ഷാജി കൈലാസിന്റെ ഏറ്റവും മികച്ച സിനിമയാണ് കാപ്പയെന്ന് നടന്‍ പൃഥ്വിരാജ്. അദ്ദേഹത്തിന്റെ ആരാധകനാണ് താനെന്നും മികച്ച സിനിമയാണ് കാപ്പയെന്ന് നിങ്ങള്‍ക്ക് തോന്നുമോയെന്ന് അറിയില്ലെന്നും താരം പറഞ്ഞു. കാപ്പ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിലാണ് പൃഥ്വിരാജ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘കാപ്പ സിനിമ കണ്ടപ്പോള്‍ ഷാജിയേട്ടന്റെ ഏറ്റവും മികച്ച സിനിമയാണെന്ന് എനിക്ക് തോന്നിയിരുന്നു. നിങ്ങള്‍ക്ക് സിനിമ കാണുമ്പോള്‍ അങ്ങനെ തോന്നുമോയെന്ന് എനിക്കറിയില്ല. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. കാരണം ഞാന്‍ ഷാജിയേട്ടന്റെ ഒരു ഫാനാണ്.
അദ്ദേഹം ഈ സിനിമ എടുത്തിരിക്കുന്ന രീതി എനിക്ക് വലിയ അത്ഭുതം തന്നെയായിരുന്നു. പുള്ളി അങ്ങനെ എല്ലാ കാര്യങ്ങളും തുറന്ന് പറയുന്ന ആളല്ല. കാപ്പക്ക് ഞാന്‍ ഡേറ്റ് കൊടുക്കുമ്പോള്‍ ആടുജീവിതത്തിന്റെ ഷൂട്ടിന്റെ ഭാഗമായി ഞാന്‍ ജോര്‍ദാനിലായിരുന്നു. അന്ന് അദ്ദേഹം എന്നെ വിളിച്ചിട്ട് പറഞ്ഞു ‘മോനെ ഞാന്‍ വേറെയൊരു ലൈനിലാണ് സിനിമ പിടിക്കാന്‍ പോകുന്നതെന്ന്. അതില്‍ കൂടുതലൊന്നും വിശദീകരിക്കാന്‍ അദ്ദേഹത്തിന് അറിയില്ല.
ഷൂട്ടിന്റെ സമയത്ത് പലപ്പോഴും ഞാനൊരു അസിസ്റ്റന്റ് ഡയറക്ടറായി മാറും. അങ്ങനെ പല സംശയങ്ങളും ഞാന്‍ അദ്ദേഹത്തോട് പോയി ചോദിക്കും. അപ്പോള്‍ അദ്ദേഹം പറയും അതിന്റെ ആവശ്യമില്ല ഇത് വേറെയൊരു ലൈനാണല്ലോ എന്ന്. ശരിക്കും പറഞ്ഞാന്‍ പുള്ളിക്കാരന്റെ മനസില്‍ ഒരു ഡിസൈന്‍ നേരത്തെ തന്നെ ഉണ്ടാകും. അതിന്റെ ഭാഗമായിട്ടാണ് ഈ സിനിമക്ക് ചില മാറ്റങ്ങള്‍ വന്നിരിക്കുന്നത്.
അത് ഒരിക്കലും അറിയാതെ വന്നുപോയതല്ല. കൃത്യമായി അദ്ദേഹം പ്ലാന്‍ ചെയ്തത് തന്നെയാണ്,’ പൃഥ്വിരാജ് പറഞ്ഞു.
കാപ്പ സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ സിനിമയില്‍ രാഷ്ട്രീയം പ്രധാന വിഷയമായി വരുന്നുണ്ടെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു ആ വിഷയത്തിലും പൃഥ്വിരാജ് പ്രതികരിച്ചു.
‘ഞാന്‍ അവതരിപ്പിക്കുന്ന മധു എന്ന കഥാപാത്രം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഈ സിനിമയില്‍ മത്സരിക്കുന്നുണ്ട്, അതിനുമപ്പുറത്തേക്ക് കാപ്പയില്‍ ഒരു രാഷ്ട്രീയവും പറയുന്നില്ല. മനസില്‍ തീരാതെ കടക്കുന്ന പ്രതികാരങ്ങളെ കുറിച്ചും ഉണങ്ങാത്ത മുറിവുകളെ കുറിച്ചുമൊക്കെ പറയുന്ന ഒരു കഥയാണിത്. കൊട്ട മധു പ്രിയപ്പെട്ടവനാകേണ്ട കഥാപാത്രമല്ല. എന്നാല്‍ ഒരു നടനെന്ന നിലിയില്‍ നമുക്ക് രസം തോന്നുന്ന ഒരു കഥാപാത്രമാണത്,’ താരം പറഞ്ഞു.
content highlight: prithvi raj talks about shaji kailas and his new movie