| Saturday, 23rd March 2024, 4:25 pm

പ്രൊഡക്ഷൻ ബോയ് വരെ വന്നു; എല്ലാവരും എന്നെ സമാധാനിപ്പിക്കുകയാണ്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിന് പോയപ്പോൾ കൊറോണ കാരണം ജോർദാനിൽ പെട്ട് പോയപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് പൃഥ്വിരാജ്. ആ സമയത്ത് സെറ്റിലുള്ള എല്ലാവരും തന്റെ കാര്യത്തിലാണ് ആശങ്ക ഉണ്ടായതെന്നും പൃഥ്വിരാജ് പറഞ്ഞു.

താൻ ആ സമയത്ത് ഭക്ഷണം കഴിക്കാതെ ശരീര ഭാരം കുറച്ച അവസ്ഥയിൽ ആണെന്നും പൃഥ്വിരാജ് പറയുന്നുണ്ട്. രണ്ടുദിവസം കഴിഞ്ഞപ്പോൾ എല്ലാവരും തന്നെ സമാധാനിപ്പിക്കുകയാണെന്ന് മനസിലായെന്നും പ്രൊഡക്ഷൻ ബോയ് വരെ ടെൻഷൻ അടിക്കേണ്ടാ എന്ന് പറഞ്ഞെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ബ്ലെസി ചേട്ടനും ഞാനും മാത്രമുള്ള സമയങ്ങളിൽ മാത്രമാണ് നമ്മുടെ പേടികൾ പരസ്പരം കൈമാറുന്നത്. അല്ലാതെ ടീമിന് മുന്നിൽ വരുമ്പോൾ എല്ലാം ഓക്കെയാണ് എന്നാണ് പറയുക. എനിക്കൊരു കാര്യം മനസിലായത് അവിടെ നമ്മൾ പെട്ടുപോയ സമയത്ത് എല്ലാവരും ഏറ്റവും കൂടുതൽ കൺസേൺ ആയത് എന്നെക്കുറിച്ച് ആയിരുന്നു.

ഞാനീ ഭക്ഷണം കഴിക്കാതിരിക്കുന്നു. അത്രയും ശരീര ഭാരം കുറച്ചിട്ടുള്ള അവസ്ഥയിലാണ്. രണ്ടുദിവസം കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി എല്ലാവരും എന്നെ സമാധാനിപ്പിക്കുകയാണ് എന്ന്. പ്രൊഡക്ഷൻ ബോയ് വരെ വന്നിട്ട് ചേട്ടാ കുഴപ്പമില്ല ഒക്കെ ശരിയാക്കാം എന്ന് പറഞ്ഞ് എന്നെ സമാധാനിപ്പിക്കുകയാണ്.

അപ്പോൾ ഞാൻ ഡൗൺ ആയാൽ തീർന്നു. നമ്മുടെത് അത്രയും അമേസിങ് ക്രൂ ആയിരുന്നു. ബ്ലെസി ചേട്ടനും ഞാനും ഈ സിനിമയെ സ്നേഹിച്ചത് പോലെ തന്നെ ഈ സിനിമയെ സ്നേഹിച്ച ഒരു വലിയ ക്രൂ ഉണ്ട്. അവർക്കും ഒരേ പോലെ അവകാശപ്പെട്ടതാണ് ഈ സിനിമ,’ പൃഥ്വിരാജ് പറഞ്ഞു.

യഥാർത്ഥ കഥയെ ആസ്പദമാക്കി ചിത്രീകരിക്കുന്ന ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയാണ് ആടുജീവിതം. ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കിയ സിനിമയെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്. 2018ൽ തുടങ്ങിയ ചിത്രം 2022 വരെ ഷൂട്ട് ചെയ്തിരുന്നു. ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് ഒരുപാട് കഷ്ടപെട്ടിരുന്നു. ഏകദേശം കിലോ 30 വരെ പൃഥ്വിരാജ് സിനിമയ്ക്ക് വേണ്ടി കുറച്ചിരുന്നു.

Content Highlight: Prithviraj about aadujeevitham movie’s crew members dedication

We use cookies to give you the best possible experience. Learn more