പത്രവാർത്തയിൽ നിന്ന് കിട്ടിയ ഐഡിയ അവൻ അങ്ങനെയൊരു കഥയാക്കുമെന്ന് ഞാൻ കരുതിയില്ല: പൃഥ്വിരാജ്
Entertainment
പത്രവാർത്തയിൽ നിന്ന് കിട്ടിയ ഐഡിയ അവൻ അങ്ങനെയൊരു കഥയാക്കുമെന്ന് ഞാൻ കരുതിയില്ല: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 23rd October 2024, 12:08 pm

ജിനു.വി.എബ്രഹാം രചനയും സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമായിരുന്നു ആദം ജോൺ. സ്കോട്ലാൻഡ് പ്രധാന ലൊക്കേഷനായി അവതരിപ്പിച്ച ചിത്രം മേക്കിങ്ങിലും ഇന്റർനാഷണൽ ക്വാളിറ്റി പുലർത്തിയിരുന്നു.

കാണാതായ മകളെ അന്വേഷിച്ചിറങ്ങുന്ന ഒരു അച്ഛന്റെ കഥയാണ് ആദം ജോൺ. പൃഥ്വിരാജിന് പുറമേ നരേൻ, ഭാവന, കെ.പി.എ.സി ലളിത തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ത്രില്ലർ ഡ്രാമയായാണ് ഒരുക്കിയത്.

 

ലണ്ടൻ ബ്രിഡ്ജ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയിലാണ് ആദം ജോണിന്റെ ഐഡിയ ഉണ്ടാവുന്നതെന്നും ഒരു പത്രവാർത്തയാണ് സിനിമയ്ക്ക് പ്രചോദനമെന്നും പൃഥ്വിരാജ് പറയുന്നു. ആ വാർത്തയിൽ ഒരു സിനിമയുണ്ടെന്ന് സംവിധായകൻ ജിനു പറഞ്ഞെന്നും അതൊന്ന് എഴുതി നോക്കാൻ താൻ പറഞ്ഞെന്നും പൃഥ്വി പറഞ്ഞു. എന്നാൽ താൻ കരുതിയതിൽ നിന്ന് വ്യത്യസ്തമായ ഒരു കഥയായിരുന്നു ജിനു എഴുതിയതെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

‘ആദം ജോൺ എന്ന സിനിമയുടെ ചിന്ത ഉണ്ടാവുന്നത് ലണ്ടൻ ബ്രിഡ്ജ് എന്ന സിനിമയുടെ ഷൂട്ട്‌ സ്കോട്ലാൻഡിൽ വെച്ച് നടക്കുമ്പോഴാണ്. ലണ്ടൻ ബ്രിഡ്ജ് ഷൂട്ട്‌ ചെയ്യുന്ന സമയത്ത് അവിടെ വെച്ച് വായിച്ച ഒരു പത്ര വാർത്തയിൽ നിന്നാണ് ആദം ജോണിന്റെ ഐഡിയ കിട്ടുന്നത്.

ആ വാർത്തയാണ് ആദം ജോണിന്റെ യഥാർത്ഥ ഇൻസ്പറേഷൻ. വാർത്ത വായിച്ചിട്ട് ജിനു എന്നോട് പറയുകയായിരുന്നു, ഇതിലൊരു സിനിമയുടെ മെറ്റീരിയലുണ്ടെന്ന്. ഞാനും അതെയെന്ന് പറഞ്ഞു.

ഞാൻ ജിനുവിനോട് എഴുതാൻ പറഞ്ഞു. എഴുതിയിട്ട് നമുക്കിരിക്കാമെന്ന് പറഞ്ഞു. പിന്നീട് ഒരു ഒന്നൊന്നര വർഷം കഴിഞ്ഞാണ് ജിനു എന്നെ വിളിച്ച് ഈ കഥയെ കുറിച്ച് വീണ്ടും പറയുന്നത്. ജിനു എന്നോട് ചോദിച്ചത്, നമ്മൾ അന്ന് സംസാരിച്ചത് ഓർമയുണ്ടോ? ഞാൻ അതിനെ കുറിച്ചൊരു സ്ക്രിപ്റ്റ് ചെയ്തിട്ടുണ്ട് എന്നായിരുന്നു

ആ സംഭവം എന്താണെന്ന് അറിയുന്നത് കൊണ്ട് ഞാൻ പ്രതീക്ഷിച്ച ഒരു തരം സിനിമ ഉണ്ടായിരുന്നു. പക്ഷെ ജിനു എന്നെ സർപ്രൈസ് ചെയ്തത് ഒരു ഇമോഷണൽ ഫാമിലി ഡ്രാമയായി കഥ ഒരുക്കികൊണ്ടായിരുന്നു. അതൊരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല,’പൃഥ്വിരാജ് പറയുന്നു.

 

Content Highlight: Prithviraj About Aadam Jhon Movie