കടുവ ചിത്രീകരിച്ചാലും റിലീസ് ചെയ്യാന്‍ സമ്മതിക്കില്ല; നിലപാട് വ്യക്തമാക്കി യഥാര്‍ത്ഥ കുറുവച്ചന്‍
Malayalam Cinema
കടുവ ചിത്രീകരിച്ചാലും റിലീസ് ചെയ്യാന്‍ സമ്മതിക്കില്ല; നിലപാട് വ്യക്തമാക്കി യഥാര്‍ത്ഥ കുറുവച്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th October 2020, 11:47 pm

കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി കടുവ എന്ന പേരില്‍ ചിത്രീകരിക്കുന്ന ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയായാലും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കുരുവിനാല്‍ക്കുന്നേല്‍ കുറുവച്ചന്‍.

സുരേഷ്ഗോപി ചിത്രവും പൃഥ്വിരാജ് ചിത്രവും തന്റെ ജീവിതകഥയാണ് തിരക്കഥയാക്കിയിരിക്കുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും രണ്ടു സിനിമയുടെയും തിരക്കഥ തനിക്ക് കാണണം എന്ന് പറഞ്ഞു കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നെന്നും കുറുവച്ചന്‍ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.

പൃഥ്വിരാജ് അഭിനയിക്കുന്ന കടുവ എന്ന ചിത്രത്തിന്റെ കഥ വായിച്ചു, എന്നാല്‍ അതില്‍ എന്റെ ജീവിത കഥാസന്ദര്‍ഭങ്ങളെ വികലമാക്കി ചിത്രീകരിക്കാനുള്ള ശ്രമമുണ്ടെന്നാണ് കുറുവച്ചന്‍ പറയുന്നത്. എന്റെ യഥാര്‍ത്ഥ ജീവിതത്തിലെ കഥാസന്ദര്‍ഭങ്ങളെ വികലമാക്കി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. എന്റെ ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ സുപ്രീം കോടതിയടക്കമുള്ള നീതിന്യായപീഠങ്ങള്‍ക്കു മുമ്പില്‍ രേഖാമൂലം വെളിവാക്കപ്പെട്ടതാണെന്നും ഇയാള്‍ പറഞ്ഞു.

കടുവ എന്ന ചിത്രവുമായി അതിന്റെ അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ടു പോവുകയാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഷൂട്ട് തുടങ്ങാന്‍ പോകുന്നു എന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ എന്റെ സമ്മതമില്ലാതെ എന്റെ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥ സിനിമയാക്കുന്ന നടപടികളുമായി മുന്നോട്ടു പോയാല്‍ സിനിമ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരും. സിനിമ പൂര്‍ത്തിയായാലും അത് തീയറ്ററില്‍ എത്തിക്കാന്‍ ഞാന്‍ സമ്മതിക്കില്ലെന്നും കുറുവച്ചന്‍ പറഞ്ഞു. തന്റെ അനുവാദത്തോടെ ‘ഗ്യാങ്‌സ് ഓഫ് കിനോ’ എന്ന യൂട്യൂബ് ചാനല്‍ എന്റെ ജീവചരിത്രം എട്ടു എപ്പിസോഡുകളില്‍ ചിത്രീകരിക്കുന്നുണ്ടെന്നും അതിന്റെ പേര് ‘കടുവാക്കുന്നേല്‍ കുറുവച്ചന്‍’ എന്നുതന്നെയാണെന്നും കുറുവച്ചന്‍ പറഞ്ഞു.

എന്നാല് കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രം സാങ്കല്‍പികമാണെന്നും യഥാര്‍ഥ കുറുവച്ചനുമായി ബന്ധമില്ലെന്നും കടുവ സിനിമയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം പ്രതികരിച്ചു. ജോസ് കുരുവിനാംകുന്നേല്‍ എന്ന വ്യക്തിക്ക് അദ്ദേഹത്തിന്റെ ജീവിതം ആരെ വച്ച് വേണമെങ്കിലും സിനിമയാക്കാമെന്നും തന്റെ കഥാപാത്രം സാങ്കല്‍പ്പികമാണെന്നും ജിനു പറഞ്ഞു.

