വിജയ് ബാബു, അമ്മ വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടിയുമായി പൃഥ്വിരാജ്.
തന്റെ പുതിയ ചിത്രം കടുവയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് പൃഥ്വിരാജ് ഒരു മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത്.
വിജയ് ബാബു വിഷയത്തില്‍ അമ്മയുടെ തീരുമാനത്തെ കുറിച്ചും അതോടൊപ്പം തുടര്‍ച്ചയായി സംഘടനയോട് സഹകരിക്കാതെ ഇരിക്കുന്ന താരങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ഉണ്ടാകില്ലെന്ന തീരുമാനത്തെ കുറിച്ചുമുള്ള പൃഥ്വിരാജിന്റെ അഭിപ്രയാമെന്താണെന്നാണ് മാധ്യമ പ്രവര്‍ത്തക ചോദിച്ചത്.
‘അമ്മ യുടെ യോഗത്തില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല അതുകൊണ്ട് അവിടെ എന്താണ് നടന്നത് എന്ന് അറിയില്ല. അവിടെ നിന്ന് ഒരു ഇമെയില്‍ വരും അത് വായിച്ച ശേഷം മറുപടി പറയാം’ എന്നായിരുന്നു സംഘടനയുമായി സഹകരിക്കാത്ത താരങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ഉണ്ടാകില്ല എന്ന അമ്മയുടെ തിരുമാനത്തെ കുറിച്ചുള്ള ചോദ്യത്തിന് പൃഥ്വിരാജ് പറഞ്ഞത്.
‘തീര്‍ച്ചയായും അതിനെ പറ്റി സംസാരിക്കുന്ന വേദിയില്‍ നിലപാട് പറയാമെന്നും ഇപ്പോള്‍ കടുവ പ്രൊമോഷന്‍ നടക്കട്ടെ’ എന്നുമാണ് വിജയ് ബാബുവിനെ സംരക്ഷിക്കാനുള്ള അമ്മയുടെ യോഗ തിരുമാനത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പൃഥ്വിരാജ് പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് താര സംഘടന അമ്മയുടെ വാര്‍ഷിക യോഗം കൊച്ചിയില്‍ നടന്നത്. വാര്‍ഷിക യോഗത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ലൈംഗിക പീഡന കേസില്‍ പ്രതിയായ വിജയ് ബാബു ഉള്‍പ്പെടെ സിനിമ രംഗത്തെ നിരവധി പേര്‍ പങ്കെടുത്തിരുന്നു. പ്രസിഡന്റായ മോഹന്‍ലാലിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
യോഗത്തില്‍ വിജയ് ബാബുവിനെ സംരക്ഷിക്കാനുള്ള തീരുമാനമാണ് അമ്മ കൈക്കൊണ്ടത്. കോടതി കുറ്റക്കാരനാണെന്ന് വിധിക്കുന്ന വരെ പുറത്താക്കില്ല എന്നായിരുന്നു യോഗ ശേഷം മധ്യമങ്ങളെ കണ്ട ഇടവേള ബാബു പറഞ്ഞത്.
മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്. ലുസിഫറിന് ശേഷം വിവേക് ഒബ്രോയ് വില്ലന്‍ വേഷത്തില്‍ എത്തുന്ന മലയാള ചിത്രം കൂടിയാണ് കടുവ. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായിക വേഷം കൈകാര്യം ചെയ്യുന്നത്.
ജൂണ്‍ 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രം പിന്നീട് ജൂലൈ 7ലേക്ക് മാറ്റി വെക്കുകയായിരുന്നു. ‘ചില അപ്രതീക്ഷിത കാരണങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടുന്നതെന്നും സിനിമ ഇനി ജൂലൈ ഏഴിന് റിലീസ് ചെയ്യുമെന്നും’ പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.
ആദം ജോണിന്റെ സംവിധായകനും ‘ലണ്ടന്‍ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിവേക് ഒബ്രോയ് ചിത്രത്തില്‍ വില്ലനായ ഡി.ഐ.ജിയെ അവതരിപ്പിക്കുന്നു. ജേക്ക്സ് ബിജോയ്യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
Content Highlight : Prithviraj about AMMA and Vijay babu issue