| Sunday, 1st December 2024, 8:21 am

ആ ട്രാപ്പിൽ വീഴാതിരിക്കാൻ ഞാൻ പിന്തുടരുന്നത് ആ തമിഴ് സൂപ്പർ സ്റ്റാറിന്റെ രീതികൾ: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് ഇന്ത്യയിൽ ഏറെ ആരാധകരുള്ള നടനാണ് അജിത്. ആരാധക്കർക്കിടയിൽ തല എന്നറിയപ്പെടുന്ന അജിത്തിന് കേരളത്തിലും വലിയ പ്രേക്ഷക പിന്തുണയുണ്ട്. ഇടവേളകളെടുത്ത് സിനിമ ചെയ്യുന്ന നടനാണ് അദ്ദേഹം. ബോക്സ് ഓഫീസിൽ വിജയ പരാജയങ്ങൾ ഒരുപോലെ അറിഞ്ഞിട്ടുള്ള അജിത്തിന്റെ വരാനിരിക്കുന്ന സിനിമ വിടാമുയർച്ചിയാണ്.

വിജയ പരാജയങ്ങൾക്ക് ഒട്ടും പ്രാധാന്യം കൊടുക്കാത്ത നടനാണ് അജിത്തെന്ന് പറയുകയാണ് നടൻ പൃഥ്വിരാജ്. ഒരു സിനിമ വലിയ വിജയമായി മാറിയാൽ അദ്ദേഹം മതിമറന്ന് ആഘോഷിക്കാറില്ലെന്നും പരാജയപ്പെട്ടാൽ സങ്കടപ്പെടുന്ന ആളുമല്ല അദ്ദേഹമെന്നും പൃഥ്വിരാജ് പറയുന്നു. തന്റെ കരിയറിൽ അതൊരു പാഠമാണെന്നും ഇപ്പോൾ അതാണ് പിന്തുടരാൻ ശ്രമിക്കുന്നതെന്നും പൃഥ്വി പറയുന്നു.

‘ഒരിക്കൽ അജിത്ത് സാറുമായി ഒരു രണ്ടുമണിക്കൂർ എനിക്ക് സംസാരിക്കാനുള്ള അവസരം ലഭിച്ചിരുന്നു. അന്ന് ഞാനൊരു പ്രധാന കാര്യം മനസിലാക്കി. തന്റെ വിജയ പരാജയങ്ങൾക്ക് അദ്ദേഹം വലിയ പരിഗണന നൽകാറില്ല. എനിക്ക് തോന്നുന്നില്ല അജിത് സാറിന്റെ ഒരു സിനിമ തമിഴ്നാട്ടിൽ ഏറ്റവും വലിയ വിജയമായി മാറിയെന്നുകരുതി അദ്ദേഹം മതിമറന്നു സന്തോഷിക്കുമെന്ന്.

അതുപോലേ ഒരു സിനിമ പരാജയപ്പെട്ടാൽ അങ്ങനെ വല്ലാതെ സങ്കടപ്പെടുന്ന ആളുമല്ല അദ്ദേഹം. ആ കാര്യങ്ങളോട് അദ്ദേഹം അല്പം ഡിറ്റാച്ച്ഡ് ആണ്. അതെനിക്ക് മനസിലായി. സത്യത്തിൽ അതിലൊരു വലിയ പാഠമുണ്ട്. ഞാൻ എന്റെ കരിയറിൽ ഇപ്പോൾ പിന്തുടരുന്ന ഒരു പാത അതാണ്. നമ്മുടെ പ്രൊഫെഷണൽ ലൈഫിലെ കാര്യങ്ങളോട് ഇപ്പോഴും അല്പം ഡിറ്റാച്ച്ഡ് ആയിരിക്കണം.

ഒരു വിജയം വന്നുകഴിയുമ്പോൾ അതിൽ മതിമറക്കാനും, ഒരു പരാജയം വന്നു കഴിയുമ്പോൾ അതിൽ തളർന്നുപോവാനും വല്ലാതെ നമ്മളെ പ്രോത്സാഹിപ്പിക്കുന്ന ഒരു മേഖലയാണ് സിനിമ.

ആ ട്രാപ്പിൽ വീഴാതിരിക്കാൻ നമ്മുടെ വിജയത്തെയും പരാജയത്തെയും ഒരുപോലെ അകറ്റിനിർത്തേണ്ടത് ഒരു ആവശ്യമാണെന്ന് ഞാൻ ആദ്യം തിരിച്ചറിയുന്നത് അജിത്തിൽ നിന്നാണ്,’ പൃഥ്വിരാജ് പറയുന്നു.

Content Highlight: Prithviraj About Ajith And His Career

We use cookies to give you the best possible experience. Learn more