ജയിലിലെ പൊലീസുകാർ തങ്ങളെ പീഡിപ്പിക്കുന്നതായി ആരോപിച്ച് തടവുകാർ സമരത്തിൽ
Kerala News
ജയിലിലെ പൊലീസുകാർ തങ്ങളെ പീഡിപ്പിക്കുന്നതായി ആരോപിച്ച് തടവുകാർ സമരത്തിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd April 2019, 9:24 pm

മധുരൈ: തങ്ങളെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് മധുരൈ സെൻട്രൽ ജയിലിലെ തടവുകാർ സമരത്തിൽ. പൊലീസുകാർ അനാവശ്യമായി റെയ്‌ഡുകളും പരിശോധനകളും നടത്തുന്നുവെന്ന് ആരോപിച്ചാണ് ജയിലിലെ അമ്പതോളം വരുന്ന റിമാൻഡ് തടവുകാർ സമരം നടത്തിയത്.

തങ്ങൾ നല്ല ഭക്ഷണവും മറ്റ് സൗകര്യങ്ങളും ആവശ്യപ്പെട്ടതിന് തങ്ങളോട് മനപ്പൂർവം പ്രതികാരം ചെയ്യുകയാണന്നാണ് തടവുകാർ പറയുന്നത്. സമരത്തിനിടയിൽ പൊലീസുകാർക്ക് നേരെ തടവുകാർ കല്ലുകൾ എറിയുകയും ചെയ്തു.

എന്നാൽ സാധാരണയായി ഇത്തരത്തിലുള്ള പരിശോധകൾ നടക്കാറുണ്ടെന്നാണ് ജയിൽ അധികൃതർ പറയുന്നത്. ‘സാധാരണയായി ജയിലിൽ നടക്കാറുള്ള പരിശോധകളും റെയ്‌ഡുകളും തന്നെയാണ് ഇപ്പോഴും നടക്കുന്നത്. എന്നാൽ 50 തടവുകാർ ഇതിനെതിരെ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്.

തങ്ങൾക്ക് നല്ല ഭക്ഷണവും താമസസൗകര്യവും അനുവദിക്കണം എന്നാണു അവർ ആവശ്യപ്പെടുന്നത്.’ ജയിലിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ എ.എൻ.ഐ വാർത്താ ഏജെൻസിയോട് പറഞ്ഞു.

തടവുകാരുടെ സമരം ആരംഭിച്ചതിന് ശേഷം നൂറിലധികം പൊലീസുകാരെ ജയിലിൽ സുരക്ഷാസംബന്ധമായി നിയോഗിച്ചിട്ടുണ്ട്. തടവുകാർ കല്ലുകൾ എറിയുകയും ജയിലിന്റെ മതിലിൽ വലിഞ്ഞ് കയറുകയും ചെയ്തപ്പോഴാണ് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് അധികൃതർ പൊലീസുകാരെ നിയോഗിച്ചത്.

തടവുകാരെ തടയാൻ ശ്രമിച്ചപ്പോൾ അവർ തങ്ങളുടെ ശരീരത്തിൽ ബ്ലേഡും കല്ലുകളും ഉപയോഗിച്ച് സ്വയം മുറിവേൽപ്പിച്ചുവെന്ന് പൊലീസുകാർ പറയുന്നു. സമത്തോടനുബന്ധിച്ച് ജയിലിലേക്കുള്ള വാഹന ഗതാഗതം പൊലീസ് നിർത്തിവെച്ചു.