ന്യൂദൽഹി: മാധ്യമസ്വാതന്ത്ര്യത്തിനും മാധ്യമപ്രവർത്തകരുടെ സുരക്ഷയ്ക്കും നരേന്ദ്ര മോദി സർക്കാർ മുൻഗണന നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് ഇൻ്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.പി.ഐ). പ്രധാനമന്ത്രി മോദിയുടെ ഭരണത്തിന് കീഴിൽ മാധ്യമ സ്വാതന്ത്ര്യം അധഃപതിച്ചതായി ഐ.പി.ഐ പറഞ്ഞു.
‘മാധ്യമ സ്വാതന്ത്ര്യത്തിനും മാധ്യമ പ്രവർത്തകരുടെ സുരക്ഷക്കും മുൻഗണന നൽകി യഥാർത്ഥ വിശ്വാസത്തോടും ഭരണഘടനയോടുള്ള കൂറും പുലർത്തിയുള്ള ഭരണം കാഴ്ച വെക്കാൻ പി.ടി.ഐ സർക്കാരിനോട് ആവശ്യപ്പെടുന്നു.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) (എ) സംസാരിക്കാനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഉറപ്പുനൽകുന്നു, അത് ചില പ്രത്യേക സാഹചര്യങ്ങളിൽ ചില മാനദണ്ഡങ്ങൾ വെച്ച് മാത്രമേ പരിമിതപ്പെടുത്താൻ കഴിയൂ. സ്വതന്ത്രവും ബഹുസ്വരവുമായ വാർത്തകൾ ജനാധിപത്യത്തിൻ്റെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്.
ജനാധിപത്യ രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം പ്രധാനമാണ്. എന്നാൽ മാധ്യമ സ്വാതന്ത്ര്യം തകർന്നു കൊണ്ടിരിക്കുകയാണ്. അവകാശ ലംഘനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. അവകാശങ്ങൾ സംരക്ഷിക്കുന്നതിന് കൃത്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ഐ.പി.ഐ ഇന്ന് മോദി സർക്കാരിനോട് ആഹ്വാനം ചെയ്യുന്നു,’ ഐ.പി.ഐ പറഞ്ഞു.
ഇന്ത്യയിൽ പത്രസ്വാതന്ത്ര്യം സംരക്ഷിക്കാൻ സ്വീകരിക്കേണ്ട നടപടികൾ ഒരു വർഷം മുമ്പ് ഐ.പി.ഐ വിശദീകരിച്ചിരുന്നുവെന്നും കഴിഞ്ഞ വർഷം ഈ പ്രധാന മേഖലകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി. അതിനാൽ, പത്രസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും സ്വതന്ത്രമായും സുരക്ഷിതമായും അവരുടെ ജോലി നിർവഹിക്കാനുള്ള മാധ്യമപ്രവർത്തകരുടെ കഴിവിനെ ഭീഷണിപ്പെടുത്തുന്നതുമായ സന്ദർഭങ്ങൾ ഒഴിവാക്കണമെന്നും ഐ.പി.ഐ കൂട്ടിച്ചേർത്തു.
യു.എ.പി.എ, ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) ആക്റ്റ് തുടങ്ങി നിരവധി നിയമങ്ങൾ ബി.ജെ.പി മാധ്യമങ്ങൾക്കെതിരെ പ്രയോഗിക്കുന്നുണ്ട്. വിമർശനാത്മക പത്രപ്രവർത്തകരെ, പ്രത്യേകിച്ച് ജമ്മു കാശ്മീരിലുള്ളവരെ ടാർഗെറ്റുചെയ്യാനും ശിക്ഷിക്കാനും അധികാരികൾ ഈ നിയമങ്ങൾ ഉപയോഗിക്കുന്നു. 2024 ഏപ്രിൽ വരെ പത്രപ്രവർത്തകർക്കെതിരെ ഫയൽ ചെയ്ത യു.എ.പി.എ കേസുകളിൽ ഗണ്യമായ ശതമാനവും ജമ്മു കശ്മീരിലെ മാധ്യമപ്രവർത്തകരെ ലക്ഷ്യം വെച്ചുള്ളതാണെന്നും ഐ.പി.ഐ പറയുന്നു.
മറ്റേതൊരു രാജ്യത്തെക്കാളും കൂടുതൽ തവണ ഇന്ത്യ ഇൻ്റർനെറ്റ് അടച്ചുപൂട്ടുന്നത് തുടരുകയാണ്. ഡിജിറ്റൽ റൈറ്റ്‌സ് ഗ്രൂപ്പ് ആക്‌സസ് നൗ, 2023-ൽ ഉണ്ടായ ഇൻ്റർനെറ്റ് ഷട്ട്‌ഡൗണുകളുടെ 116 സംഭവങ്ങളെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ വർഷവും ഇത് വർധിച്ചു വരികയാണ് ചെയ്യുന്നത്.
മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള അക്രമണങ്ങൾ പ്രോസിക്യൂട്ട് ചെയ്യുന്നതിലും രാജ്യം ഗുരുതര വീഴ്ച വരുത്തുന്നുണ്ടെന്നും ഐ.പി.ഐ പറഞ്ഞു. മാധ്യമപ്രവർത്തകർക്കെതിരായ എല്ലാ ആക്രമണങ്ങളിലും, പ്രത്യേകിച്ച് മാധ്യമപ്രവർത്തകരുടെ കൊലപാതകത്തിലും സമഗ്രവും സുതാര്യവും വിശ്വസനീയവുമായ അന്വേഷണങ്ങൾ ഇന്ത്യൻ അധികാരികൾ നടത്തണമെന്നും ഐ.പി.ഐ കൂട്ടിച്ചേർത്തു.
Content Highlight: Prioritise Media Freedom and Safety of Journalists: International Press Institute to Modi Govt