ഇനിയെന്താണ് ഇയാള്‍ തെളിയിക്കേണ്ടത്, നമുക്ക് ഒരൊറ്റ രാജുവേട്ടനല്ലേയുള്ളൂ
Entertainment
ഇനിയെന്താണ് ഇയാള്‍ തെളിയിക്കേണ്ടത്, നമുക്ക് ഒരൊറ്റ രാജുവേട്ടനല്ലേയുള്ളൂ
അമര്‍നാഥ് എം.
Thursday, 16th May 2024, 4:54 pm

സിനിമാ കരിയര്‍ ആരംഭിച്ച സമയത്ത് തന്റെ നിലപാടുകള്‍ പറഞ്ഞതിലൂടെ അഹങ്കാരിയെന്ന് മുദ്രകുത്തപ്പെട്ട നടനാണ് പൃഥ്വിരാജ് സുകുമാരന്‍. സിനിമാസംഘടന മലയാളത്തില്‍ വിലക്കിയപ്പോള്‍ അതില്‍ തളരാതെ തമിഴില്‍ ചെന്ന് തന്നിലെ നടന്റെ റേഞ്ച് കാണിച്ച നടനാണ് അയാള്‍. തിരിച്ചുവരവിലും അയാളെ കാത്തിരുന്നത് വലിയ വെല്ലുവിളികളായിരുന്നു.

മലയാളസിനിമയില്‍ മറ്റൊരു നടനും നേരിടാത്ത തരത്തിലുള്ള സൈബര്‍ അറ്റാക്കിനെയും നേരിട്ട പൃഥ്വി 2010 മുതല്‍ ഇങ്ങോട്ടുള്ള കാലയളവില്‍ വിമര്‍ശകര്‍ക്ക് തന്റെ സിനിമയിലൂടെ മറുപടി നല്‍കുകയായിരുന്നു. അതോടൊപ്പം താന്‍ ആഗ്രഹിക്കുന്ന രീതിയില്‍ കരിയര്‍ വളര്‍ത്തിയെടുക്കുകയും ചെയ്തു.

മോഹന്‍ലാലിന് ശേഷം മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നടനായി ചരിത്രം കുറിച്ച പൃഥ്വി അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലൂടെ വിരോധികള്‍ക്ക് അഭിനയത്തിലൂടെ മറുപടി കൊടുത്തു. പിന്നീട് നിര്‍മാതാവായും വിതരണക്കാരനായും മലയാളസിനിമയില്‍ ഒഴിവാക്കാനാകാത്ത ഘടകമായി മാറി. സംവിധാന രംഗത്തേക്ക് കാലെടുത്തുവെച്ച പൃഥ്വി മലയാളസിനിമ അതുവരെ കാണാത്ത വിജയം ആദ്യസിനിമയിലൂടെ ഇന്‍ഡസ്ട്രിക്ക് നല്‍കി.

അപ്പോഴും പറഞ്ഞുകേട്ട മറ്റൊരു വിമര്‍ശനം അഭിനയത്തില്‍ കൃത്വിമത്വം നിഴലിക്കുന്നു എന്നതായിരുന്നു. മലയാളത്തില്‍ മറ്റൊരു നടനും ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ട്രാന്‍സ്‌ഫോര്‍മേഷനും ഏഴ് വര്‍ഷത്തെ കഠിനാധ്വാനവും ചെലവാക്കി ചെയ്ത ആടുജീവിതത്തിലൂടെ ആ വിമര്‍ശനത്തിനും മറുപടി നല്‍കി.

മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി ഇന്‍ഡസ്ട്രികളില്‍ പൃഥ്വി ചെയ്തുവെച്ച ശക്തമായ കഥാപാത്രങ്ങളും താരത്തിന്റെ പാന്‍ ഇന്ത്യന്‍ റീച്ച് എത്രത്തോളമുണ്ടെന്ന് കാണിച്ചു തന്നു.

കോമഡി സീനുകള്‍ ചെയ്തു ഫലിപ്പിക്കാന്‍ പറ്റില്ലെന്ന വിരോധികളുടെ വിമര്‍ശനത്തിന് ഇന്നിറങ്ങിയ ഗുരുവായൂരമ്പല നടയിലൂടെ മറുപടി നല്‍കി. ഒന്ന് പാളിപ്പോയാല്‍ ട്രോള്‍ മെറ്റീരിയലാകാന്‍ സാധ്യതയുള്ള ആനന്ദന്‍ പൃഥ്വി ഗംഭീരമായി ചെയ്തു ഫലിപ്പിച്ചു. കോമഡി കലര്‍ന്ന നെഗറ്റീവ് ഷെയ്ഡുള്ള ആനന്ദന്‍ പൃഥ്വിയുടെ കൈയില്‍ ഭദ്രമായിരുന്നു. സിനിമയില്‍ മറ്റാരെക്കാളും നന്നായി കോമഡി ചെയ്തതും പൃഥ്വി തന്നെയായിരുന്നു.

നാച്ചുറലായി കോമഡി സീനുകള്‍ കൈകാര്യം ചെയ്യുന്ന ബേസില്‍ ജോസഫിനൊപ്പമുള്ള സീനുകളില്‍ ബേസിലിനെക്കാള്‍ നന്നായി പൃഥ്വി സ്‌കോര്‍ ചെയ്യുന്നതിനാണ് ഈ സിനിമ സാക്ഷ്യം വഹിച്ചത്.

തന്റെ നിലപാടുകള്‍ പരസ്യമായി പറഞ്ഞതിന് ഈയടുത്തും പൃഥ്വി സൈബര്‍ അറ്റാക്ക് നേരിട്ടിരുന്നു. ലക്ഷദ്വീപ് വിഷയത്തില്‍ താരം പ്രതികരിച്ചതിനെതിരെ സംഘപരിവാര്‍ നടത്തിയ സൈബര്‍ അറ്റാക്ക് മലയാളികള്‍ മറക്കാനിടയില്ല. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ നേരിട്ട അറ്റാക്കിനെ അതിജീവിച്ച് ഇന്ന് ഈ കാണുന്ന നിലയില്‍ വളര്‍ന്നിട്ടുണ്ടെങ്കില്‍ അയാള്‍ ഇനി ഒരിക്കലും തളരില്ല.

ഭാഷയുടെ അതിര്‍ത്തികള്‍ ഭേദിച്ച് അയാള്‍ മലയാള സിനിമയെ വളര്‍ത്തുമ്പോള്‍ സ്വല്പം അഹങ്കാരത്തോടെ നമുക്ക് പറയാം, നമുക്ക് ആകെ ഒരു രാജുവേട്ടനല്ലേയുള്ളൂ.

Content Highlight: Prithvi proved his talent and gives reply for the criticism through his performance

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം