| Saturday, 24th August 2024, 9:39 am

ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് എന്റെ സമരം: ജി.എൻ സായിബാബ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ചെയ്യാത്ത കുറ്റത്തിന് ഒരു ദശാബ്ദക്കാലം വെളിച്ചം കയറാത്ത ആണ്ട സെല്ലിൽ കഴിഞ്ഞ ജി.എൻ സായിബാബ മോചിതനായി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മഹാരാഷ്ട്ര പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത ദൽഹി സർവകലാശാലയിലെ മുൻ പ്രൊഫസറായ ഡോ.ജി.എൻ.സായിബാബയെ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് കുറ്റവിമുക്തനാക്കുകയായിരുന്നു.

ജസ്റ്റിസുമാരായ വിനയ് ജോഷി, വാൽമീകി എസ്.എ മെനേസസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അദ്ദേഹത്തിന്റെ ജീവപര്യന്തം തടവ് റദ്ദാക്കുകയും കേസിലെ മറ്റ് അഞ്ച് പ്രതികളെ വെറുതെ വിടുകയും ചെയ്തു.

പാർശ്വവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചതല്ലാതെ മറ്റൊരു തെറ്റും അദ്ദേഹം ചെയ്തിരുന്നില്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടായി താൻ ചെലവഴിച്ച ചെറിയ കോൺക്രീറ്റ് മുറിക്കുള്ളിലെ അനുഭവങ്ങൾ പ്രൊഫ സായിബാബ സിയാസറ്റ് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു. ജയിലിൽ ഒരു തടവുകാരനോട് അവർ ആദ്യം ചോദിക്കുക ജാതിയാണെന്നും അതിനനുസൃതമായേ തങ്ങളോട് പെരുമാറുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.

‘നിങ്ങൾ ജയിലിൽ പ്രവേശിക്കുമ്പോൾ, നിങ്ങളോട് ആദ്യം ചോദിക്കുന്നത് നിങ്ങളുടെ ജാതിയെക്കുറിച്ചാണ്. അതിനുശേഷം, ആ ജാതി ഐഡൻ്റിറ്റി നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് തീരുമാനിക്കും. ആരാണ് ഭക്ഷണം തയാറാക്കുക, ഭക്ഷണം വിളമ്പുക എല്ലാം ജാതിയെ അടിസ്ഥാനമാക്കിയാണ്. ജാതി അടിസ്ഥാനമാക്കിയാണ് ഒരു തടവുകാരൻ ജയിലിൽ ജോലികൾ നൽകുന്നത് പോലും ,’ അദ്ദേഹം പറഞ്ഞു.

തടവുകാരിൽ ഭൂരിഭാഗം പേരും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘തടവുകാരിൽ ഭൂരിഭാഗവും പാർശ്വവൽക്കരിക്കപ്പെട്ട, പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരായിരുന്നു. പ്രിവിലേജ്ഡ് വിഭാഗങ്ങളിൽ നിന്ന് വരുന്നവർ കുറ്റം ചെയ്യില്ലേ എന്ന് ഞാൻ അത്ഭുതപ്പെട്ടു. ഒരു തെറ്റും ചെയ്യാതെ വർഷങ്ങളായി ജയിലിൽ കഴിയുന്നവരാണ് ഭൂരിഭാഗം തടവുകാരും. തെറ്റ് ചെയ്തവരെ ശിക്ഷിക്കാനും മാനസാന്തരപ്പെടുത്താനുമാണ് ജയിലുകൾ എന്നാൽ ഇവിടെ സാധരണക്കാരായ ജനങ്ങളെ ക്രിമിനലുകൾ ആക്കി മാറ്റുകയാണ് ചെയ്യുന്നത്. ജയിലുകൾ ക്രിമിനലുകളുടെ റിക്രൂട്ട്‌മെൻ്റ് കേന്ദ്രങ്ങളായി മാറിയിരിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

