ന്യൂദല്‍ഹി: 2000 രൂപയുടെ നോട്ടുകളുടെ അച്ചടി നിര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഈ സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ ഒരു നോട്ടുപോലും അച്ചടിച്ചിട്ടില്ലെന്നാണ് മറുപടിയില്‍ പറയുന്നത്. എ.ടി.എമ്മുകളില്‍ നിന്നു പണം പിന്‍വലിക്കുമ്പോള്‍ രണ്ടായിരത്തിന്റെ നോട്ടുകള്‍ ലഭിക്കുന്നതില്‍ കുറവ് വന്നിട്ടുണ്ട്.
കള്ളപ്പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ അച്ചടി നിര്‍ത്തുന്നതെന്നാണ് കരുതുന്നത്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ ഒഴിവാക്കുന്നതിലൂടെ കള്ളപ്പണ ഇടപാടുകളും കുറയുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
നോട്ടുനിരോധനത്തേക്കാളും കള്ളപ്പണം തടയാന്‍ ഫലപ്രദമായ നടപടിയാണിതെന്നും വിലയിരുത്തലുണ്ട്. രണ്ടായിരം രൂപയുടെ നോട്ടുകള്‍ കള്ളക്കടത്തു പോലുള്ള കാര്യങ്ങള്‍ക്കു കാര്യമായി ഉപയോഗിക്കാറുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
ജനുവരിയില്‍ ആന്ധ്രപ്രദേശ്-തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്ന് ആറുകോടി രൂപയുടെ രണ്ടായിരം നോട്ടുകള്‍ പിടിച്ചതും അവര്‍ ചൂണ്ടിക്കാട്ടി.
2016-17 സാമ്പത്തിക വര്‍ഷം രണ്ടായിരത്തിന്റെ 3,542.991 മില്യണ്‍ നോട്ടുകള്‍ അച്ചടിച്ചതായാണ് രേഖകളില്‍ പറയുന്നത്. 2017-18 കാലയളവില്‍ അതു കുറഞ്ഞ് 111.507 മില്യണായി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 46.690 മില്യണ്‍ നോട്ടിലേക്കു ഗണ്യമായിക്കുറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
2018 മാര്‍ച്ച് അവസാനം 3,363 മില്യണ്‍ നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. 2019 സാമ്പത്തികവര്‍ഷത്തില്‍ ഇത് 3,291 മില്യണ്‍ നോട്ടായി കുറഞ്ഞു.
2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുനിരോധനം പ്രഖ്യാപിച്ചത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ച ശേഷമാണ് രണ്ടായിരത്തിന്റെ വരവ്.