നടന്‍, ഗായകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചയാളാണ് പൃഥ്വിരാജ് സുകുമാരന്‍. രഞ്ജിത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന പൃഥ്വിരാജ് കരിയറിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. ഇന്ന് മലയാളത്തിലെ ശ്രദ്ധേയനായ സംവിധായകനും കൂടിയാണ് പൃഥ്വിരാജ്.
തന്റെ കരിയറിൽ മുടങ്ങിപ്പോയ ഒരു സിനിമയെ കുറിച്ച് പറയുകയാണ് പൃഥ്വിരാജ്. മമ്മൂട്ടിയുടെ വില്ലനായി അമൽ നീരദിന്റെ സംവിധാനത്തിൽ ‘അരിവാൾ ചുറ്റിക നക്ഷത്രം‘ എന്ന ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നുവെന്നും എന്നാൽ പല കാരണങ്ങളാൽ സിനിമ മുടങ്ങി പോയെന്നും താരം പറയുന്നു. തനിക്ക് ഒരുപാട് ഇഷ്ടം തോന്നിയ സബ്ജെക്ട് ആയിരുന്നു അതെന്നും എന്നാൽ മറ്റ് ചില സിനിമകളിൽ ആ കഥ പശ്ചാത്തലം വന്നതിനാൽ ഇനിയത് സംഭവിക്കില്ലെന്നും പൃഥ്വി പറഞ്ഞു.
‘ആ സിനിമ ഇനി നടക്കുമെന്ന് തോന്നുന്നില്ല. എനിക്ക് ഭയങ്കര ഇന്ട്രെസ്റ്റിങ് ആയിട്ടുള്ള ഒരു ചിത്രമായിരുന്നു അത്. അതിന്റെ പശ്ചാത്തലവും കഥയുടെ പരിസരവുമെല്ലാം എനിക്ക് നന്നായി വർക്ക് ആയ ഒന്നായിരുന്നു. കമ്മ്യൂണിസ്റ്റ് പശ്ചാത്തലമൊന്നുമല്ല.
കുറച്ചൂകൂടെ ഇൻഡിപെൻഡൻഡ് സമയത്തുള്ള കഥയാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ഇവിടുത്തെ ഒരു ഹിൽ സ്റ്റേഷനിൽ, ഒരു മലയോര പ്രദേശത്ത് നടക്കുന്ന കഥയായായിരുന്നു അത്. അതിന്റെ പശ്ചാത്തലവും കഥയിലെ ഭാഗങ്ങളുമെല്ലാം മറ്റ് പല സിനിമകളിലും വന്ന് കഴിഞ്ഞു. ഇനി ആ സിനിമ സംഭവിക്കില്ല,’പൃഥ്വിരാജ് പറയുന്നു.
നേരത്തെ അൻവർ, ബാച്ചിലർ പാർട്ടി എന്നീ അമൽ നീരദ് സിനിമകളിൽ പൃഥ്വിരാജ് അഭിനയിച്ചിരുന്നു. വലിയ രീതിയിൽ ശ്രദ്ധ നേടിയ സിനിമയായിരുന്നു അൻവർ. അമൽ നീരദിന്റെ ആദ്യ ചിത്രമായ മമ്മൂട്ടി ചിത്രം ബിഗ് ബിയുടെ രണ്ടാംഭാഗമായ ബിലാൽ വരുമെന്ന് പറഞ്ഞെങ്കിലും പിന്നീട് കൂടുതൽ അപ്ഡേറ്റൊന്നും വന്നില്ലായിരുന്നു.
അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന ബിഗ് ബജറ്റ് ചിത്രം റിലീസിനൊരുങ്ങുകയാണ്. 2019 ൽ സൂപ്പർഹിറ്റായി മാറിയ ലൂസിഫറിന്റെ രണ്ടാംഭാഗമായ സിനിമ മാർച്ച് 27 നാണ് റിലീസാവുന്നത്. വിവിധ ഭാഷകളിൽ നിന്നായി വമ്പൻ താരനിര ഒന്നിക്കുന്ന സിനിമ വലിയ ഹൈപ്പോടെയാണ് ഇറങ്ങാൻ പോകുന്നത്.
Content Highlight: Prithviraj About A Dropped Project With Amal Neeradh And Mammootty