മൃഗങ്ങളോട് പെരുമാറുന്നതിലും മോശമായാണ് അവർ ജയിലിലെ തടവുകാരെ കാണുന്നതെന്നും മനുഷ്യ ജീവന് ഒരു വിലയും അവർ കല്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വീൽ ചെയറിൽ ഇരിക്കുന്ന തനിക്ക് കോടതി നിർദേശിച്ച ആരോഗ്യ പരിരക്ഷ പോലും ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘എനിക്ക് ആരോഗ്യപരിരക്ഷ നൽകാനും എന്നെ ചികിത്സിക്കാൻ ഡോക്ടർമാരെയും നൽകണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ എനിക്ക് അത് നിഷേധിക്കപ്പെട്ടു. എനിക്ക് ജീവിക്കണമെങ്കിൽ എനിക്ക് ജീവിക്കാം, ഞാൻ മരിച്ചാൽ അവർക്കത് പ്രശ്നമല്ല ആണ്ട സെല്ലിൽ ഏകാന്ത തടവിൽ കഴിയുകയായിരുന്നെങ്കിലും എനിക്ക് രണ്ടുതവണ കൊവിഡ്-19 ബാധിച്ചു. പക്ഷേ അവർ എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല,’ അദ്ദേഹം പറഞ്ഞു.

പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനവിഭാഗത്തിന് വേണ്ടി സംസാരിച്ചതിനാണ് തന്നെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതെന്നും തന്റെ അമ്മയുടെ അന്ത്യകർമങ്ങൾ ചെയ്യാൻ പോലും അനുവദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിൽ ചില വിഭാഗങ്ങൾ മാത്രം അഭിവൃദ്ധിപ്പെടണമെന്ന് ചിന്തിക്കുന്നവരുണ്ടെന്നും സ്വാഭാവികമായും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രയത്നിക്കുന്നവർ ആക്രമിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ അതിൽ തളരില്ലെന്നും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് തന്റെ സമരം എന്ന അദ്ദേഹം കൂട്ടിച്ചേർത്തു . ജനങ്ങളുടെ മുന്നേറ്റം കൊണ്ട് മാത്രമാണ് സമൂഹം പ്രബുദ്ധമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദിവാസികൾക്ക് സമ്പൂർണ്ണ അവകാശമുള്ള പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കാൻ പുറത്തുനിന്നുള്ള ആരെയും സർക്കാർ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് മാസം മുമ്പ് അദ്ദേഹം മോചിതനായെങ്കിലും ജയിലിനുള്ളിൽ നിന്ന് ഉണ്ടായ വിവിധ രോഗങ്ങൾക്ക് ചികിത്സയിൽ തുടരുകയാണ്. ഞരമ്പുകൾ ദുർബലമായതിനാൽ ഇടതുകൈകൊണ്ട് ഒരു ജോലിയും ചെയ്യാൻ കഴിയില്ല. വൃക്ക സംബന്ധമായ അസുഖം, ഉദരസംബന്ധമായ അസുഖങ്ങൾ, ഹൃദയസംബന്ധമായ അസുഖം എന്നിവയും അദ്ദേഹത്തിന് ഉണ്ട്.

2017 മാർച്ചിൽ മഹാരാഷ്ട്ര സെഷൻസ് കോടതി സായിബാബയെയും മഹേഷ് ടിർക്കി, പാണ്ഡു നരോട്ടെ, ഹേം മിശ്ര, പ്രശാന്ത് റാഹി, വിജയ് ടിർക്കി എന്നിവരുൾപ്പെടെ മറ്റ് അഞ്ചുപേരെയും മാവോയിസ്റ്റ് ബന്ധവും രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ പ്രവർത്തനങ്ങൾ നടത്തിയെന്നും ആരോപിച്ച് ശിക്ഷിക്കുകയായിരുന്നു.

Content Highlight: Prisoners given tasks in jail based on caste: Prof GN Saibaba

We use cookies to give you the best possible experience. Learn more