| Thursday, 21st December 2023, 9:58 am

റിലീസിന് ശേഷം ഒരുപാട് കോളുകളും മെസേജുകളും, എന്തിന് ഈ വേഷം ചെയ്തെന്ന് ചോദിച്ചവർ പിന്നീട് കൈയടിച്ചു: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വ്യത്യസ്തമായ ക്ലൈമാക്സ് ട്വിസ്റ്റിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച സിനിമയായിരുന്നു റോഷൻ ആൻഡ്രൂസ് ഒരുക്കിയ പൃഥ്വിരാജ് ചിത്രം മുംബൈ പോലീസ്. ബോബി – സഞ്ജയ്‌ തിരകഥയൊരുക്കിയ ചിത്രം ഒരു ക്രൈം ത്രില്ലർ ചിത്രമായിരുന്നു.

മുൻമ്പൊന്നും മലയാള സിനിമ പരീക്ഷിച്ചിട്ടില്ലാത്ത ക്ലൈമാക്സ് ആയിരുന്നു മറ്റ് ക്രൈം ത്രില്ലർ ചിത്രങ്ങളിൽ നിന്ന് മുംബൈ പോലീസിനെ മാറ്റി നിർത്തിയത്.

ചിത്രം റിലീസ് ചെയ്ത ദിവസത്തെക്കുറിച്ച് പറയുകയാണ് പൃഥ്വിരാജ്. റിലീസ് ദിവസം തനിക്കൊരുപാട് മെസേജുകളും കോളുകളും വന്നെന്നും അതെല്ലാം എന്തിനാണ് ഈ സിനിമ ചെയ്തതെന്ന് ചോദിച്ചിട്ടായിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു. പിന്നീട് ചിത്രം വലിയ രീതിയിൽ സംസാരമായെന്നും ഇപ്പോഴും മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നായാണ് താൻ അതിനെ കാണുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. ഗലാട്ട പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അന്ന് ആ ട്വിസ്റ്റിന് ഒരു ഷോക്ക് വാല്യൂ ഉണ്ടായിരുന്നു. ഇന്നതില്ല. കാരണം സിനിമയിലെ നായകൻ ഒരു ഗേ ആണെന്ന് അറിയുമ്പോൾ ഇപ്പോൾ കാണുമ്പോൾ ഒരു അത്ഭുതവും തോന്നില്ല.

ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട് മുംബൈ പോലീസ് ഇറങ്ങിയ ആദ്യത്തെ ദിവസം. അന്ന് ഞാൻ അമ്മയോടൊപ്പം ദോഹയിൽ ആയിരുന്നു. എനിക്കൊരുപാട് കോളും മെസേജുമെല്ലാം വരുന്നുണ്ട്. വരുന്ന കോളുകളും മെസേജുകളും ഒക്കെ നീ എന്തിനാണ് ഇങ്ങനെയൊരു വേഷം ചെയ്തത്, ഇത്‌ ചെയ്യാൻ പാടില്ലായിരുന്നു എന്നൊക്കെയായിരുന്നു.

പക്ഷെ പിന്നീട് കുറച്ചു ദിവസങ്ങൾ കൊണ്ട് ഓർഗാനിക്കലി അതെല്ലാം മാറി വന്നു. പിന്നെ എല്ലാവരും ഹാറ്റ്സ് ഓഫ്, വൗ, നിന്റെ ധൈര്യത്തെ സമ്മതിക്കുന്നു എന്നൊക്കെ പറയാൻ തുടങ്ങി. മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ഇറങ്ങിയ മികച്ച സിനിമകളിൽ ഒന്നായിട്ടാണ് ഇപ്പോഴും ഞാൻ അതിനെ വിശ്വസിക്കുന്നത്. തീർച്ചയായും എന്റെ ഒരു ബെസ്റ്റ് ഫിലിം ആണ് മുംബൈ പൊലീസ്.

ആളുകൾ പിന്നെയാണ് തിരിച്ചറിയുന്നത് ആ ചിത്രമൊരു വലിയ കാൽവെപ്പാണെന്ന്. അതൊരു മികച്ച ചിത്രമാണെന്ന് പിന്നീടാണ് ആളുകൾ പറയാൻ തുടങ്ങിയത്. ആ ഒരു ക്ലൈമാക്സിലെ ഷോക്ക് വാല്യൂ പ്രേക്ഷകർക്ക്‌ നൽകിയത് പുതിയൊരു അനുഭവമായിരുന്നു. ആ ക്ലൈമാക്സ്‌ ട്വിസ്റ്റ് മാറ്റി നിർത്തുകയാണെങ്കിലും ആ ചിത്രത്തിന്റെ തിരകഥ ഒരു ബ്രില്ല്യൻന്റ് വർക്കാണ്.

അതിന്റെ വിജയം എന്ന് പറയുന്നത് ഒരിക്കലും മുംബൈ പോലീസ് തിയേറ്ററിൽ വിജയിക്കുന്നു എന്നതല്ല, മറിച്ച് ഇപ്പോഴും നമ്മൾ ഇവിടെ ഇരുന്ന് ആ സിനിമയെ കുറിച്ച് സംസാരിക്കുന്നു എന്നതാണ്,’ പൃഥ്വിരാജ് പറയുന്നു.

Content Highlight: Prithiviraj Talk About His Experience After Mumbai Police Release

We use cookies to give you the best possible experience. Learn more