|

സെല്‍ഫിയെച്ചൊല്ലി തര്‍ക്കം; ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷാക്ക് നേരെ യുവാക്കളുടെ ആക്രമണം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് താരമായ പൃഥ്വി ഷാക്ക് നേരെ എട്ടോളം വരുന്ന യുവാക്കള്‍ ആക്രമണം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. സെല്‍ഫിയെടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

പൃഥ്വി ഷായും സുഹൃത്ത് ആശിശ് യാദവും ചേര്‍ന്ന് മുംബൈയിലെ സ്വകാര്യ ഹോട്ടലില്‍ ഡിന്നര്‍ കഴിക്കാനെത്തിയപ്പോഴാണ് സംഭവം. ഹോട്ടലിലുണ്ടായിരുന്ന യുവാവ് ആദ്യം സെല്‍ഫിയെടുക്കാന്‍ ആവശ്യപ്പെടുകയും താരം അത് അനുവദിക്കുകയും ചെയ്തു.

പിന്നീട് കൂടുതല്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച യുവാവിനെ പ്യഥ്വി തടയുകയും ചെയ്തിരുന്നു. ഇതോടെ യുവാവ് പൃഥ്വിയുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ഹോട്ടല്‍ മാനേജര്‍ യുവാവിനോട് ഹോട്ടലില്‍ നിന്ന് പുറത്തു പോവാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ശേഷം പുറത്തിറങ്ങിയ ചെറുപ്പക്കാരന്‍ തന്റ സുഹൃത്തുകളുമായി തിരിച്ചെത്തി ഹോട്ടലില്‍ നിന്നും പുറത്തു വന്ന താരത്തിന്റെ കാറില്‍ കയ്യിലുണ്ടായിരുന്ന ബേസ് ബോള്‍ ബാറ്റ് കൊണ്ട് ആഞ്ഞടിക്കുകയായിരുന്നു.

ഇതോടെ ഒപ്പമുണ്ടായിരുന്നവര്‍ മറ്റൊരു കാറില്‍ കയറ്റി താരത്തെ സംഭവ സ്ഥലത്ത് നിന്നും മാറ്റി. പക്ഷെ ബൈക്കില്‍ കാറിനെ പിന്തുടര്‍ന്നെത്തിയ സംഘം മുംബൈ ലിങ്ക് റോഡിന് സമീപം വെച്ച് വീണ്ടും താരത്തിന് നേരെ ആക്രമണം നടത്തി.

ഈ ദൃശ്യങ്ങള്‍ സംഭവസ്ഥലത്തുണ്ടായിരുന്ന വ്യക്തി മൊബൈലില്‍ പകര്‍ത്തുകയും സമൂഹ മാധ്യമങ്ങളില്‍ പങ്കു വെക്കുകയും ചെയ്തു. വീഡിയോ ഇതിനോടകം നിരവധിയാളുകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

സംഭവശേഷം ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തി താരം പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് 8 പേര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ആക്രമണം നടത്തിയവര്‍ മദ്യ ലഹരിയിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

Content Highlight: Prithvi shaw attacked by fans

Video Stories