| Saturday, 5th August 2023, 4:14 pm

നല്ല അരങ്ങേറ്റം തന്നെ; നാട്ടിലും രക്ഷയില്ല, വിദേശത്തും അതുതന്നെ അവസ്ഥ... എന്നാലും എന്റെ ഷായെ: വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

കൗണ്ടി ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ ഹിറ്റ് വിക്കറ്റായി പുറത്തായി ഇന്ത്യന്‍ യുവതാരം പൃഥ്വി ഷാ. റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പില്‍ നോര്‍താംപ്ടണ്‍ഷെയറിനായുള്ള അരങ്ങേറ്റ മത്സരത്തിലാണ് താരം സ്വയം പുറത്തായത്. ഗ്ലോസ്റ്റര്‍ഷെയറായിരുന്നു എതിരാളികള്‍. 35 പന്തില്‍ 34 റണ്‍സ് നേടി നില്‍ക്കവെയാണ് ഏറ്റവും വിചിത്രമായ രീതിയില്‍ ഷാ പുറത്തായത്.

മത്സരത്തിന്റെ 16ാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം. പോള്‍ വാന്‍ മര്‍കീന്‍ എറിഞ്ഞ പന്ത് നേരിടാന്‍ സാധിക്കാതെ ഷാ നിലത്ത് വീഴുകയായിരുന്നു. ആ വീഴ്ചയില്‍ സ്വന്തം വിക്കറ്റും തള്ളിയിട്ടാണ് ഷാ പുറത്തായത്.

2006ലെ പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ മോണ്ടി പനേസറിന്റെ പന്തില്‍ ഇന്‍സമാം ഉള്‍ ഹഖ് പുറത്തായതിന് അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു ഷായുടെ പുറത്താകല്‍.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ആവശ്യത്തിന് അവസരം ലഭിക്കാതെ ഇംഗ്ലണ്ടില്‍ കൗണ്ടി കളിക്കാന്‍ പോയ ആദ്യ മത്സരത്തില്‍ തന്നെ ഇത്തരത്തില്‍ പുറത്താകേണ്ടി വന്നല്ലോ എന്നാണ് ആരാധകര്‍ പരിതപിക്കുന്നത്.

അതേസമയം, മത്സരത്തില്‍ 23 റണ്‍സിന് നോര്‍താംപ്ടണ്‍ഷെയര്‍ പരാജയപ്പെട്ടിരുന്നു. ഗ്ലോസ്റ്റര്‍ഷെയര്‍ ഉയര്‍ത്തിയ 279 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നോര്‍താംപ്ടണ്‍ഷെയര്‍ 255 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ നോര്‍താംപ്ടണ്‍ഷെയര്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഗ്രാം വാന്‍ ബ്രൂണിന്റെ സെഞ്ച്വറി കരുത്തിലാണ് ഗ്ലോസ്റ്റര്‍ഷെയര്‍ റണ്‍സ് ഉയര്‍ത്തിയത്.

102 പന്തില്‍ 12 ബൗണ്ടറിയുടെയും രണ്ട് സിക്‌സറിന്റെയും അകമ്പടിയോടെ 108 റണ്‍സാണ് താരം നേടിയത്. ബ്രൂണിന് പുറമെ 56 പന്തില്‍ നിന്നും 61 റണ്‍സ് നേടിയ അന്‍വര്‍ അലിയുടെ പ്രകടനവും ഗ്ലോസ്റ്റര്‍ഷെയര്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി.

ഒടുവില്‍ 48.4 ഓവറില്‍ 278 റണ്‍സില്‍ ഗ്ലോസ്റ്റര്‍ഷെയര്‍ ഓള്‍ ഔട്ടായി.

നോര്‍താംപ്ടണ്‍ഷെയറിനായി ബെന്‍ സാന്‍ഡേഴ്‌സണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റോബ് കിയോഗ് രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നോര്‍താംപ്ടണ്‍ഷെയറിന് തുടക്കം അമ്പേ പാളിയിരുന്നു. 30 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട നോര്‍താംപ്ടണ്‍ഷെയര്‍ വമ്പന്‍ നാണക്കേടിലേക്ക് കൂപ്പുകുത്തുമെന്ന് കരുതിയെങ്കിലും ടോം ടെയ്‌ലറിന്റെ സെഞ്ച്വറി ടീമിന് പ്രതീക്ഷ നല്‍കി.

88 പന്തില്‍ നിന്നും 112 റണ്‍സ് നേടിയ ടെയ്‌ലര്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി. അര്‍ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ ലൂയിസ് മാക്മനസും പൊരുതിയെങ്കിലും വിജയിക്കാന്‍ അതൊന്നും പോരാതെ വരികയായിരുന്നു. ഒടുവില്‍ 48.1 ഓവറില്‍ നോതാംപ്ടണ്‍ഷെയര്‍ 255 റണ്‍സിന് ഓള്‍ ഔട്ടായി.

ഞായറാഴ്ചയാണ് നോര്‍താംപ്ടണ്‍ഷെയറിന്റെ അടുത്ത മത്സരം. സസക്‌സാണ് എതിരാളികള്‍.

Content highlight: Prithvi Shaw’s bizarre dismissal in debut match

We use cookies to give you the best possible experience. Learn more