| Monday, 26th September 2022, 12:17 pm

സച്ചിന്റെ ക്ലാസും വീരുവിന്റെ മാസും കൈമുതലായുള്ള ഇവനോട് മാത്രമെന്തേ സെലക്ടര്‍മാര്‍ക്ക് ഇത്രയും വെറുപ്പ്, ഇനി ഇവന്‍ എന്താണ് തെളിയിക്കേണ്ടത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ എ – ന്യൂസിലാന്‍ഡ് എ പരമ്പരയിലെ കഴിഞ്ഞ മത്സരത്തിലും ഇന്ത്യക്ക് തന്നെയായിരുന്നു വിജയം. രണ്ടാം ഏകദിനത്തില്‍ നാല് വിക്കറ്റും 96 പന്തും ബാക്കി നില്‍ക്കവെയായിരുന്നു ഇന്ത്യ വിജയം പിടിച്ചടക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡിനെ 219 റണ്‍സിന് എറിഞ്ഞിടുകയും മറുപടി ബാറ്റിങ്ങില്‍ അനായാസമായി ആ ലക്ഷ്യം ഭേദിക്കുകയും ചെയ്താണ് ഇന്ത്യ കരുത്ത് കാട്ടിയത്.

ഓപ്പണര്‍ പൃഥ്വി ഷായുടെ ഇന്നിങ്‌സായിരുന്നു ഇന്ത്യക്ക് തുണയായത്. 48 പന്തില്‍ നിന്നും 77 റണ്‍സാണ് ഷാ സ്വന്തമാക്കിയത്. 11 ഫോറും മൂന്ന് സിക്‌സറുമായിരുന്നു ഇന്ത്യന്‍ യുവതാരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഇന്ത്യന്‍ ലെജന്‍ഡ് വിരേന്ദര്‍ സേവാഗിനെ അനുസ്മരിപ്പിക്കുന്ന ബാറ്റിങ് ശൈലിയായതിനാല്‍ ‘അടുത്ത സേവാഗ്’ എന്നാണ് ആരാധകര്‍ താരത്തെ വിളിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓപ്പണിങ് ഡുവോ ആയ സേവാഗും സച്ചിനും ഒരുമിച്ചറിങ്ങിയ പ്രതീതിയായിരുന്നു ഷായുടെ ഇന്നിങ്‌സിന്.

കണ്ണില്‍ കണ്ട ബൗളര്‍മാരെയെല്ലാം ആക്രമിച്ചു കളിക്കുന്ന സേവാഗിനെയും പതിഞ്ഞ താളത്തില്‍ കളിക്കേണ്ടപ്പോള്‍ അങ്ങനെയും ആക്രമിച്ച് കളിക്കേണ്ട സമയത്ത് ആ രീതിയിലും കളിക്കുന്ന സച്ചിന്റെയും ശൈലിയായിരുന്നു ഷാക്ക്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സച്ചിന്റെ ക്ലാസും വീരുവിന്റെ മാസും, അതായിരുന്നു കഴിഞ്ഞ മത്സരത്തിലെ പൃഥ്വി ഷാ.

ടി-20 ഫോര്‍മാറ്റിന് പൃഥ്വി ഷാ എത്രത്തോളം അനുയോജ്യനാണെന്ന് കഴിഞ്ഞ ദിവസത്തെ പ്രകടനം മാത്രം കണക്കിലെടുത്താല്‍ മനസിലാവും. ആക്രമണോത്സുക ബാറ്റിങ് കൈമുതലായുള്ള പെര്‍ഫെക്ട് പവര്‍ പ്ലേ ഹിറ്ററാണ് താനെന്ന് ഷാ പലകുറി തെളിയിച്ചതാണ്.

ഈ വര്‍ഷത്തെ ടി-20 ലോകകപ്പില്‍ ടീമിലുണ്ടാവേണ്ടിയിരുന്നവന്‍ എന്ന് ആരാധകരെ കൊണ്ട് പലകുറി തോന്നിപ്പിച്ച ഇന്നിങ്‌സായിരുന്നു ഷായുടേത്. മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും ഷായുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ വിമുഖത തുടരുകയാണ്.

ഇതാദ്യമായല്ല ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഷായെ തഴയുന്നത്. ഐ.പി.എല്ലിന് ശേഷം നടന്ന സിംബാബ്‌വേ പര്യടനത്തില്‍ യുവതാരങ്ങളെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ടീം സജ്ജീകരിച്ചത്. ആ സ്‌ക്വാഡിലും ഷാ ഉള്‍പ്പെട്ടിരുന്നില്ല.

ഐ.പി.എല്ലിലും രഞ്ജി ട്രോഫിയിലും തെറ്റില്ലാത്ത പ്രകടനമായിരുന്നു ഷാ നടത്തിയത്. എന്നിട്ടും സെലക്ടര്‍മാര്‍ ഇങ്ങനെ ഒരാള്‍ ഉള്ളതായി പോലും ഭാവിച്ചിരുന്നില്ല.

ഐ.പി.എല്ലിലെ 10 മത്സരത്തില്‍ നിന്നും 283 റണ്‍സ് നേടിയ ഷാ, രഞ്ജിയില്‍ ആറ് കളിയില്‍ നിന്നും 355 റണ്‍സും സ്വന്തമാക്കിയിരുന്നു.

ഒരു വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2021 ജൂലൈയിലാണ് പൃഥ്വി ഷാ ഇന്ത്യന്‍ ജേഴ്സിയില്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്.

ബി.സി.സി.ഐ സെലക്ടര്‍മാര്‍ ദേശീയ ടീമിലേക്ക് വിളിക്കാതിരിക്കുമ്പോഴും തനിക്ക് കിട്ടിയ അവസരങ്ങള്‍ ഷാ കൃത്യമായി തന്നെ മുതലാക്കുന്നുണ്ട്. ഇതേ പ്രകടനം ഷാ ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ ഇന്ത്യ ടീമിന്റെ ഭാവിയെന്ന് ഇവനെ ചൂണ്ടി നിസ്സംശയം പറയാം.

Content Highlight: Prithvi Shaw performed well in the India vs New Zealand A ODI series

We use cookies to give you the best possible experience. Learn more