ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ റിലീസിന് തയാറെടുക്കുകയാണ് ആടുജീവിതം. മലയാളത്തില്‍ ഏററവുമധികം വിറ്റഴിച്ച നോവലുകളിലൊന്നായ ആടുജീവിതം സിനിമാരൂപത്തില്‍ എത്തുമ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത് പൃഥ്വി എന്ന നടന്റെയും ബ്ലെസി എന്ന സംവിധായകന്റെയും സമര്‍പ്പണമാണ്. 10 വര്‍ഷത്തോളമെടുത്ത് സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കുകയും ഏഴ് വര്‍ഷത്തോളമെടുത്ത് ഷൂട്ട് ചെയ്യുകയും ചെയ്ത സിനിമയാണ് ആടുജീവിതം. നജീബ് എന്ന കഥാപാത്രത്തിനായി 30 കിലോയോളം പൃഥ്വിരാജ് കുറച്ചതും ചര്‍ച്ചയായിരുന്നു.
ഈ കഥ സിനിമയാവുന്നു, അതില്‍ താന്‍ അഭിനയിക്കുന്നു എന്ന് തീരുമാനിച്ചതിന് ശേഷം നജീബ് എന്ന കഥാപാത്രത്തിനെ താന്‍ സമീപിച്ചത് വേറൊരു രീതിയിലാണെന്നും അത് ബ്ലെസിയോട് പറഞ്ഞപ്പോളാണ് അദ്ദേഹത്തിനും അങ്ങനെയൊരു ചിന്ത വന്നതെന്നും പൃഥ്വി പറയുന്നു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സൂം ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. നജീബ് എന്ന കഥാപാത്രത്തെ ഏറ്റെടുക്കുമ്പോള്‍ എന്തായിരുന്നു ചിന്ത എന്ന ചോദ്യത്തിന് പൃഥ്വിയുടെ മറുപടി ഇങ്ങനെയായിരുന്നു.
‘ഈ സിനിമയുടെ ആദ്യ ചര്‍ച്ച നടക്കുന്നത് 2008ലാണ്. നജീബ് എന്ന കഥാപാത്രം എന്നിലേക്ക് വന്ന സമയം അതാണ്. അതിന് ശേഷം ഞാന്‍ നജീബിന്റെ ജീവിതത്തെ മറ്റൊരു രീതിയിലാണ് നോക്കിക്കാണാന്‍ ശ്രമിച്ചത്. അയാളുടെ ജീവിതത്തിന്റെ മൂന്ന് ഫേസുകളിലൂടെ ഞാന്‍ ഈ കഥ വായിക്കാന്‍ ശ്രമിച്ചു. ആദ്യത്തേത് നിഷേധിക്കലാണ്. എനിക്ക് ഇങ്ങനെ സംഭവിക്കാന്‍ പാടില്ല എന്നാണ് അയാളുടെ ചിന്ത. ഇത് ഒരു മിസ്റ്റേക്കാണ്, താത്കാലികമാണ്, ഞാന്‍ ഇതില്‍ നിന്ന് പുറത്തുകടക്കുമെന്നാണ് അയാള്‍ ചിന്തിക്കുന്നത്.
രണ്ടാമത്തെ ഫേസ് അയാളുടെ ദേഷ്യമാണ്. എന്തുകൊണ്ട് എനിക്ക് ഇങ്ങനെ സംഭവിക്കുന്നു എന്ന ചിന്ത. മൂന്നാമത്തേത്, എല്ലത്തിനോടും പൊരുത്തപ്പെട്ടുകൊണ്ട് ജീവിക്കുന്ന ഫേസാണ്. അങ്ങനെയാണ് ഞാന്‍ ഈ കഥാപാത്രത്തെ സമീപിച്ചത്. അല്ലാതെ ഒരു വലിയ ക്യാരക്ടര്‍ ആര്‍ക് ആയിട്ട് ഞാന്‍ ഈ സിനിമയെ സമീപിച്ചിട്ടില്ല.
ഇത് ഞാന്‍ ബ്ലെസിയോട് പറഞ്ഞപ്പോഴാണ് അദ്ദേഹത്തിനും അത് ശരിയായി തോന്നിയതും. ഈ മൂന്ന് ഫേസിനെ കേന്ദ്രീകരിച്ചാണ് സിനിമ ചിത്രീകരിച്ചതും. അതുകൊണ്ടാണ് പോസ്റ്ററില്‍ മൂന്ന് തരത്തിലുള്ള ഫോട്ടോസ് ഉള്‍പ്പെടുത്തിയതും,’ പൃഥ്വി പറഞ്ഞു.
Content Highlight: Prithviaj explains the reason for including three different pictures in Aadujeevitham Poster