

ഞാന്‍ സ്‌ക്രീന്‍ ടെസ്റ്റ് ചെയ്ത ആ സിനിമ പക്ഷേ ഷാനുവിന്റെ ആദ്യ സിനിമയായി മാറി. അതിന് ശേഷം യു.എസിലേക്ക് പോയ ഷാനു തിരിച്ചെത്തി. സിനിമയ്ക്ക് അദ്ദേഹത്തെ ആവശ്യമായിരുന്നു.

മികച്ച കലാകാരനാണ് അദ്ദേഹം. മികച്ച നിര്‍മാതാവാണ്. ദുല്‍ഖറിനും ഷാനുവിനും സിനിമയെ കുറിച്ച് വലിയ കാഴ്ചപ്പാടുണ്ട്. ഫഹദിന്റെ ആവേശത്തിനായി ഞാനും കാത്തിരിക്കുകയാണ്. അവനും ദുല്‍ഖറുമൊക്കെ എന്റെ സമകാലികരായി ഉണ്ടെന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj about Asin and fahad Faasil