2024ലെ ഐ.പി.എല്‍ മാമാങ്കത്തിന് ഇനി വെറും രണ്ടുമാസം മാത്രമാണുള്ളത്. കഴിഞ്ഞ ഡിസംബര്‍ മാസം നടന്ന താര ലേലത്തില്‍ മികച്ച കളിക്കാരെ സ്വന്തമാക്കി എല്ലാ ടീമുകളും നിലവില്‍ ശക്തരാണ്. അതിലുപരി ഡല്‍ഹി ക്യാപിറ്റല്‍സിന് മറ്റൊരു സര്‍പ്രൈസ് കൂടെ വന്നിരിക്കുകയാണ്. വാഹനാപകടത്തില്‍ പരിക്കുപറ്റി ഒരു വര്‍ഷക്കാലം ചികിത്സയിലായിരുന്ന ഋഷബ് പന്തിന് പുറകെ സ്റ്റാര്‍ ബാറ്റര്‍ പ്രിഥ്വി ഷായും തിരിച്ചുവരാനിരിക്കുകയാണ്.
കാല്‍മുട്ടിന് പറ്റിയ പരിക്കില്‍ നിന്നും മോചിതനായി 2024ല്‍ നടക്കാനിരിക്കുന്ന ഐ.പി.എല്ലില്‍ താരം തിരിച്ചെത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2023 ഓഗസ്റ്റ് ഡര്‍ഹാമിനെതിരായ കൗണ്ടി മത്സരത്തില്‍ നോര്‍ത്തംപ്ടന് വേണ്ടി ഫീല്‍ഡ് ചെയ്യുന്നതിനിടക്കാണ് പ്രിഥ്വിക്ക് പരിക്ക് പറ്റിയത്. കഴിഞ്ഞ അഞ്ചുമാസമായി താരം കളിച്ചിട്ടില്ല. ക്രിക്കറ്റ് നെക്സ്റ്റ്‌റില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷാ നേരിട്ട് ഐ.പി.എല്ലില്‍ എത്തുമെന്നാണ് പറയുന്നത്.
രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്ക് വേണ്ടിയാണ് താരം കളിച്ചിരുന്നത്. എന്നാല്‍ പരിക്ക് കാരണം വിജയ് ഹസാരെ ട്രോഫിയും മുഷ്താഖ് അലി ട്രോഫിയും താരത്തിന് നഷ്ടപ്പെട്ടിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലിരിക്കുന്ന താരത്തിന് നിലവില്‍ നടക്കുന്ന രഞ്ജി ട്രോഫിയില്‍ പങ്കെടുക്കാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. ഇരുന്നാലും താരം നെറ്റ്‌സില്‍ പരിശീലനം പുനരാരംഭിച്ചിരിക്കുകയാണ്.
‘പൃഥ്വി ഷാ ഏതാനും മാസങ്ങളായി എന്‍.സി.എയില്‍ ഉണ്ട്, പുനരധിവാസത്തിന് വിധേയനാകുകയും ഫിറ്റ്‌നസ് വീണ്ടെടുക്കാനായ നടപടിക്രമങ്ങളും പാലിക്കുന്നു. പരിശീലന സെഷനുകളില്‍ അദ്ദേഹം സാധാരണ ബാറ്റിങ് നടത്തുമ്പോള്‍ മത്സര ക്രിക്കറ്റിലേക്ക് മടങ്ങിവരാനുള്ള ക്ലിയറന്‍സ് ലഭിക്കുന്നതില്‍ നിന്ന് ഇപ്പോഴും അകലെയാണ്. നിലവില്‍, അദ്ദേഹം രഞ്ജി ട്രോഫിയില്‍ പങ്കെടുക്കാനുള്ള സാധ്യത വളരെ കുറവാണ്,” ക്രിക്കറ്റ് താരവുമായി പരിചയമുള്ള ഒരു ഉറവിടം വെളിപ്പെടുത്തി.
Content Highlight: Prithvi Shaw will return for IPL 2024 after recovering from a knee injury