നേരത്തെ ജീവിതം സിനിമയാകുമ്പോള്‍ സുരേഷ് ഗോപിയോ മോഹന്‍ലാലോ തന്നെ അവതരിപ്പിക്കുന്നതാണ് താല്‍പര്യമെന്ന് കുറുവച്ചന്‍ വ്യക്തമാക്കിയിരുന്നു. തന്റെ ജീവിതം സിനിമയാക്കാനായി രണ്‍ജി പണിക്കര്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാക്കാല്‍ ഉറപ്പ് നല്‍കിയതാണെന്നും അതിനാല്‍ അക്കാര്യത്തില്‍ മാറ്റമുണ്ടാകില്ലെന്നും കുറുവച്ചന്‍ പറഞ്ഞിരുന്നു.

കടുവയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കുറുവച്ചന്റെ പ്രതികരണം. കടുവ ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.

ജൂലൈയില്‍ തീരുമാനിച്ചിരുന്ന ചിത്രീകരണം കൊവിഡിനെ തുടര്‍ന്ന് മാറ്റി വെയ്ക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് സംവിധാന രംഗത്തേക്ക് മടങ്ങി വരുന്ന ചിത്രം കൂടിയാണ് കടുവ.

നേരത്തെ സുരേഷ് ഗോപിയുടെ 250ാമത് ചിത്രമായി പ്രഖ്യാപിച്ച സിനിമ ‘കടുവ’യുടെ കഥയും കഥാപാത്രത്തെയും പകര്‍ത്തിയതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

തുടര്‍ന്ന് കടുവയുടെ തിരക്കഥ ഒരുക്കിയ സംവിധായകന്‍ ജിനു എബ്രഹാം കോടതിയെ സമീപിച്ചു. കേസില്‍ കോടതി ഇടക്കാല സ്റ്റേ അനുവദിക്കുകയും എറണാകുളം ജില്ലാ കോടതി സ്റ്റേ കോടതി സ്ഥിരപ്പെടുത്തുകയും ചെയ്തു.

കഥാപാത്രത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കി. ഇത് പരിഗണിച്ചാണ് സുരേഷ്ഗോപി ചിത്രത്തിന് കോടതി വിലക്കേര്‍പ്പെടുത്തിയത്.

കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകര്‍പ്പവകാശ ലംഘനമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന സുരേഷ് ഗോപി ചിത്രം മാത്യൂസ് തോമസായിരുന്നു സംവിധാനം ചെയ്യാനിരുന്നത്.

ഈ വര്‍ഷം ജൂലൈ 15ന് ഷൂട്ടിംഗ് തുടങ്ങാനിരുന്ന കടുവ കൊവിഡ് പ്രതിസന്ധിയേത്തുടര്‍ന്ന് മാറ്റിവക്കുകയായിരുന്നെന്നും സുരേഷ്ഗോപി ചിത്രത്തിന്റെ സംവിധായകനായ മാത്യുസ് തോമസ് തന്റെ മുന്‍ ചിത്രങ്ങളില്‍ സംവിധാന സഹായി ആയിരുന്നു എന്നും കടുവയുടെ തിരക്കഥകൃത്ത് ജിനു ഡൂള്‍ന്യൂസിനോട് നേരത്തെ പറഞ്ഞിരുന്നു.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, പൃഥ്വിരാജ് സുകുമാരന്‍, സുപ്രിയ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് കടുവ നിര്‍മ്മിക്കുന്നത്.

കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിന്റെ ജന്‍മദിനത്തോടനുബന്ധിച്ചായിരുന്നു കടുവയുടെ പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസും നടന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: ‘Kaduva’ will not be released even if filmed; The real Kuruvachan clarified his position