| Thursday, 10th August 2023, 4:23 pm

ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷനെ കുറിച്ച് ചിന്തിക്കുന്നില്ല, ഇവിടെയെത്തിയത് മറ്റ് പലതിനും; ചരിത്രനേട്ടത്തിന് പിന്നാലെ ഷാ

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം റോയല്‍ ലണ്ടന്‍ കപ്പില്‍ പൃഥ്വി ഷാ ചരിത്രനേട്ടം കുറിച്ചിരുന്നു. സോമര്‍സെറ്റിനെതിരായ മത്സരത്തില്‍ നോര്‍താംപ്ടണ്‍ഷെയറിന് വേണ്ടി ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് താരം ചരിത്രം കുറിച്ചത്. ഷായുടെ രണ്ടാം ലിസ്റ്റ് എ ഡബിള്‍ സെഞ്ച്വറിയാണിത്.

153 പന്തില്‍ നിന്നും 28 ബൗണ്ടറിയും 11 സിക്‌സറും അടക്കം 244 റണ്‍സാണ് ഷാ നേടിയത്. 159.48 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ പല റെക്കോഡുകളും ഷായെ തേടിയെത്തിയിരുന്നു. രണ്ട് വിവിധ രാജ്യങ്ങളില്‍, രണ്ട് വിവിധ ടീമുകള്‍ക്കായി ലിസ്റ്റ് എ ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ താരം, ഏറ്റവുമധികം ലിസ്റ്റ് എ ഡബിള്‍ സെഞ്ച്വറി നേടുന്ന രണ്ടാമത് താരം, ലിസ്റ്റ് എ ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ആറാമത് താരം, നാലാമത് ഇന്ത്യന്‍ താരം എന്നിങ്ങനെ റെക്കോഡുകളുടെ പെരുമഴയാണ് ഷാ കുറിച്ചത്.

ഇപ്പോള്‍ താന്‍ കൗണ്ടി ഫോര്‍മാറ്റില്‍ നിന്നും അനുഭവങ്ങള്‍ നേടിയെടുക്കുകയാണെന്നും നാഷണല്‍ സെലക്ടര്‍മാരുടെ മനസിലുള്ളതിനെ കുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്നുമായിരുന്നു ഷാ പറഞ്ഞത്.

‘ തീര്‍ച്ചയായും, എക്‌സ്പീരിയന്‍സിന് വേണ്ടിയാണ് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്. സെലക്ടർമാര്‍ എന്ത് ചിന്തിക്കുന്നു എന്നതിനെ കുറിച്ചൊന്നും ഞാനിപ്പോള്‍ ആലോചിക്കുന്നുപോലുമില്ല. ഇവിടെയെനിക്ക് ആസ്വദിച്ച് കളിക്കണം.

നോര്‍താംപ്ടണ്‍ഷെയര്‍ എനിക്ക് അവസരം നല്‍കി. അവര്‍ എന്നെ നല്ല രീതിയില്‍ തന്നെ പരിഗണിക്കുന്നുണ്ട്. ഇവിടുള്ള ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുകയാണ്,’ മത്സരശേഷം ഷാ പറഞ്ഞു.

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലും തുടര്‍ന്ന് നടക്കുന്ന അയര്‍ലന്‍ഡ് പര്യടനത്തിലും ഷായെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

അതേസമയം, ഷായുടെ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ നോര്‍താംപ്ടണ്‍ഷെയര്‍ 87 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നോര്‍താംപ്ടണ്‍ഷെയര്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 415 റണ്‍സാണ് നേടിയത്.

416 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ സോമര്‍സെറ്റ് 46ാം ഓവറിലെ ആദ്യ പന്തില്‍ 328 റണ്‍സിന് ഓള്‍ ഔട്ടായി. 77 റണ്‍സടിച്ച ആന്‍ഡ്രൂ ഉമീദാണ് ടോപ് സ്‌കോറര്‍.

നോര്‍താംപ്ടണ്‍ഷെയറിനായി റോബ് കിയോ 49 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍, ടോം ടെയ്‌ലര്‍ മൂന്നും ലൂക് പ്രൊക്ടെര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. സൈമണ്‍ കെരിഗനാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

ഈ വിജയത്തിന് പിന്നാലെ ബി ഗ്രൂപ്പില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും നോര്‍താംപ്ടണ്‍ഷെയറിനായി. ഓഗസ്റ്റ് 13നാണ് ടീമിന്റെ അടുത്ത മത്സരം. ഡുര്‍ഹാമാണ് എതിരാളികള്‍.

Content Highlight: Prithvi Shaw’s big statement on ‘Indian Selectors’ after scoring double century

We use cookies to give you the best possible experience. Learn more