കൗണ്ടി ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടിയാണ് ഇന്ത്യന്‍ സൂപ്പര്‍ താരം പൃഥ്വി ഷാ കയ്യടി നേടുന്നത്. റോയല്‍ ലണ്ടന്‍ കപ്പിലെ നോര്‍താംപ്ടണ്‍ഷെയര്‍ – സോമര്‍സെറ്റ് മത്സരത്തിലാണ് ഷാ ഇരട്ട സെഞ്ച്വറി കുറിച്ചത്.
മത്സരത്തില്‍ ടോസ് നേടിയ നോര്‍താംപ്ടണ്‍ഷെയര്‍ നായകന്‍ ലൂയീസ് മാക്മനസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ഷാ പുറത്തെടുത്തത്.
153 പന്തില്‍ നിന്നും 28 ബൗണ്ടറിയും 11 സിക്‌സറും അടക്കം 159.48 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 244 റണ്‍സാണ് ഷാ നേടിയത്. 250 എന്ന മാജിക്കല്‍ നമ്പറിലേക്ക് ആറ് റണ്‍സ് മാത്രമകലെ നില്‍ക്കെ താരം ഡാനി ലാംബിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു.
ഒന്നാമനായി ക്രീസിലെത്തിയ ഷാ 50ാം ഓവറിലെ മൂന്നാം പന്തില്‍ എട്ടാമനായാണ് പുറത്തായത്. ഇതിനിടെ ക്രീസിലെത്തിയവര്‍ക്കൊപ്പം ചേര്‍ന്ന് 411 റണ്‍സിന്റെ കൂട്ടുകെട്ടാണ് താരം പടുത്തുയര്‍ത്തിയത്.
ഈ ഡബിള്‍ ടണ്ണിനൊപ്പം തന്നെ മറ്റൊരു റെക്കോഡും ഷാ സ്വന്തമാക്കിയിരുന്നു. ഏറ്റവുമധികം ലിസ്റ്റ് എ ഡബിള്‍ സെഞ്ച്വറിയുള്ള താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചാണ് ഷാ തരംഗമായത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ മാത്രമാണ് ഇനി ഷായ്ക്ക് മുമ്പിലുള്ളത്.
ലിസ്റ്റ് എ ഫോര്‍മാറ്റില്‍ ഏറ്റവുമധികം ഇരട്ട സെഞ്ച്വറി നേടിയ താരങ്ങള്‍
രോഹിത് ശര്‍മ – 3
പൃഥ്വി ഷാ – 2
അലി ബ്രൗണ്‍ -2
ട്രാവിസ് ഹെഡ് – 2
2021ല്‍ പുതുച്ചേരിക്കെതിരെ മുംബൈക്ക് വേണ്ടിയാണ് ഷാ തന്റെ ആദ്യ ലിസ്റ്റ് എ ഡബിള്‍ സെഞ്ച്വറി നേടിയത്.
ഇതിന് പുറമെ ലിസ്റ്റ് എ ഫോര്‍മാറ്റിലെ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്തേക്കെത്താനും ഷായ്ക്ക് സാധിച്ചു. കിവീസ് സൂപ്പര്‍ താരം മാര്‍ട്ടിന്‍ ഗപ്ടിലിനെ മറികടന്നാണ് ഷാ ആറാം സ്ഥാനത്തേക്ക് കുതിച്ചത്.
The 6th highest individual score in List A history.
അതേസമയം, നോര്‍താംപ്ടണ്‍ഷെയര്‍ ഉയര്‍ത്തിയ 416 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ സോമര്‍സെറ്റ് നിലവില്‍ 16 ഓവര്‍ പിന്നിടുമ്പോള്‍ 95ന് ഒന്ന് എന്ന നിലയിലാണ്. ലൂയീസ് ഗോള്‍ഡ്‌വെര്‍ത്തിയും (41 പന്തില്‍ 26) ആന്‍ഡ്രൂ ഉമീദും (47 പന്തില്‍ 53) ആണ് ക്രീസില്‍. 13 റണ്‍സ് നേടിയ ജോര്‍ജ് തോമസിന്റെ വിക്കറ്റാണ് സോമര്‍സെറ്റിന് നഷ്ടമായത്. ടോം ടെയ്‌ലറാണ് വിക്കറ്റ് നേടിയത്.
Content Highlight: Prithvi Shah becomes second in the list of players with the most List A double centuries