ഏകദിനത്തില്‍ വീണ്ടും ഇന്ത്യന്‍ ഇരട്ട സെഞ്ച്വറി 🔥🔥; 28 ഫോറും 11 സിക്‌സറും, 153 പന്തില്‍ 244, ഇംഗ്ലണ്ടില്‍ ഷാ സ്റ്റോം ⚡⚡
Sports News
ഏകദിനത്തില്‍ വീണ്ടും ഇന്ത്യന്‍ ഇരട്ട സെഞ്ച്വറി 🔥🔥; 28 ഫോറും 11 സിക്‌സറും, 153 പന്തില്‍ 244, ഇംഗ്ലണ്ടില്‍ ഷാ സ്റ്റോം ⚡⚡
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 9th August 2023, 7:50 pm

റോയല്‍ ലണ്ടന്‍ കപ്പില്‍ ഇരട്ട സെഞ്ച്വറി നേടി ഇന്ത്യന്‍ സൂപ്പര്‍ താരം പൃഥ്വി ഷാ. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നോര്‍താംപ്ടണ്‍ഷെയര്‍ – സോമര്‍സെറ്റ് മത്സരത്തിലാണ് നോര്‍താംപ്ടണ്‍ഷെയറിനായി ഷാ തകര്‍പ്പന്‍ വെടിക്കെട്ട് പുറത്തെടുത്തത്.

ദി കൗണ്ടി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ നോര്‍താംപ്ടണ്‍ഷെയര്‍ ബാറ്റിങ് തെരഞ്ഞെടുത്തു. ഓപ്പണറായി കളത്തിലറങ്ങിയ ഷാ തുടക്കത്തിലേ ആഞ്ഞടിച്ചു. എമിലിയോ ഗേക്കൊപ്പം ആദ്യ വിക്കറ്റില്‍ മോശമല്ലാത്ത കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഷാ പിന്നാലെയെത്തിയവര്‍ക്കൊപ്പവും മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി.

ഓപ്പണറായി ക്രീസിലെത്തിയ ഷാ അമ്പതാം ഓവറില്‍ എട്ടാമനായാണ് തിരികെ പവലിയനിലേക്ക് മടങ്ങിയത്. ഇതിനിടെ വിവിധ താരങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ആകെ 411 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഷാ പടുത്തുയര്‍ത്തിയത്.

153 പന്ത് നേരിട്ട് 28 ബൗണ്ടറിയും 11 സിക്‌സറും സഹിതം 244 റണ്‍സാണ് പൃഥ്വി ഷാ അടിച്ചെടുത്തത്. 159.48 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഷായുടെ വെടിക്കെട്ട്.

129 പന്തിലാണ് ഷാ 200 എന്ന മാജിക്കല്‍ നമ്പര്‍ പിന്നിട്ടത്. ആദ്യ നൂറ് റണ്‍സ് തികയ്ക്കാന്‍ ഷാ നേരിട്ടത് 81 പന്തായിരുന്നുവെങ്കില്‍ അടുത്ത നൂറ് റണ്‍സ് തന്റെ പേരില്‍ കുറിക്കാന്‍ വെറും 48 പന്തുകള്‍ മാത്രമാണ് താരം നേരിട്ടത്.

ഒടുവില്‍ 50ാം ഓവറിലെ മൂന്നാം പന്തില്‍ ടീം സ്‌കോര്‍ 411ല്‍ നില്‍ക്കവെ ഡാനി ലാംബിന്റെ പന്തില്‍ ജോര്‍ജ് തോമസിന് ക്യാച്ച് നല്‍കിയാണ് ഷാ പുറത്തായത്.

ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ആറാമത് വ്യക്തിഗത സ്‌കോറാണിത്. ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം മാര്‍ട്ടിന്‍ ഗപ്ടില്ലിനെ മറികടന്നാണ് ഷാ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.

277 റണ്‍സോടെ നാരായണ്‍ ജഗദീശന്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന പട്ടികയില്‍ 264 റണ്‍സുമായി രോഹിത് ശര്‍മ മൂന്നാം സ്ഥാനത്തും 248 റണ്‍സുമായി ശിഖര്‍ ധവാന്‍ അഞ്ചാം സ്ഥാനത്തുമാണ്. ഈ പട്ടികയിലേക്കാണ് ഷാ തന്റെ പേരും എഴുതിച്ചേര്‍ത്തത്.

51 പന്തില്‍ 54 റണ്‍സ് നേടിയ സാം വൈറ്റ്മാനാണ് നോര്‍താംപ്ടണ്‍ഷെയറിന്റെ രണ്ടാമത്തെ റണ്‍വേട്ടക്കാരന്‍. 53 പന്തില്‍ നിന്നും 47 റണ്‍സുമായി റിക്കാര്‍ഡോ വാസ്‌കോണ്‍സെലോസും 35 പന്തില്‍ നിന്നും 30 റണ്‍സുമായി എമിലിയോ ഗേയും ടീം സ്‌കോറില്‍ തങ്ങളുടെ സംഭാവന നല്‍കി.

സോമര്‍സെറ്റിനായി ജാക് ബ്രൂക്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഡാനി ലാംബ് രണ്ട് വിക്കറ്റും നേടി. ഷോയ്ബ് ബാഷിര്‍, ജോര്‍ജ് തോമസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

 

Content Highlight: Prithvi Shaw complete double century in county cricket