ട്രിപ്പിള്‍ സെഞ്ച്വറിയും ഡബിള്‍ സെഞ്ച്വറിയും; രണ്ടാമനും നാലാമനും ആറാമനും
Sports News
ട്രിപ്പിള്‍ സെഞ്ച്വറിയും ഡബിള്‍ സെഞ്ച്വറിയും; രണ്ടാമനും നാലാമനും ആറാമനും
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 10th August 2023, 11:55 am

ഇന്ത്യന്‍ യുവതാരം പൃഥ്വി ഷായെ സംബന്ധിച്ച് 2023 മികച്ച വര്‍ഷം തന്നെയായിരുന്നു. ഐ.പി.എല്ലിലെ മോശം പ്രകടനം ഒഴിച്ചുനിര്‍ത്തിയാല്‍ ആഭ്യന്തര തല മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. രഞ്ജി ട്രോഫിയിലും ദുലീപ് ട്രോഫിയിലുമെല്ലാം തെറ്റില്ലാത്ത പ്രകടനം പുറത്തെടുത്ത ഷാ ഇപ്പോള്‍ കൗണ്ടി ക്രിക്കറ്റിലും അത് ആവര്‍ത്തിക്കുകയാണ്.

ഈ വര്‍ഷമാണ് താരം കരിയറിലെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറി സ്വന്തമാക്കിയത്. 383 പന്തില്‍ നിന്നും 379 റണ്‍സാണ് താരം നേടിയത്. മുംബൈക്ക് വേണ്ടി അസമിനെതിരെയാണ് താരം ഈ ഗംഭീര നേട്ടം കൈവരിച്ചത്. രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത് സ്‌കോറാണിത്.

443* റണ്‍സടിച്ച ബാബസാഹേബ് നിംബാല്‍ക്കറാണ് പട്ടികയിലെ ഒന്നാമന്‍. 1948/49 സീസണില്‍ സൗരാഷ്ട്രക്കെതിരെയാണ് മഹാരാഷ്ട്ര താരം റണ്ണടിച്ചുകൂട്ടിയത്.

ഇതിന് പുറമെ കഴിഞ്ഞ ദിവസം കൗണ്ടി ക്രിക്കറ്റില്‍ താരം ഇരട്ട സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. ദി കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന നോര്‍താംപ്ടണ്‍ഷെയര്‍ – സോമര്‍സെറ്റ് മത്സരത്തിലാണ് നോര്‍താംപ്ടണ്‍ഷെയറിനായി താരം റണ്ണടിച്ചുകൂട്ടിയത്.

153 പന്തില്‍ നിന്നും 11 സിക്‌സറിന്റെയും 28 ബൗണ്ടറിയുടെയും അകമ്പടിയോടെ 244 റണ്‍സാണ് താരം നേടിയത്. ഷായുടെ രണ്ടാം ലിസ്റ്റ് എ ഇരട്ട സെഞ്ച്വറിയാണിത്.

ഈ നേട്ടത്തിന് പിന്നാലെ മറ്റൊരു നേട്ടവും ഷായെ തേടിയെത്തിയിരുന്നു. ലിസ്റ്റ് എ ഫോര്‍മാറ്റിലെ ആറാമത് മികച്ച സ്‌കോറും ഒരു ഇന്ത്യന്‍ താരത്തിന്റെ നാലാമത് മികച്ച സ്‌കോറുമാണിത്. നാരായണ്‍ ജഗദീശന്‍, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവരാണ് ഷായ്ക്ക് മുമ്പിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

 

ലിസ്റ്റ് എ മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്‍ഡിവിജ്വല്‍ സ്‌കോര്‍

(താരം – റണ്‍സ് – നേരിട്ട പന്തുകള്‍ – ടീം – എതിരാളികള്‍ എന്ന ക്രമത്തില്‍)

1. നാരായണ്‍ ജഗദീശന്‍ – 277 – 141 – തമിഴ്നാട് – അരുണാചല്‍ പ്രദേശ്

2. അലി ബ്രൗണ്‍ – 268 – 160 – സറേ – ഗ്ലാമര്‍ഗോണ്‍

3. രോഹിത് ശര്‍മ – 264 – 173 – ഇന്ത്യ – ശ്രീലങ്ക (ODI #3544)

4. ഡിആര്‍ക്കി ഷോര്‍ട്ട് – 257 – 148 – വെസ്റ്റ് ഓസ്ട്രേലിയ – ക്വീന്‍സ്ലാന്‍ഡ്

5. ശിഖര്‍ ധവാന്‍ – 248 – 150 – ഇന്ത്യ എ – സൗത്ത് ആഫ്രിക്ക എ

6. പൃഥ്വി ഷാ – 244 – 153 – നോര്‍താംപ്ടണ്‍ഷെയര്‍ – സോമര്‍സെറ്റ്

7. മാര്‍ട്ടിന്‍ ഗപ്ടില്‍ – 237* – 163 – ന്യൂസിലാന്‍ഡ് – വെസ്റ്റ് ഇന്‍ഡീസ് (ODI #3643)

8. ട്രാവിസ് ഹെഡ് – 230 – 127 – സൗത്ത് ഓസ്ട്രേലിയ – ക്വീന്‍സ്ലാന്‍ഡ്

9. ബെന്‍ ഡങ്ക് – 229* – 157 – ടാസ്മാനിയ – ക്വീന്‍സ്ലാന്‍ഡ്

10. പൃഥ്വി ഷാ – 227* – 152 – മുംബൈ – പുതുച്ചേരി

ഇതിന് പുറമെ ലിസ്റ്റ് എ ഫോര്‍മാറ്റില്‍ ഏറ്റവുമധികം ഇരട്ട സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കെത്താനും ഷായ്ക്ക് സാധിച്ചു. മൂന്ന് ഇരട്ട സെഞ്ച്വറിയുമായി രോഹിത് ശര്‍മയാണ് പട്ടികയിലെ ഒന്നാമന്‍.

ലിസ്റ്റ് എ ഫോര്‍മാറ്റില്‍ ഏറ്റവുമധികം ഇരട്ട സെഞ്ച്വറി നേടിയ താരങ്ങള്‍

രോഹിത് ശര്‍മ – 3

പൃഥ്വി ഷാ – 2

അലി ബ്രൗണ്‍ -2

ട്രാവിസ് ഹെഡ് – 2

2021ല്‍ പുതുച്ചേരിക്കെതിരെ മുംബൈക്ക് വേണ്ടിയാണ് ഷാ തന്റെ ആദ്യ ലിസ്റ്റ് എ ഡബിള്‍ സെഞ്ച്വറി നേടിയത്.

അതേസമയം, ഓഗസ്റ്റ് 13നാണ് റോയല്‍ ലണ്ടന്‍ കപ്പില്‍ നോട്ടിങ്ഹാംഷെയറിന്റെ അടുത്ത മത്സരം. ഡുര്‍ഹാമാണ് എതിരാളികള്‍.

 

Content highlight: Prithvi Shaw’s brilliant batting in domestic cricket