ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരിന്റെ ഭരണപരാജയം മറച്ചുവെക്കാന്‍ ‘ലവ് ജിഹാദ്’ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍.
അടിസ്ഥാന സൗകര്യവികസനമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ ലവ് ജിഹാദിന് മുന്‍ഗണന നല്‍കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സര്‍ക്കാറിന് മാത്രമേ ലവ് ജിഹാദ് അവസാനിപ്പിക്കാന്‍ നിയമം കൊണ്ടുവരാന്‍ കഴിയുകയുള്ളൂവെന്നും നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു. മംഗളൂരുവിലെ ‘ബൂത്ത് വിജയ അഭിയാന്‍’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കട്ടീല്‍.
‘റോഡുകളും മലിനജലവും പോലുള്ള ചെറിയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യരുത്. കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കയുള്ളവരാണോ നിങ്ങള്‍? ലവ് ജിഹാദ് അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ബി.ജെ.പിയെ നമുക്ക് ആവശ്യമാണ്. ലവ് ജിഹാദില്‍ നിന്ന് നിങ്ങള്‍ക്ക് മുക്തി നേടാന്‍ ബി.ജെ.പിയെ കൊണ്ടേ കഴിയൂ,’ കട്ടീല്‍ പറഞ്ഞു.
അടുത്ത മൂന്ന് മാസം പാര്‍ട്ടിയുടെ കോര്‍പറേറ്റര്‍മാര്‍ മറ്റൊന്നും ചിന്തിക്കാതെ തങ്ങളുടെ വാര്‍ഡില്‍നിന്ന് പാര്‍ട്ടിക്ക് പരമാവധി വോട്ടുകള്‍ സമാഹരിക്കാന്‍ യത്‌നിക്കണം. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ലവ് ജിഹാദ് സജീവമാകുമെന്നും ഗോഹത്യ നിരോധന നിയമം, മതപരിവര്‍ത്തന നിയമം എന്നിവ പിന്‍വലിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘നവ കര്‍ണാടക’വേണോ അതോ ‘ഭീകരവാദികളുള്ള കര്‍ണാടക’വേണോ എന്നാണ് ജനം ആലോചിക്കേണ്ടതെന്നും നളിന്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
‘വളരെ മോശം സന്ദേശമാണിത്. വികസനത്തിന് പ്രാധാന്യം നല്‍കാതെ വിദ്വേഷം കുത്തിനിറച്ചുകൊണ്ട് രാജ്യത്തെ ജനങ്ങളെ വിഘടിപ്പിക്കുന്നതിന്റെ നേര്‍ക്കാഴ്ചയാണിത്.
ഞങ്ങള്‍ വികസനം, തൊഴിലവസരങ്ങള്‍, പട്ടിണി, വിലക്കയറ്റം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ അവര്‍ ജനങ്ങളുടെ വികാരം വെച്ച് കളിക്കുകയാണ്,’ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ പറഞ്ഞു.
അതേസമയം, കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്ന് മാസം ബാക്കി നില്‍ക്കെ വര്‍ഗീയതയും വിദ്വേഷവും തന്നെയാണ് പാര്‍ട്ടിയുടെ സംസ്ഥാനത്തെ പ്രചാരണ വിഷയമെന്നതിന്റെ സൂചന നല്‍കുകയാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ പ്രസംഗം.